KeralaNews

ബംഗ്ലാദേശിനെ 137 റൺസിന് തകർത്തു; ആദ്യ ജയം സ്വന്തമാക്കി ഇംഗ്ലണ്ട്

ധരംശാല: ബംഗ്ലാദേശിനെ 137 റണ്‍സിന് തകര്‍ത്ത് 2023 ലോകകപ്പിലെ തങ്ങളുടെ ആദ്യ ജയം സ്വന്തമാക്കി നിലവിലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ട്. ഇംഗ്ലണ്ട് ഉയര്‍ത്തിയ 365 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ബംഗ്ലാദേശ് 48.2 ഓവറില്‍ 227 റണ്‍സിന് ഓള്‍ഔട്ടായി.

അര്‍ധ സെഞ്ചുറി നേടിയ ലിട്ടണ്‍ ദാസും മുഷ്ഫിഖുര്‍ റഹീമും മാത്രമാണ് കൂറ്റന്‍ വിജയലക്ഷ്യത്തിലേക്ക് ഒരു പൊരുതി നോക്കുകയെങ്കിലും ചെയ്തത്. 66 പന്തില്‍ നിന്ന് രണ്ട് സിക്‌സും ഏഴ് ഫോറുമടക്കം 76 റണ്‍സെടുത്ത ദാസാണ് ബംഗ്ലാദേശ് നിരയിലെ ടോപ് സ്‌കോറര്‍. 64 പന്തുകള്‍ നേരിട്ട മുഷ്ഫിഖുര്‍ നാല് ബൗണ്ടറിയടക്കം 51 റണ്‍സെടുത്തു.

തന്‍സിദ് ഹസന്‍ (1), നജ്മുള്‍ ഹുസൈന്‍ ഷാന്റോ (0), ക്യാപ്റ്റന്‍ ഷാക്കിബ് അല്‍ ഹസന്‍ (1), മെഹ്ദി ഹസന്‍ മിറാസ് (8) എന്നിവരെല്ലാം തീര്‍ത്തും പരാജയമായപ്പോള്‍ ഏഴാമനായി ബാറ്റിങ്ങിനിറങ്ങി 39 റണ്‍സെടുത്ത തൗഹിദ് ഹൃദോയ് ഭേദപ്പെട്ട പ്രകടനം നടത്തി. മഹെദി ഹസന്‍ (14), ഷോരിഫുള്‍ ഇസ്ലാം (12), ടസ്‌കിന്‍ അഹമ്മദ് (15) എന്നിവരാണ് പുറത്തായ മറ്റ് താരങ്ങള്‍.

43 റണ്‍സിന് നാല് വിക്കറ്റ് വീഴ്ത്തിയ റീസ് ടോപ്ലിയാണ് ബംഗ്ലാദേശിനെ തകര്‍ത്തത്. ക്രിസ് വോക്‌സ് രണ്ട് വിക്കറ്റെടുത്തു.നേരത്തേ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റുചെയ്ത ഇംഗ്ലണ്ട് 50 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 364 റണ്‍സെടുത്തു. സെഞ്ചുറി നേടിയ ഓപ്പണര്‍ ഡേവിഡ് മലാന്റെ പ്രകടനമികവിലാണ് ഇംഗ്ലണ്ട് മികച്ച സ്‌കോര്‍ പടുത്തുയര്‍ത്തിയത്.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ടിനായി തകര്‍പ്പന്‍ തുടക്കമാണ് ഓപ്പണര്‍മാരായ ജോണി ബെയര്‍സ്റ്റോയും ഡേവിഡ് മലാനും ചേര്‍ന്ന് നല്‍കിയത്. ആദ്യ വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 115 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്. മലാന് പുറമേ ബെയര്‍സ്റ്റോയും മികച്ച പ്രകടനം പുറത്തെടുത്തു. താരം 52 റണ്‍സെടുത്ത് പുറത്തായി. പിന്നാല വന്ന ജോ റൂട്ടിനെ കൂട്ടുപിടിച്ച് മലാന്‍ അടിച്ചുതകര്‍ത്തു. രണ്ടാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 151 റണ്‍സിന്റെ കൂട്ടുകെട്ടാണ് പടുത്തുയര്‍ത്തിയത്.

റൂട്ടിനെ സാക്ഷിയാക്കി മലാന്‍ സെഞ്ചുറി നേടി. മൂന്നക്കം കണ്ടശേഷം വെടിക്കെട്ട് ബാറ്റിങ് പുറത്തെടുത്ത മലാന്‍ 38-ാം ഓവറിലാണ് പുറത്തായത്. 107 പന്തുകളില്‍ നിന്ന് 16 ഫോറിന്റെയും അഞ്ച് സിക്സിന്റെയും സഹായത്തോടെ 140 റണ്‍സെടുത്താണ് താരം ക്രീസ് വിട്ടത്. മലാന്റെ ഏകദിനത്തിലെ ഏറ്റവും ഉയര്‍ന്ന സ്‌കോറാണിത്.

മലാന്‍ മടങ്ങിയ ശേഷം ഉത്തരവാദിത്വം ഒറ്റയ്ക്ക് ഏറ്റെടുത്ത റൂട്ട് അര്‍ധസെഞ്ചുറി നേടി. തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും അര്‍ധശതകം നേടാന്‍ താരത്തിന് സാധിച്ചു. മലാന് പകരം നായകന്‍ ബട്ലര്‍ ക്രീസിലെത്തിയെങ്കിലും താരം 10 പന്തില്‍ 20 റണ്‍സെടുത്ത് പുറത്തായി. പിന്നാലെ റൂട്ടും വീണു. 68 പന്തില്‍ 82 റണ്‍സെടുത്ത ശേഷമാണ് റൂട്ട് ക്രീസ് വിട്ടത്. പിന്നാലെ ഇംഗ്ലണ്ടിന്റെ സ്‌കോറിങ് വേഗം കുറഞ്ഞു. ഒരു ഘട്ടത്തില്‍ 400 വരെ കടക്കുമെന്ന് തോന്നിച്ച ഇംഗ്ലണ്ടിന് അവസാന ഓവറുകളില്‍ വേണ്ടത്ര റണ്‍സെടുക്കാനായില്ല.

ബംഗ്ലാദേശിനായി മെഹ്ദി ഹസ്സന്‍ നാലുവിക്കറ്റെടുത്തപ്പോള്‍ ഷൊറിഫുള്‍ ഇസ്ലാം മൂന്ന് വിക്കറ്റ് നേടി. ടസ്‌കിന്‍ അഹമ്മദ്, ഷാക്കിബ് അല്‍ ഹസ്സന്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതം സ്വന്തമാക്കി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker