തിരുവനന്തപുരം: നാലു മന്ത്രിസ്ഥാനത്തില്‍ കുറഞ്ഞുള്ള നിലപാട് സ്വീകരിക്കേണ്ടെന്ന് സി.പി.ഐ നേതൃതലത്തില്‍ ധാരണയായതായി സൂചന. സി.പി.എമ്മുമായി നടത്തുന്ന ഉഭയകകക്ഷി ചര്‍ച്ചയില്‍ ഈ നിലപാടായിരിക്കും പാര്‍ട്ടി സ്വീകരിക്കുകയെന്നാണ് വിവരം. സിപിഎം മന്ത്രിമാരുടെ എണ്ണം കുറയ്ക്കുന്നുണ്ടെങ്കില്‍ ചീഫ് വിപ്പ് സ്ഥാനം സിപിഐ വിട്ടുനല്‍കും. നാല് മന്ത്രിമാര്‍, ഡെപ്യൂട്ടി സ്പീക്കര്‍, ചീഫ്വിപ്പ് എന്നീ സ്ഥാനങ്ങളാണ് ഒന്നാം പിണറായി സര്‍ക്കാരില്‍ സി.പി.ഐ.ക്കുണ്ടായിരുന്നത്.
മന്ത്രിസഭ രൂപവത്കരണം സംബന്ധിച്ച ഉഭയകക്ഷി ചര്‍ച്ച വ്യാഴാഴ്ച തുടങ്ങും. സിപിഐയുമായി ധാരണയുണ്ടാക്കിയ ശേഷമായിരിക്കുമിത്. ഈ ചര്‍ച്ചയിലെ ധാരണയാണ് സിപിഐ സംസ്ഥാന എക്‌സിക്യൂട്ടീവ് പരിശോധിക്കുക. ഒന്നാം പിണറായി സര്‍ക്കാരില്‍ മുഖ്യമന്ത്രിയടക്കം 12 മന്ത്രിമാരും സ്പീക്കറുമായിരുന്നു തുടക്കത്തില്‍ സിപിഎമ്മിനുണ്ടായിരുന്നത്. സിപിഐക്ക് നാല് മന്ത്രിമാരും ഡെപ്യൂട്ടി സ്പീക്കറും.
ഇ.പി.ജയരാജന്‍ രാജിവെച്ചപ്പോള്‍ പകരം എം.എം.മണി മന്ത്രിയായി. മണിയെ നിലനിര്‍ത്തികൊണ്ട് ജയരാജന്‍ വീണ്ടും മന്ത്രിസഭയിലേക്ക് വന്നപ്പോഴാണ് സിപിഎം മന്ത്രിമാരുടെ എണ്ണം 13 ആയത്. ഇതിന് പകരം സിപിഐയ്ക്ക് നല്‍കിയ സ്ഥാനമാണ് ചീഫ് വിപ്പ്.