ജി. സുധാകരന്റെ അതൃപ്തി; പ്രതികരണവുമായി എം.എ. ബേബി, ആശങ്ക വേണ്ടെന്ന് പാർട്ടി

തിരുവനന്തപുരം: പാര്‍ട്ടി നേതൃത്വത്തിന്റെ അവഗണനയും പരിഹാസവും ചൂണ്ടിക്കാട്ടി പാര്‍ട്ടിയില്‍ തുടരാന്‍ ആഗ്രഹിക്കുന്നില്ലെന്ന ജി.സുധാകരന്റെ നിലപാടില്‍ പ്രതികരണവുമായി സിപിഎം ജനറല്‍ സെക്രട്ടറി എം.എ.ബേബി. അദ്ദേഹത്തിന് പരിഭവം ഉണ്ടെന്ന് സമ്മതിച്ച ബേബി, ജി.സുധാകരനില്‍നിന്ന് സിപിഎമ്മിനോ ഇടതുപക്ഷത്തിനോ പ്രയാസമുണ്ടാക്കുന്ന യാതൊന്നും ഉണ്ടാകില്ലെന്നും വ്യക്തമാക്കി.

കഴിഞ്ഞ ദിവസത്തെ സുധാകരന്റെ ഫെയ്സ്ബുക്ക് പോസ്റ്റ് ചില പ്രയോഗങ്ങളിലെ പരിഭവം പങ്കുവെച്ചതാണെന്നും ബേബി പറഞ്ഞു. സുധാകരനെ സിപിഎം നേതാക്കള്‍ ബന്ധപ്പെടുന്നുണ്ടെന്നും ബേബി കൂട്ടിച്ചേര്‍ത്തു.

‘ജി.സുധാകരനില്‍നിന്ന് സിപിഎമ്മിനോ ഇടതുപക്ഷത്തിനോ പ്രയാസമുണ്ടാക്കുന്ന യാതൊന്നും ഉണ്ടാകില്ല. ചില പ്രയോഗത്തിലൊക്കെയുള്ള അദ്ദേഹത്തിന്റെ പരിഭവം ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ പ്രതികരിച്ചതാണ്. അദ്ദേഹത്തെ ഞങ്ങളൊക്കെ ബന്ധപ്പെടുന്നുണ്ട്. ജി.സുധാകരന്റെ അനുഭവ സമ്പത്തും കഴിവും ഇടതുമുന്നണിക്ക് സഹായകരമായി അദ്ദേഹം ഉപയോഗിക്കുമെന്നാണ് പ്രതീക്ഷ’ ബേബി പ്രതികരിച്ചു.

സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍, ജില്ലാ സെക്രട്ടറി ആര്‍. നാസര്‍ എന്നിവരെ രൂക്ഷമായി വിമര്‍ശിച്ചായിരുന്നു സുധാകരന്റെ കഴിഞ്ഞ ദിവസത്തെ ഫെയ്സ്ബുക്ക് കുറിച്ച്.കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി മാനദണ്ഡപ്രകാരം മാറ്റിനിര്‍ത്തിയതില്‍ അദ്ദേഹം അതൃപ്തനായിരുന്നു. 75 വയസ്സായതോടെ 2022-ല്‍ പാര്‍ട്ടി സംസ്ഥാന കമ്മിറ്റിയില്‍നിന്ന് ഒഴിവാക്കി. ജില്ലാ കമ്മിറ്റി ഓഫീസിനു കീഴിലുള്ള ബ്രാഞ്ചിലാണ് ഇപ്പോള്‍ പ്രവര്‍ത്തനം. ഇത്തവണ മത്സരിക്കാന്‍ താത്പര്യമുണ്ടെന്ന് പരസ്യമായി അദ്ദേഹം പറഞ്ഞിരുന്നു.

കഴിഞ്ഞയാഴ്ച ചേര്‍ന്ന ജില്ലാ സെക്രട്ടേറിയറ്റില്‍ അദ്ദേഹത്തിന്റെ പേര് അമ്പലപ്പുഴ മണ്ഡലത്തില്‍ പരിഗണനയ്ക്കു വന്നിരുന്നു. എന്നാല്‍, മാനദണ്ഡപ്രകാരം മാറ്റിനിര്‍ത്തിയവരെക്കുറിച്ച് ചര്‍ച്ച വേണ്ടെന്ന് യോഗത്തില്‍ പങ്കെടുത്ത എം.വി. ഗോവിന്ദന്‍ പറഞ്ഞു. സുധാകരന്റെ കാര്യത്തില്‍ പരിഗണനയുണ്ടോയെന്ന ചോദ്യത്തിന് ഒരു പരിഗണനയുമില്ലെന്നായിരുന്നു മാധ്യമങ്ങളോട് ഗോവിന്ദന്റെ പ്രതികരണം. ഇതിന് പിന്നാലെയായിരുന്നു ഗോവിന്ദന്‍ പരിഹസിച്ചു എന്നടക്കം ചൂണ്ടിക്കാട്ടിയുള്ള സുധാകരന്റെ പോസ്റ്റ്.

CPM Polit Bureau member M.A. Baby has responded to the recent remarks made by senior leader G. Sudhakaran, who expressed his reluctance to continue in the party due to alleged neglect and mockery by the leadership. Acknowledging that Sudhakaran has certain grievances, Baby stated that the party is confident that Sudhakaran will never do anything that would cause difficulties for the CPM or the Left front.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News