തിരുവനന്തപുരം: കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് കേരളത്തില്‍ സമാന്തര ഭരണം സൃഷ്ടിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുകയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എ.വിജയരാഘവന്‍. തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാനത്ത് നടക്കുന്ന അന്വേഷണങ്ങള്‍ നിയമസഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് വഴിതിരിച്ചുവിടാനാണ് കേന്ദ്ര ഏജന്‍സികളുടെ ശ്രമം. അന്വേഷണ ഏജന്‍സികള്‍ തിരക്കഥ തയാറാക്കി ചോര്‍ത്തിനല്‍കുന്ന രീതി തുടരുകയാണ്. രാജ്യത്ത് നിലനില്‍ക്കുന്ന ഫെഡറല്‍ സംവിധാനം തകര്‍ക്കുകയാണ് കേന്ദ്ര സര്‍ക്കാരിന്റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്ര ഏജന്‍സികള്‍ രാഷ്ട്രീയ ആയുധമായി മാറിയാല്‍ രാജ്യവ്യാപകമായി തുറന്നുകാട്ടാന്‍ സിപിഎം മുന്നിട്ടിറങ്ങും. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടര്‍ക്ക് കാലാവധി ഒരു വര്‍ഷം കൂടി നീട്ടി നല്‍കിയത് ബിജെപിയുടെ ചട്ടുകമായി പ്രവര്‍ത്തിക്കുന്നതിന്റെ പാരിതോഷികമായാണ്.
കേന്ദ്ര സര്‍ക്കാര്‍ അന്വേഷണ ഏജന്‍സികളെ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്കായി ഉപയോഗിക്കുകയാണെന്ന് കോണ്‍ഗ്രസ് ദേശീയ നേതൃത്വം ആരോപിക്കുമ്പോഴും സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപിയുടെ നിലപാടിനൊപ്പമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എന്‍സിപി എല്‍ഡിഎഫിലെ ഒരു പ്രധാന ഘടകകക്ഷിയാണ്. അവര്‍ എല്‍ഡിഎഫുമായി നല്ല സൗഹൃദത്തിലാണ് മുന്നോട്ടുപോകുന്നത്. എന്‍സിപി നേതാക്കള്‍ ദേശീയ നേതൃത്വത്തെ കണ്ടത് സ്വാഭാവികമാണെന്നും മറ്റ് അര്‍ഥങ്ങള്‍ അതിനില്ലെന്നും എ.വിജയരാഘവന്‍ പറഞ്ഞു.