വനിതാ നേതാവിനോട് അപമര്യാദയായി പെരുമാറി; സിപിഎം ഏരിയാ കമ്മിറ്റി അംഗത്തെ തരംതാഴ്ത്തി

കൊല്ലം : വനിതാ നേതാവിനോട് അപമര്യാദയായി പെരുമാറിയ ഏരിയാ കമ്മിറ്റി അംഗത്തിനെതിരെ നടപടി. ഏരിയാ കമ്മിറ്റി അംഗത്തെ തരംതാഴ്ത്തി. സിപിഎം കരുനാഗപ്പള്ളി ഏരിയാ കമ്മിറ്റി അംഗവും
കെഎസ്‌കെടിയു ഏരിയ സെക്രട്ടറിയുമായ ക്ലാപ്പന സുരേഷിനെതിരെയാണ് നടപടി സ്വീകരിച്ചത്.

ഘടക കക്ഷിയിലെ ഓച്ചിറ സ്വദേശിനിയായ വനിതാ നേതാവിനോട് ആയിരുന്നു സുരേഷ് മോശമായി പെരുമാറിയത്. തുടര്‍ന്ന് വനിതാ നേതാവ് സിപിഎം ജില്ലാ സെക്രട്ടറിയ്ക്ക് പരാതി നല്‍കുകയായിരുന്നു.
ഏരിയകമ്മിറ്റിയില്‍ നിന്നു സി പി എം ക്ലാപ്പന ഈസ്റ്റ് ലോക്കല്‍ കമ്മിറ്റിയിലേക്കാണ് തരംതാഴ്ത്തിയത്. പരാതി വിശദമായി അന്വേഷിക്കാനും ഏരിയകമ്മിറ്റി തീരുമാനിച്ചു.

സുരേഷ് മുന്‍പ്രധാനമന്ത്രിമാരെ മോശമായി ചിത്രീകരിച്ചും അശ്ലീല ഉപമങ്ങളിലൂടെ സ്ത്രീത്വത്തെ അപമാനിക്കുകയും ചെയ്തതായി വനിതാ നേതാവ് നല്‍കിയ പരാതിയില്‍ പറയുന്നു. ഇതുമായി ബന്ധപ്പെട്ട ഫോണ്‍ സംഭാഷണം വനിതാ നേതാവ് നേരത്തെ പുറത്തുവിട്ടിരുന്നു. ഇതോടെ പ്രവര്‍ത്തകര്‍ക്കിടയില്‍ വിഷയം വലിയ ചര്‍ച്ചയായി. എന്നാല്‍ പരാതിയുമായി വനിതാ നേതാവ് രംഗത്ത് വന്നതോടെ സുരേഷിനെതിരെ നടപടി വേണമെന്ന് മറ്റ് പ്രവര്‍ത്തകരും ആവശ്യപ്പെട്ടു. ഇതേ തുടര്‍ന്നാണ് സുരേഷിനെ തരം താഴ്ത്തിയത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News