പി. പ്രസാദ്, കെ. രാജന്‍, ജി.ആര്‍ അനില്‍, ചിഞ്ചു റാണി; സി.പി.ഐയ്ക്ക് മന്ത്രിമാരായി

തിരുവനന്തപുരം: രണ്ടാം പിണറായി മന്ത്രിസഭയിലേക്ക് സി.പി.ഐയില്‍ നിന്നുള്ള നാല് മന്ത്രിമാരെ തെരഞ്ഞെടുത്തു. പി. പ്രസാദ്, കെ. രാജന്‍, ജി.ആര്‍ അനില്‍, ചിഞ്ചു റാണി എന്നിവരെ സംസ്ഥാന കൗണ്‍സില്‍ തെരഞ്ഞെടുത്തു.

ചേര്‍ത്തലയില്‍ നിന്നു തെരഞ്ഞെടുക്കപ്പെട്ട പി. പ്രസാദ് സിപിഐയുടെ സജീവ പ്രവര്‍ത്തകനും പരിസ്ഥിതി പ്രക്ഷോഭങ്ങളില്‍ സജീവമായി ഇടപെടുന്ന പ്രവര്‍ത്തകനുമാണ്.

കഴിഞ്ഞ തവണ ഒല്ലൂരില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട കെ രാജന്‍ മന്ത്രിസഭയുടെ അവസാന നാളുകളില്‍ സംസ്ഥാനത്ത് ക്യാബിനറ്റ് റാങ്കോടുകൂടി ചീഫ് വിപ്പായി പ്രവര്‍ത്തിച്ചിട്ടുണ്ട്. കെ.രാജന്‍ ഇത്തവണയും ഒല്ലൂരില്‍ നിന്നാണ് വിജയിച്ചത്.

കൊല്ലം ജില്ലയിലെ ചടയമംഗലം നിയമസഭാ മണ്ഡലത്തില്‍ നിന്നാണ് ജെ.ചിഞ്ചുറാണി മന്ത്രിസ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. മഹിളാ സംഘത്തിന്റെ നേതാവായി ദീര്‍ഘകാലമായി പ്രവര്‍ത്തിക്കുന്ന ചിഞ്ചുറാണി സിപിഐയുടെ ദേശീയ കൗണ്‍സിസല്‍ അംഗം കൂടിയാണ്. തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട് നിന്നുമാണ് ജിആര്‍ അനില്‍ മന്ത്രിസ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്.

കേരളാ കോണ്‍ഗ്രസ്-എമ്മില്‍ നിന്ന് പാര്‍ലമെന്ററി പാര്‍ട്ടി ലീഡറായ റോഷി അഗസ്റ്റിന്‍ മന്ത്രിയാകും. ചീഫ് വിപ്പായി ഡെപ്യൂട്ടി ലീഡറായ ഡോ. എന്‍. ജയരാജിനെയും തീരുമാനിച്ചു. പാര്‍ട്ടി തീരുമാനം അറിയിച്ച് ചെയര്‍മാന്‍ ജോസ് കെ. മാണി മുഖ്യമന്ത്രിക്ക് കത്ത് നല്‍കി. രണ്ട് മന്ത്രിസ്ഥാനത്തിന് വേണ്ടി എല്‍ഡിഎഫില്‍ കേരളാ കോണ്‍ഗ്രസ്-എം ആദ്യാവസാനം നിലപാടെടുത്തിരുന്നെങ്കിലും സിപിഎം വഴങ്ങിയിരുന്നില്ല.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News