ഭുവനേശ്വരന്റെ രക്തസാക്ഷിമണ്ഡപത്തിൽ കയറാൻ സുധാകരന് അവകാശമില്ലെന്ന് സിപിഎം; അനുവാദം വേണ്ടെന്ന് മറുപടി

ചാരുംമൂട്(ആലപ്പുഴ): ജി. ഭുവനേശ്വരന്റെ രക്തസാക്ഷി മണ്ഡപത്തിൽ കയറാൻ ജി. സുധാകരന് അവകാശമില്ലെന്ന് സി.പി.എം. ചാരുംമൂട് ഏരിയ സെക്രട്ടറി ബി. ബിനു. സഹോദരൻ ജി. ഭുവനേശ്വരന്റെ രക്തസാക്ഷിത്വത്തെ ആക്ഷേപിച്ചയാളാണ് ജി. സുധാകരൻ. കഴിഞ്ഞദിവസം കോൺഗ്രസുകാരെയും കൂട്ടി അദ്ദേഹം കരിമുളയ്ക്കലിലുള്ള ഭുവനേശ്വരന്റെ രക്തസാക്ഷിമണ്ഡപത്തിലെത്തി പുഷ്പാർച്ചന നടത്തിയതു തെറ്റാണെന്നും അദ്ദേഹം പറഞ്ഞു.

മാവേലിക്കര താലൂക്ക് കശുവണ്ടി തൊഴിലാളി കൗൺസിലി(സി.ഐ.ടി.യു.)ന്റെ കീഴിലുള്ള സ്ഥലമാണത്. അവിടെ സി.പി.എം. ചുനക്കര തെക്ക് ലോക്കൽ കമ്മിറ്റി ഓഫീസും ഭുവനേശ്വരൻ സ്മാരക ലൈബ്രറിയും പ്രവർത്തിക്കുന്നുണ്ട്. സുധാകരനു കയറാനത് ഐ.എൻ.ടി.യു.സി.യുടെ സ്ഥലമല്ല. കയറാൻ പാർട്ടിയുടെയോ സംഘടനയുടെയോ അനുമതി വാങ്ങണമായിരുന്നു.

മാവേലിക്കര മണ്ഡലത്തിലെ യു.ഡി.എഫ്. സ്ഥാനാർഥിയെ ജയിപ്പിക്കാൻ സുധാകരൻ നടത്തിയ ശ്രമത്തിന് ആളുകൾ പുല്ലുവിലയാണു നൽകിയത്. യു.ഡി.എഫ്. സ്ഥാനാർഥി തോറ്റതിന്റെ ജാള്യമാണു സുധാകരന്. അദ്ദേഹത്തിന്റെ കുടുംബവീടു നിൽക്കുന്ന വേടരപ്ലാവ് 100-ാം നമ്പർ ബൂത്തിൽ എൽ.ഡി.എഫ്. സ്ഥാനാർഥിക്ക് 128 വോട്ടിന്റെ ഭൂരിപക്ഷമുണ്ടെന്നും ബിനു പറഞ്ഞു.

ബുധനാഴ്ചയാണ് സഹോദരൻ ഭുവനേശ്വരന്റെ രക്തസാക്ഷിമണ്ഡപത്തിൽ ജി. സുധാകരനും കുടുംബവും പുഷ്പാർച്ചന നടത്തിയത്. സി.പി.എം. വിട്ടശേഷം ഭുവനേശ്വരന്റെ രക്തസാക്ഷിത്വത്തെ സുധാകരൻ തള്ളിപ്പറഞ്ഞതായി സി.പി.എം. ആരോപിച്ചിരുന്നു.

ഭുവനേശ്വരന്റെ രക്തസാക്ഷിമണ്ഡപത്തിൽ പുഷ്പാർച്ചന നടത്താൻ പാർട്ടിയുടെ അനുവാദം വാങ്ങേണ്ടതില്ലെന്ന് ജി. സുധാകരൻ. ‘ഭുവനേശ്വരന്റെ മൃതദേഹം അവിടെ എത്തിയതെങ്ങനെയെന്ന് ഏരിയ സെക്രട്ടറി അറിയണം. വീട്ടുവളപ്പിൽ സംസ്കരിക്കാനാണ് ആദ്യം തീരുമാനിച്ചത്. അന്നു മാവേലിക്കര എം.എൽ.എ.യായിരുന്ന എസ്. ഗോവിന്ദക്കുറുപ്പിന്റെ അഭ്യർഥനപ്രകാരം ഞാൻ വീട്ടുകാരെ നിർബന്ധിച്ചാണ് ഇപ്പോഴുള്ള സ്ഥലത്ത് സംസ്കരിച്ചത്. അവിടെ 17 ലക്ഷം രൂപ മുടക്കി ഞാൻ ലൈബ്രറി പണിതു. 15 ലക്ഷത്തിന്റെ പുസ്തകങ്ങൾ നൽകി. അധികം കളിച്ചാൽ കോടതിയിൽപ്പോയി രക്തസാക്ഷിമണ്ഡപത്തിന്റെ അവകാശം ഏറ്റെടുക്കും’- സുധാകരൻ പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News