കൊച്ചി: വിളക്കണക്കല്‍ സമരത്തിനിടെ സിപിഎം പ്രവര്‍ത്തകരുടെ മര്‍ദനമേറ്റ ട്വന്റി20 പ്രവര്‍ത്തകന്‍ കാവുങ്ങപ്പറമ്പ് പാറപ്പുറം കോളനിയില്‍ ചായാട്ടുഞാലില്‍ സി.കെ. ദീപു(37) മരിച്ചു. ശനിയാഴ്ചയാണ് ദീപുവിന് മര്‍ദനമേറ്റത്. വൈകുന്നേരം ഏഴു മുതല്‍ ഏഴേകാല്‍ വരെ ട്വന്റി 20 ഭരിക്കുന്ന വാര്‍ഡുകളിലെ എല്ലാ വീടുകളിലെയും ലൈറ്റുകള്‍ അണച്ചായിരുന്നു സമരം സംഘടിപ്പിച്ചത്.
രാത്രി എട്ടോടെയാണ് സിപിഎം പ്രവര്‍ത്തകരില്‍ നിന്നും ദീപുവിനു മര്‍ദനമേറ്റതെന്നാണ് ട്വന്റി 20 നേതൃത്വം പറയുന്നത്. ട്വന്റി 20 ഭരിക്കുന്ന ഐക്കരനാട്, മഴുവന്നൂര്‍, കുന്നത്തുനാട്, കിഴക്കമ്പലം പഞ്ചാത്തുകളില്‍ ആധുനിക എല്‍ഇഡി ലൈറ്റുകള്‍ സ്ഥാപിക്കുന്നത് കുന്നത്തുനാട് എംഎല്‍എ പി.വി. ശ്രീനിജന്റെ നേതൃത്വത്തില്‍ തടഞ്ഞുവെന്നായിരുന്നു ട്വന്റി 20 ആരോപിച്ചത്.
ഇതില്‍ പ്രതിഷേധിച്ചാണ് പഞ്ചായത്തുകളിലെ എല്ലാ വീടുകളിലെയും ലൈറ്റുകള്‍ അണച്ച് സമരം സംഘടിപ്പിക്കാന്‍ ട്വന്റി 20 നേതൃത്വം തീരുമാനിച്ചത്. അതേസമയം, കേസില്‍ നാല് സിപിഎം പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ബഷീര്‍, സൈനുദ്ദീന്‍, അബ്ദുറഹ്‌മാന്‍,അബ്ദുല്‍ അസീസ് എന്നിവരാണ് പിടിയിലായത്.