‘പട്ടി ഷോ കഴിഞ്ഞെങ്കില്‍ പോകാം’; രമ്യ ഹരിദാസ് എം.പിക്കെതിരെ വധഭീഷണി മുഴക്കി സി.പി.എം പ്രവര്‍ത്തകര്‍

ആലത്തൂര്‍: സി.പി.എം പ്രവര്‍ത്തകര്‍ വധഭീഷണി മുഴക്കിയെന്ന് രമ്യ ഹരിദാസ് എംപി. സംഭവത്തില്‍ ആലത്തൂര്‍ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് ഉള്‍പ്പെടെ എട്ടു പേര്‍ക്കെതിരെ പോലീസ് കേസെടുത്തു.

ആലത്തൂര്‍ ടൗണില്‍ ഞായറാഴ്ച ഉച്ചയ്ക്കു ശേഷം 2.30ന് ആയിരുന്നു സംഭവം. ഓഫീസിലേക്ക് പോകുന്നവഴി റോഡില്‍ നിന്നിരുന്ന സ്ത്രീകളുമായി സംസാരിച്ച രമ്യ ഹരിദാസിനെ സിപിഎം പ്രവര്‍ത്തകര്‍ ചോദ്യം ചെയ്യുകയായിരുന്നു. ‘പട്ടി ഷോ’ കഴിഞ്ഞെങ്കില്‍ പോകണമെന്നായിരുന്നു ഇവരുടെ ഭീഷണി. തന്റെ മണ്ഡലത്തില്‍ ആളുകളുമായി താന്‍ സംസാരിക്കുമെന്ന് എംപി പ്രതികരിച്ചതോടെ വാക്ക് തര്‍ക്കമായി.

ഇതിനു പിന്നാലെ ആലത്തൂര്‍ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് നാസര്‍ ഉള്‍പ്പെടെ സി.പി.എം പ്രവര്‍ത്തകര്‍ സ്ഥലത്തെത്തിയെന്ന് രമ്യ ഹരിദാസ് പറയുന്നു. എം.പി എം.പിയുടെ പണി നോക്കിയാല്‍ മതിയെന്നും ഇത് തങ്ങളുടെ സ്ഥലമാണെന്നും കാലുകുത്തിയാല്‍ കാലുവെട്ടുമെന്നും ഇവര്‍ ഭീഷണിപ്പെടുത്തി. ഇതോടെ റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചതായി എം.പി പറഞ്ഞു. പോലീസ് എത്തിയാണ് രംഗം ശാന്തമാക്കിയത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News