കണ്ണൂർ: താൻ മാത്രമല്ല, ബിജെപിയിലേക്ക് ഇനിയും കൂടുതൽ പേർ വരുമെന്ന് കോൺഗ്രസ് വിട്ട് ബിജെപിയിലെത്തിയ സി രഘുനാഥ്. വിവിധ പാർട്ടികളിൽനിന്നു നിരവധി ആളുകൾ ബിജെപിയിൽ വരും നാളുകളിൽ ചേരും. കെപിസിസി അധ്യക്ഷൻ കെ സുധാകരൻ ബിജെപിയിലേക്ക് വരുമോയെന്ന കാര്യം തനിക്കറിയില്ല. അദ്ദേഹം ഒരു പാർട്ടിയുടെ സംസ്ഥാന പ്രസിഡന്റാണ്. അക്കാര്യത്തിൽ താൻ പ്രതികരിക്കേണ്ട കാര്യമില്ലെന്നും സി രഘുനാഥ് പറഞ്ഞു.
കണ്ണൂർ ബിജെപി ജില്ലാ ഓഫീസായ മാരാർജി ഭവനിൽ നടത്തിയ വാർത്താസമ്മേളനത്തിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു സി രഘുനാഥ്. മുൻ ഡിസിസി ജനറൽ സെക്രട്ടറിയായിരുന്ന സി രഘുനാഥിനെ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനാണ് കേരളത്തിൽ നിന്നുള്ള അംഗമായി നോമിനേറ്റ് ചെയ്തത്.
ബിജെപിയിൽ ചേരുമോയെന്ന കാര്യം കെ സുധാകരൻ തന്നെയാണ് പറയേണ്ടത്. ദേശീയ പാർട്ടിയായ ബിജെപിയിലേക്ക് ആർക്കും വരാം. മതന്യൂനപക്ഷങ്ങൾ ഏറ്റവും കൂടുതൽ ചേരുന്ന പാർട്ടിയാണ് ബിജെപി. ഈ പാർട്ടിക്ക് ആരുമായും അകൽച്ചയില്ല. സുധാകരൻ വന്നാലും മുഖ്യമന്ത്രി പിണറായി വിജയൻ വന്നാലും മറ്റാരു ചേർന്നാലും സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
“ബിസിനസ് വളർത്താനാണ് താൻ ബിജെപിയിൽ ചേർന്നതെന്ന ആരോപണം തെറ്റാണ്. താൻ കോൺഗ്രസിൽ പ്രവർത്തിക്കുന്ന കാലത്തും പാർട്ടി പ്രവർത്തനവും ബിസിനസും കൂട്ടിക്കുഴച്ചിട്ടില്ല. ഞാൻ പ്രവർത്തിക്കുന്ന പ്രസ്ഥാനത്തിന് വേണ്ടി 16 മണിക്കൂർ വരെ പ്രവർത്തിച്ചിട്ടുണ്ട്. താൻ സുധാകരന്റെ ഇലക്ഷൻ ചീഫ് ഏജന്റായും തെരഞ്ഞെടുപ്പ് മുഖ്യ പ്രചാരകനായും പ്രവർത്തിച്ചിട്ടുണ്ട്. ധർമ്മടം മണ്ഡലത്തിലെ 160 ബുത്തുകളിലെ പ്രവർത്തകരെയും പേരെടുത്ത് വിളിക്കാനുള്ള പരിചയമുണ്ട്”.
ബൂത്ത് തലം മുതൽ പ്രവർത്തിച്ച ഒരാൾ എന്ന നിലയിൽ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തെ കുറിച്ചും നന്നായി അറിയാം. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ കെ സുധാകരന് ധർമ്മടം മണ്ഡലത്തിൽ 4300 വോട്ടിൻ്റെ കുറവുണ്ടായിരുന്നുള്ളൂ. തന്റെ ബന്ധുക്കളായ 35 കുടുംബങ്ങൾ തനിക്ക് ബിജെപിയിൽ ചേരാൻ പിന്തുണ നൽകുന്നുണ്ട്. വരും ദിവസങ്ങളിൽ കൂടുതൽ കോൺഗ്രസുകാർ പാർട്ടി വിടുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
Senior Kerala leader, Shri C Raghunath, and a popular film personality, Shri Major Ravi, joined the Bharatiya Janata Party.
— BJP (@BJP4India) December 25, 2023
Visuals of the BJP National President Shri @JPNadda offering a warm welcome to them in New Delhi. pic.twitter.com/YufLlJGq8t
തനിക്ക് ഇപ്പോൾ സംഘിക്കളസം തയ്പ്പിച്ചു തന്ന് സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുന്ന സിപിഎമ്മിന്റെ നേതാക്കൾ തങ്ങളുടെ സഹയാത്രികനാകാൻ ക്ഷണിച്ചു എന്റെ വീട്ടിൽ രാത്രിയിൽ വന്നിരുന്നു. താൻ വിസമ്മതിച്ചപ്പോൾ പിറ്റേന്ന് പുലർച്ചെ വീടിന്റെ ഗേയ്റ്റിനു മുൻപിൽ നേതാക്കൾ കാത്തുനിന്നു പാർട്ടിയിലേക്ക് വരണമെന്ന് അഭ്യർഥിച്ചു. ഇനി അഥവാ തങ്ങളുടെ കൂടെ വന്നില്ലെങ്കിലും ബിജെപിയിലേക്ക് പോകരുതെന്നായിരുന്നു അവരുടെ അഭ്യർഥന. എന്നാൽ സിപിഎമ്മിന്റെ ആശയങ്ങളുമായി ഒത്തുപോകാൻ കഴിയാത്തതിനാലാണ് അവരുടെ കൂടെ പോകാഞ്ഞത്. കൂടുതൽ നല്ലത് ബിജെപിയാണെന്നു തോന്നിയെന്നും അദ്ദേഹം പറഞ്ഞു.
ബിജെപിയിൽ താൻ ബൂത്തുതലത്തിലുള്ള സാധാരണ പ്രവർത്തകനായി പ്രവർത്തിക്കും. താൻ കോൺഗ്രസ് വിടരുതെന്ന് ആഗ്രഹിക്കുകയും പ്രാർഥിക്കുകയും ചെയ്ത പ്രവർത്തകരുണ്ട്. വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ കണ്ണൂരിൽനിന്നു മത്സരിക്കണോയെന്ന കാര്യം തീരുമാനിക്കേണ്ടത് പാർട്ടിയാണ്. പാർട്ടി തീരുമാനം അനുസരിക്കുകയാണ് താൻ ചെയ്യുക. യാതൊരു സ്ഥാനമാനങ്ങൾക്കും വേണ്ടി താൻ ഡിമാൻഡ് ചെയ്തിട്ടില്ല. ബിജെപിയിൽ ഒരു സാധാരണ പ്രവർത്തകനായി തുടരുമെന്നും സി രഘുനാഥ് പറഞ്ഞു. ബിജെപി ജില്ലാ പ്രസിഡന്റ് എൻ ഹരിദാസ്, കെ ദാമോദരൻ, കെകെ വിനോദ് തുടങ്ങിയവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.