KeralaNews

സമരപ്പന്തലായി വീടുകള്‍, കേന്ദ്രത്തിനെതിരെ സി.പി.എം പ്രതിഷേധം ഇരമ്പി,കണ്ണി ചേര്‍ന്ന് ആയിരങ്ങള്‍

തിരുവനന്തപുരം: രാജ്യത്തെ ജനാധിപത്യ വ്യവസ്ഥയെ തന്നെ അട്ടിമറിക്കാൻ കേന്ദ്ര സർക്കാർ ശ്രമിക്കുന്നുവെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രൻ പിള്ള. കൊവിഡ് 19 ന്റെ മറവിൽ പൊതുമേഖലയെ കേന്ദ്രം വിറ്റുതുലയ്ക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര നയങ്ങൾക്കെതിരെ സിപിഎമ്മിന്റെ പ്രതിഷേധ സത്യഗ്രത്തിൽ എകെജി സെന്ററിൽ നിന്നും പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആദായനികുതിദായകരല്ലാത്ത എല്ലാ കുടുംബങ്ങൾക്കും ആറ് മാസത്തേക്ക് മാസം 7,500 രൂപവീതം അക്കൗണ്ടിൽ നിക്ഷേപിക്കുക, ആവശ്യക്കാർക്ക് 10 കിലോ ഭക്ഷ്യധാന്യം ആറുമാസത്തേക്ക് നൽകുക, തൊഴിലുറപ്പ് പദ്ധതിപ്രകാരമുള്ള 200 ദിവസത്തെ ജോലി വർധിപ്പിച്ച വേതനത്തിന്റെ അടിസ്ഥാനത്തിൽ നൽകുക, പൊതുമേഖലാ സ്ഥാപനങ്ങളുടെ സ്വകാര്യവൽക്കരണം ഉപേക്ഷിക്കുക, തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സത്യഗ്രഹം സംഘടിപ്പിച്ചത്.

വൈകുന്നേരം നാല് മണി മുതൽ നാലര വരെ നീണ്ടു നിന്ന സത്യഗ്രഹത്തിൽ സംസ്ഥാന വ്യാപകമായി ആയിരക്കണക്കിന് പ്രവര്‍ത്തകര്‍ അണിനിരന്നു. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ കുടുംബസമേതം തിരുവനന്തപുരം മരുതംകുഴിയിലെ വീട്ടിൽ സത്യഗ്രഹമിരുന്നു.

പൊളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രൻപിള്ളയും കേന്ദ്ര കമ്മിറ്റിയംഗം എം വി ഗോവിന്ദനും എ കെ ജി സെന്ററിൽ സത്യഗ്രഹത്തിൽ പങ്കെടുത്തു. എൽഡിഎഫ് കൺവീനർ എ വിജയരാഘവൻ തൃശ്ശൂർ കാനാട്ടുകരയിലെ വീട്ടിൽ കുടുംബസമേതം പ്രതിഷേധത്തിൽ അണിചേർന്നു. പാർട്ടി പ്രവർത്തകരും അനുഭാവികളും വീടുകളിലും പാർട്ടി ഓഫീസുകളിലും സമരത്തിന്റെ ഭാഗമായി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button