KeralaNews

ഡി.വൈ.എഫ്.ഐക്കാരന്റെ വിവാദ വിവാഹം; വിശദീകരണവുമായി വീടുകള്‍ കയറി നേതാക്കള്‍

കോഴിക്കോട്: വിവാദ വിവാഹത്തില്‍ കോടഞ്ചേരിയിലെ ഡിവൈഎഫ്‌ഐ നേതാവും പാര്‍ട്ടി ലോക്കല്‍ കമ്മിറ്റി അംഗവുമായ ഷിജിനെതിരേയുള്ള നടപടിയില്‍നിന്നു പിന്തിരിഞ്ഞ് സിപിഎം. നിലവിലെ സാഹചര്യത്തില്‍ നടപടി എടുത്താല്‍ അതു ബൂമറാംഗ് ആകുമെന്ന വിലയിരുത്തലാണ് പാര്‍ട്ടി നടത്തിയിരിക്കുന്നത്. അതേസമയം, ഇതുമായി ബന്ധപ്പെട്ടു ജനങ്ങള്‍ക്കുണ്ടായ ആശങ്കകള്‍ പ്രദേശിക നേതൃത്വം വഴി പരിഹരിക്കാനും പാര്‍ട്ടി തീരുമാനിച്ചിട്ടുണ്ട്.

ക്രൈസ്തവ വിഭാഗത്തിനിടയില്‍നിന്നു ശക്തമായ പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തില്‍ വീടുകയറിയുള്ള വിശദീകരണവും നടത്താന്‍ പാര്‍ട്ടി ആലോചിക്കുന്നുണ്ട്. ക്രൈസ്തവ വിഭാഗത്തിലുള്ള പെണ്‍കുട്ടിയെ കടത്തിക്കൊണ്ടുപോയി ഡിവൈഎഫ്‌ഐ നേതാവ് ഷിജിന്‍ വിവാഹം കഴിച്ചതാണ് വിവാദമായി മാറിയത്.

പെണ്‍കുട്ടിയെ കാണാതായതോടെ വീട്ടുകാര്‍ ഫോണില്‍ വിളിച്ചപ്പോള്‍ ഷിജിന്‍ തന്നെ നിര്‍ബന്ധിച്ചുകൊണ്ടുപോവുകയാണെന്ന മട്ടിലാണ് പെണ്‍കുട്ടി മറുപടി നല്‍കിയത്. ഇതോടെ അങ്കലാപ്പിലായ വീട്ടുകാര്‍ നാട്ടുകാരെയും സംഘടനകളെയും വിവരം അറിയിച്ചു പോലീസ് സ്റ്റേഷന്‍ മാര്‍ച്ച് ഉള്‍പ്പെടെയുള്ള പ്രതിഷേധങ്ങളിലേക്കു തിരിയുകയായിരുന്നു.

വിഷയം ലൗ ജിഹാദെന്ന രീതിയില്‍ പ്രചരിക്കപ്പെട്ടതും മുന്‍ എംഎല്‍എ ജോര്‍ജ് എം. തോമസ് ഉള്‍പ്പെടെയുള്ളവര്‍ ഡിവൈഎഫ്‌ഐ നേതാവിനെതിരേ പരസ്യമായി രംഗത്തുവന്നതുമാണ് ആദ്യ ഘട്ടത്തില്‍ സിപിഎമ്മിനെ പ്രതിരോധത്തിലാക്കിയത്. എന്നാല്‍, പിന്നീട് മുന്‍ എംഎല്‍എയെ തിരുത്തി പാര്‍ട്ടി ജില്ലാ നേതൃത്വം രംഗത്തെത്തി. കോടഞ്ചേരിയില്‍ വിശദീകരണ യോഗവും സംഘടിപ്പിച്ചു.

