പിതാവുമായുള്ള അടുപ്പം മുതലെടുത്ത് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; സി.പി.എം പ്രവര്‍ത്തകര്‍ അറസ്റ്റില്‍

തിരുവനന്തപുരം: കല്ലമ്പള്ളിയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവത്തില്‍ പഞ്ചായത്ത് അംഗം ഉള്‍പ്പെടെ രണ്ട് സിപിഎം പ്രവര്‍ത്തകര്‍ അറസ്റ്റില്‍. നാവായിക്കുളം പഞ്ചായത്ത് അംഗവും സിപിഎം മരുതിക്കുന്ന് ബ്രാഞ്ച് സെക്രട്ടറിയുമായ നാവായിക്കുളം മുല്ലനല്ലൂര്‍ പുത്തന്‍വീട്ടില്‍ സഫറുല്ല (44), സിപിഎം ബ്രാഞ്ച് അംഗം മുല്ലനല്ലൂര്‍ കാവുവിള പുത്തന്‍വീട്ടില്‍ സമീര്‍ (32) എന്നിവരെയാണ് പോലിസ് അറസ്റ്റ് ചെയ്തത്. ആറുമാസമായി ഇരുവരും പെണ്‍കുട്ടിയെ പീഡിപ്പിച്ച് വരികയായിരുന്നു.

സംഭവത്തില്‍ പെണ്‍കുട്ടി തന്നെയാണ് പീഡന വിവരം പുറത്തുപറഞ്ഞത്. കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. കുട്ടിയുടെ പിതാവുമായുള്ള അടുപ്പം മുതലെടുത്തതാണ് ഇവര്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചിരുന്നതെന്നാണ് റിപ്പോര്‍ട്ട്. കുട്ടിക്ക് മിഠായി അടക്കമുള്ള സമ്മാനങ്ങള്‍ നല്‍കി കുട്ടിയുമായി അടുപ്പം ഉണ്ടാക്കിയ ശേഷം സമീര്‍ ആണ് ആദ്യം കുട്ടിയെ പീഡിപ്പിച്ചത്. ശേഷം പീഡന ദൃശ്യങ്ങള്‍ ക്യാമറയില്‍ പകര്‍ത്തിയെന്ന് പറഞ്ഞു ഇയാള്‍ 13 കാരിയായ പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തുകയും പീഡനം തുടരുകയും ചെയ്തു.

ഇയാള്‍ പിന്നീട് സുഹൃത്തായ സഫറുല്ലയോടു വിവരം പറഞ്ഞു. പിന്നീട് പെണ്‍കുട്ടിക്ക് രണ്ടുപേരുടെയും ക്രൂരതയ്ക്ക് ഇരയാകേണ്ടി വന്നു. സംഭവം പുറത്തു പറയുമെന്നു ഭീഷണിപ്പെടുത്തിയാണ് സഫറുല്ല കുട്ടിയെ ഉപദ്രവിച്ചത്. ഇരുവരും ചേര്‍ന്ന് ആറു മാസമായി കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു എന്നു പൊലീസ് പറഞ്ഞു. കുട്ടിയുടെ പെരുമാറ്റത്തില്‍ അസ്വാഭാവികത തോന്നിയ വീട്ടുകാര്‍ പലതവണ ചോദിച്ചെങ്കിലും കുട്ടി ഒന്നും വിട്ടു പറഞ്ഞില്ല. ഇതോടെ വീട്ടുകാര്‍ ചൈല്‍ഡ് ലൈനില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് കുട്ടി പീഡനം വിവരം പുറത്ത് പറഞ്ഞത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News