കോട്ടയം : കേരള കോൺഗ്രസിനുവേണ്ടി കാഞ്ഞിരപ്പളളി, ഇരിക്കൂർ സീറ്റുകൾ ഒഴിഞ്ഞുകൊടുക്കണമെന്ന് സി.പി.ഐക്ക് സി.പി.എം നിർദ്ദേശം. ഭരണത്തുടർച്ച മാത്രം മുന്നിൽ കണ്ടു നീങ്ങണമെന്നും ഇല്ലെങ്കിൽ കൂട്ടതകർച്ചയാവും ഫലമെന്നും ചൂണ്ടിക്കാട്ടിയാണ് സി.പി.എമ്മിന്റെ നിർദ്ദേശം.
മധ്യ തിരുവിതാംകൂറിൽ മുന്നേറ്റമുണ്ടാക്കാൻ ജോസ് കെ. മാണിയുടെ സാന്നിധ്യം ഗുണം ചെയ്യുമെന്ന വിലയിരുത്തലിൽ കാഞ്ഞിരപ്പള്ളിയിൽ സി.പി.ഐ ബലംപിടിക്കരുതെന്നും സി.പി.എം നിർദ്ദേശിച്ചിരിക്കുകയാണ്.
കാഞ്ഞിരപ്പള്ളിക്ക് പകരം ചങ്ങനാശ്ശേരി ചോദിച്ച സി.പി.ഐയോട് അക്കാര്യത്തിൽ പിന്നെ ചർച്ചയാവാമെന്നും കേരള കോൺഗ്രസിന്റെ പരമ്പരാഗതസീറ്റുകൾ അവർക്ക് തന്നെ നല്കണമെന്നും സി.പി.എം ശഠിച്ചിരിക്കുകയാണ്. ഇതു കൂടാതെ വടക്കൻ കേരളത്തിൽ കേരളകോൺഗ്രസിനായി ഇരിക്കൂർ വിട്ടു നല്കാനും സി.പി.ഐയോടാവശ്യപ്പെട്ടിരിക്കുകയാണ് സി.പി.എം.
സി.പി.ഐക്ക് തീരെ വിജയസാധ്യതയില്ലാത ഏറനാട്, തിരൂരങ്ങാടി മണ്ഡലങ്ങളിൽ ഒരെണ്ണം വിട്ടുകൊടുക്കാമെന്ന് സി.പി.എം അറിയിച്ചെങ്കിലും അതിൽ മത്സരിക്കുന്ന കാര്യത്തിൽ സി.പി.ഐക്ക് അർധസമ്മതമാണുള്ളത്.
നിലവിൽ കാഞ്ഞങ്ങാട്, നാദാപുരം, പട്ടാമ്പി, ഒല്ലൂർ, തൃശൂർ, നാട്ടിക, കയ്പമംഗലം, കൊടുങ്ങല്ലൂർ, മൂവാറ്റുപുഴ, വൈക്കം, ചേർത്തല, അടൂർ, കരുനാഗപ്പള്ളി, പുനലൂർ, ചടയമംഗലം, ചാത്തന്നൂർ, ചിറയൻകീഴ്, നെടുമങ്ങാട്, പീരുമേട് എന്നിവിടങ്ങളിലാണ് സി.പി.ഐ വിജയിച്ചിട്ടുള്ളത്. ഈ സീറ്റുകൾ അതേപടി നിലനിർത്താൻ കൂടികഴിയുമോയെന്നാണ് സി.പി.ഐയുടെ ഭയം നാട്ടിക, നെടുമങ്ങാട് മണ്ഡലങ്ങളിൽ സി.പി.എം കണ്ണുവെച്ചിരിക്കുന്ന സാഹചര്യവുമുണ്ട്. ഈ സാഹചര്യത്തിൽ കൂടുതൽ സീറ്റുകൾ വിട്ടുനല്‌കേണ്ടി വരുമോയെന്ന ചിന്തയും സി.പി.ഐക്കുണ്ട്.
ഇടതുമുന്നണിയിൽ കേരളകോൺഗ്രസിന്റെ വരവ് തങ്ങൾക്ക് കൂടുതൽ നഷ്ടമുണ്ടാക്കുമെന്ന തിരിച്ചറിവ് സി.പി.ഐ ക്ക് നേരത്തെയുണ്ടായിരുന്നെങ്കിലും സി.പി.എമ്മിന്റെ അപ്രമാദിത്വത്തിനുമുന്നിൽ തങ്ങളുടെ സീറ്റുകൾ നഷ്ടമാകുമെന്ന കണക്കുകൂട്ടൽ സി.പിഐക്കുണ്ടായിരുന്നില്ല.
