തിരുവനന്തപുരം: സി.പി.ഐ നേതാവ് ബിനോയ് വിശ്വത്തിന് കൊവിഡ് സ്ഥിരീകരിച്ചു. ഫേസ്ബുക്കിലൂടെ അദ്ദേഹം തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ബിനോയ് വിശ്വത്തെ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. അടുത്ത ദിവസങ്ങളില്‍ താനുമായി ഇടപഴകിയവരെല്ലാം ടെസ്റ്റിന് വിധേയരാകണമെന്ന് ബിനോയ് വിശ്വം എംപി ആവശ്യപ്പെട്ടു.
ഇടതുമുന്നണിയുടെ തെക്കന്‍ മേഖല വികസന മുന്നേറ്റ ജാഥയുടെ ക്യാപ്റ്റനായിരുന്നു ബിനോയ് വിശ്വം. ഇന്നലെ വൈകീട്ടാണ് ജാഥ തിരുവനന്തപുരത്ത് സമാപിച്ചത്. സമാപന ജാഥ മുഖ്യമന്ത്രി പിണറായി വിജയനാണ് ഉദ്ഘാടനം ചെയ്തത്. സമാപന സമ്മേളനത്തില്‍ സിപിഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറി ജി ആര്‍ അനില്‍, കേരള കോണ്‍ഗ്രസ് നേതാവ് ജോസ് കെ മാണി തുടങ്ങിയവര്‍ പങ്കെടുത്തിരുന്നു.
അഞ്ചുവര്‍ഷത്തെ ഭരണനേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞാണ് എല്‍ഡിഎഫ് നേതാക്കള്‍ ജാഥ നയിച്ചത്. സിപിഐ ദേശീയ സെക്രട്ടറിയറ്റംഗം ബിനോയ് വിശ്വം എംപി നയിച്ച തെക്കന്‍ മേഖലാ ജാഥയുടെ സമാപനയോഗം പുത്തരിക്കണ്ടത്തെ നായനാര്‍ പാര്‍ക്കില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു.
സിപിഐ എം സംസ്ഥാന സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന എ വിജയരാഘവന്‍ നയിച്ച വടക്കന്‍ മേഖലാജാഥ തൃശൂരില്‍ തേക്കിന്‍കാട് മൈതാനത്ത് സമാപിച്ചു. സമ്മേളനം സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം എസ് രാമചന്ദ്രന്‍പിള്ള ഉദ്ഘാടനം ചെയ്തു. സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ സംസാരിച്ചു.