കഞ്ചാവ് കേസിൽ CPM നേതാവിന്റെ മകനെ ആളുമാറി കസ്റ്റഡിയിലെടുത്തു; രണ്ട് പോലീസുകാർക്ക് സസ്‌പെൻഷൻ

കൊച്ചി: കഞ്ചാവ് കേസില്‍ ആളുമാറി കസ്റ്റഡിയിലെടുത്തതിന് പിന്നാലെ രണ്ട് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്‍ഷന്‍. സി.പി.എം. ധര്‍മടം ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയുടെ മകനെയാണ് പോലീസ് ആളുമാറി കസ്റ്റഡിയിലെടുത്തത്. കൊച്ചി ഏലൂര്‍ പോലീസ് സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥരായ ആയൂബ്, ജിജോ എന്നിവര്‍ക്കാണ് സസ്പെന്‍ഷന്‍ ലഭിച്ചത്.

കഞ്ചാവ് കേസിലെ കൂട്ടുപ്രതികളിലൊരാളായ യുവാവ് കൊച്ചിയില്‍ വരുന്നുണ്ടെന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഏലൂര്‍ പോലീസ് സ്റ്റേഷനിലെ മൂന്ന് ഉദ്യോഗസ്ഥര്‍ ഇവരെ പിടിക്കാൻ പോയത്. പിന്നാലെ ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയുടെ മകനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. എന്നാല്‍ താന്‍ നിരപരാധിയാണെന്ന് പറയുകയും യുവാവും പോലീസുമായി വാക്കുതര്‍ക്കമുണ്ടാവുകയും ചെയ്തു. തുടർന്ന് പോലീസ് യുവാവിനെ മര്‍ദിക്കുകയും ചെയ്തു. പിന്നീടാണ് ഇദ്ദേഹം ധര്‍മടം സൗത്ത് ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയുടെ മകനാണെന്ന വിവരം അറിയുന്നത്.

ഇദ്ദേഹം പരാതി കൊടുത്തതിന്റെ അടിസ്ഥാനത്തിലാണ് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്‍ഷന്‍ ലഭിച്ചത്. അതേസമയം, സംഭവത്തില്‍ വിശദമായ അന്വേഷണമുണ്ടാകുമെന്നാണ് ഉന്നത ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News