വിശദീകരണ യോഗത്തില്‍ നേതാവിനെ ന്യായീകരിക്കുന്നതിനൊപ്പം തന്നെ പെണ്‍കുട്ടിയുടെ മാതാപിതാക്കളെ മുഷിപ്പിക്കാതിരിക്കാനും നേതാക്കള്‍ പ്രത്യേകം ശ്രദ്ധിച്ചു. പെണ്‍കുട്ടിയുടെ വീട്ടുകാരെ ഷിജിന്‍ വിവരമറിയിക്കണമായിരുന്നുവെന്നാണ് നേതാക്കള്‍ പ്രതികരിച്ചത്. പെണ്‍കുട്ടിയുടെ അനുവാദം ഇല്ലാതെയായിരുന്നു അവരെ കൊണ്ടുപോയിരുന്നതെങ്കില്‍, പെണ്‍കുട്ടിക്കും അവരുടെ കുടുംബത്തിനും ഒപ്പം തന്നെയാണ് പാര്‍ട്ടി നിലകൊള്ളുക. പെണ്‍കുട്ടിയുടെ അനുവാദമില്ലാതെയാണ് കൊണ്ടുപോയതെന്നാണ് ആദ്യമുണ്ടായ പ്രചാരണം.

എല്ലാം അടഞ്ഞ അധ്യായമാണെന്നും സംഘപരിവാര്‍ ഇക്കാര്യത്തില്‍ മുതലെടുപ്പ് നടത്താന്‍ ശ്രമിച്ചെന്നും സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി.മോഹനന്‍ പറഞ്ഞു. ‘മനസാ വാചാ കര്‍മണാ’ താനറിയാത്ത കാര്യത്തിന്റെ സംഘാടനം താനാണെന്ന രീതിയില്‍ പ്രചാരണമുണ്ടായെന്ന് വിശദീകരണ യോഗത്തില്‍ മുന്‍ എംഎല്‍എ ജോര്‍ജ് എം. തോമസ് പറഞ്ഞു.

വിഷയത്തില്‍ തന്റെ വിശദീകരണത്തില്‍ ചില പിഴവുകളുണ്ടായിട്ടുണ്ടെന്ന് ഏറ്റുപറഞ്ഞ ജോര്‍ജ് എം. തോമസ്, നാവിന്റെ പിഴവ് മനസിന്റെ കുറ്റമല്ലെന്നും തെറ്റ് പറ്റിയതാണെന്നും പറഞ്ഞു. എന്നാല്‍, ജോര്‍ജ് എം തോമസിന് നയവ്യതിയാനം ഉണ്ടായെന്നും അക്കാര്യം അദ്ദേഹം അറിയിച്ചപ്പോള്‍ പാര്‍ട്ടി ജില്ലാ സെക്രട്ടേറിയറ്റ് കൂടിയാലോചിച്ചു പാര്‍ട്ടിയുടെ നയം വ്യക്തമാക്കുകയാണ് ഉണ്ടായതെന്നും ജില്ലാ സെക്രട്ടറി പറഞ്ഞു.

ഇക്കാര്യത്തില്‍ ഇനി മറ്റ് പ്രശ്‌നങ്ങള്‍ ഉണ്ടാകില്ല. ലൗ ജിഹാദ് ആര്‍എസ്എസ് അജന്‍ഡയാണെന്നു പാര്‍ട്ടി വ്യക്തമാക്കുന്നുവെന്നും മോഹനന്‍ ആവര്‍ത്തിച്ചു. ഇതിനിടെ, പെണ്‍കുട്ടിയില്‍നിന്നു ഷിജിന്‍ പണം ഉള്‍പ്പെടെ വാങ്ങിയെടുത്തെന്ന ആരോപണവുമായി പെണ്‍കുട്ടിയുടെ പിതാവ് രംഗത്തെത്തിയിട്ടുണ്ട്. ട്രാപ്പിലാക്കിയാണ് കൊണ്ടുപോയതെന്നാണ് വീട്ടുകാരുടെ ആരോപണം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button