ഇരിക്കൂറിലും കാഞ്ഞിരപ്പള്ളിയിലും വൻ ഭൂരിപക്ഷത്തിനാണ് കേരളകോൺഗ്രസ് പലപ്പോഴും വിജയിച്ചിട്ടുള്ളതെന്നതിനാൽ സി.പി.ഐയുടെ എതിർ ശബ്ദത്തിന് സി.പി.എം വിലകല്പിക്കുന്നേയില്ലെന്നാണ് വാസ്തവം. സി.പി.ഐയുടെ പരമ്പരാഗത സീറ്റുകൾ തങ്ങൾക്കുകൂടി അവകാശപ്പെട്ടതാണെന്നും ആ നിലക്ക് കൂടുതൽ സീറ്റുകളിൽ വിജയസാധ്യത മാത്രമാണ് പോംവഴിയെന്നും സി.പി.എം സി.പി.ഐയോട് നിർദ്ദേശിച്ചിരിക്കുന്നതിനാൽ മുന്നണിക്കകത്ത് കൂടുതൽ സംഘർഷത്തിലായിരിക്കുകയാണ് സി.പി.ഐ.
അതേസമയം, കൂടുതൽ സീറ്റുകളിൽ സി.പി.എം അവകാശമുന്നയിച്ചാൽ തരിമ്പും വിട്ടുകൊടുക്കാതെ വിലപേശാനാണ് സി.പി.ഐയിൽ ഒരു വിഭാഗം കൂടുതൽ ശക്തമായി ആവശ്യപ്പെട്ടിരിക്കുന്നത്. സി.പി.ഐയുടെ പരമ്പരാഗത സീറ്റുകളിൽ തങ്ങളുടെ സ്വാധീനവലയമുണ്ടാക്കി സീറ്റുകളിൽ അവകാശവാദമുന്നയിക്കാനുള്ള സി.പി.എം നീക്കം ഏറെ ആശങ്കയോടെയാണ് സി.പിഐ കാണുന്നത്.
അതേസമയം, സി.പി.എം നീക്കത്തിനെതിരെ മുറുമുറുപ്പുണ്ടെങ്കിലും മുന്നണിയിൽ പ്രശ്‌നമുണ്ടാക്കുന്ന തരത്തിലുള്ള പെരുമാറ്റം തല്ക്കാലം വേണ്ടെന്ന നിലപാടിലാണ് സംസ്ഥാനസെക്രട്ടറി കാനം രാജേന്ദ്രനടക്കമുള്ള നേതാക്കളുള്ളത്.
സി.പി.എം അതിരുവിടുമ്പോൾ, മുന്നണിയിൽ തിരുത്തൽവാദസമീപനവുമായി തുടരേണ്ട സാഹചര്യമില്ലെന്ന് വാദിക്കുന്ന മറുവിഭാഗത്തിനാകട്ടെ കാനത്തിന്റെയും മറ്റുള്ളവരുടേയും എല്ലാസമരസപ്പെട്ടുള്ള പോക്കിൽ കടുത്ത നീരസമാണുള്ളത്. മുൻ മന്ത്രി സി. ദിവാകരനെ മുൻ നിർത്തി കടുത്തഭാഷയിൽ ഈ വിഭാഗം സമാന്തരനീക്കം പാർട്ടിയിലാരംഭിച്ചിട്ടുണ്ട്.
തിരഞ്ഞെടുപ്പ് വേളയിൽ തന്നെ പ്രതിഷേധമുയർത്തി മുന്നണി മര്യാദലംഘിക്കാനുള്ള നീക്കത്തിനെതിരെ കടുത്ത നടപടികൾ സ്വീകരിക്കാനുള്ള നീക്കം ഈ വിഭാഗം നടത്തുന്നുണ്ട്. മൂന്നുവട്ടം മത്സരിച്ചവരെ മത്സരിപ്പിക്കേണ്ടെന്ന കാനത്തിന്റെ പ്രസ്താവനക്കും നീക്കത്തിനു പിന്നിൽ സി.പി.എമ്മിനെ മയപ്പെടുത്താനുള്ള നീക്കമാണ് നടക്കുന്നതെന്ന് ഈ വിഭാഗം വാദിക്കുന്നു.