KeralaNewsPolitics

പ്രതിരോധം സമുദായത്തിനുള്ളിൽ നിന്ന് തന്നെ ഉയരണം’;  വിദ്യാർത്ഥിനിയെ അപമാനിച്ച സംഭവത്തെ വിമർശിച്ച് സിപിഐ

തിരുവനന്തപുരം: പെരിന്തല്‍മണ്ണയിൽ മദ്രസാ വാര്‍ഷിക പരിപാടിയുടെ ഭാഗമായി നടന്ന ചടങ്ങിൽ വെച്ച് പെൺകുട്ടിയെ സമസ്ത മത നേതാവ് അപമാനിച്ച സംഭവത്തെ വിമർശിച്ച് സിപിഐ. യാഥാസ്ഥിതിക ചിന്തകളെ സമൂഹം തളയ്ക്കണമെന്ന് പാർട്ടി പത്രമായ ജനയുഗത്തിൽ മുഖപ്രസംഗം. വേദിയിലെ പെൺവിലക്കിനെ ആധുനിക കേരളത്തിന് അംഗീകരിക്കാനാകില്ലെന്നും പ്രതിരോധം അതേ സമുദായത്തിൽ നിന്ന് തന്നെ ഉയരണമെന്നുമാണ് ജനയുഗം മുഖപ്രസംഗത്തിലൂടെ തുറന്നടിക്കുന്നത്.

പൊതുവേദിയിൽ പത്താം ക്ലാസ് വിദ്യാര്‍ഥിനിയെ അപമാനിച്ച് ഇ കെ സമസ്ത നേതാവ് അബ്ദുള്ള മുസ്‌ലിയാര്‍ക്കെതിരെ വിമര്‍ശം ശക്തമാണ്. മദ്രസ കെട്ടിട ഉദ്ഘാടന ചടങ്ങിൽ വെച്ച് പഠനത്തിൽ ഉന്നത വിജയം നേടിയ പെൺകുട്ടിയെ സര്‍ട്ടിഫിക്കറ്റ് വാങ്ങാനായി സംഘാടകർ ക്ഷണിച്ചപ്പോഴാണ് സംഭവമുണ്ടായത്. പെൺകുട്ടി എത്തി സർട്ടിഫിക്കറ്റ് സ്വീകരിച്ചതോടെ മുസ്ലിയാർ ദേഷ്യപ്പെട്ടു. പിന്നീട് സംഘാടകർക്കെതിരെ പ്രകോപിതനായി. ”ആരാടോ പത്താം ക്ലാസിലെ പെണ്‍കുട്ടിയെ സ്റ്റേജിലേക്ക് വിളിപ്പിച്ചത്. ഇനി മേലില്‍ ഇങ്ങള് വിളിച്ചിട്ടുണ്ടെങ്കില്‍ കാണിച്ച് തരാം. അങ്ങനത്തെ പെണ്‍കുട്ടികളെ ഒന്നും ഇങ്ങോട്ട് വിളിക്കണ്ട. സമസ്തയുടെ തീരുമാനം നിങ്ങള്‍ക്കറിയില്ലേ. നീയാണോ വിളിച്ചത്. രക്ഷിതാവിനോട് വരാന്‍ പറയ്” എന്നായിരുന്നു മുസ്ലിയാരുടെ വാക്കുകൾ.

വിവാദമായതോടെ ബാലാവകാശ കമ്മീഷൻ വിഷയത്തിൽ കേസെടുത്തിട്ടുണ്ട്. സംഭവത്തിൽ സ്വമേധയാ കേസെടുത്ത  ബാലാവകാശ കമ്മീഷൻ സമസ്ത സെക്രട്ടറിയോട് വിശദീകരണം നൽകാൻ ആവശ്യപ്പെട്ടു. പെരിന്തൽമണ്ണ എസ്.എച്.ഒ, ജില്ലാ ചൈൽഡ് പ്രോട്ടക്ഷൻ ഓഫീസർ എന്നിവരോടും ബാലാവകാശ കമ്മീഷൻ റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. സംഭവത്തിൽ വിമ‍ര്‍ശനവുമായി നേരത്തെ കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ, ഉന്നത വിദ്യാഭ്യാസമന്ത്രി ആര്‍.ബിന്ദു, വനിതാ കമ്മീഷൻ അധ്യക്ഷൻ പി.സതീദേവി എന്നിവരടക്കമുള്ള പ്രമുഖര്‍  രംഗത്തെത്തിയിരുന്നു.

സംഭവത്തിൽ രൂക്ഷവിമ‍ര്‍ശനവുമായി കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ (Kerala Governor Arif Mohammad Khan). കേരളം പോലുള്ള പരിഷ്കൃത സമൂഹത്തിന് ചേര്‍ന്നതല്ല ഇത്തരം നടപടികളെന്നും വേദിയിൽ വച്ച് പെണ്‍കുട്ടിയെ അപമാനിക്കുന്ന നിലയുണ്ടായെന്നും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു. പെണ്‍കുട്ടികളെ വീട്ടകങ്ങളിൽ തളയ്ക്കാനുള്ള ശ്രമമാണ് നടക്കുന്നത്.

ഇത്തരക്കാരാണ് ഇസ്ലാമോഫോബിയയാണ് ഉണ്ടാക്കുന്നത്. ഈ വിവാദത്തിൽ കേരളത്തിലെ രാഷ്ട്രീയ നേതാക്കൾ പുലര്‍ത്തി പോരുന്ന മൗനം കാരണമാണ് ഇതേക്കുറിച്ച്  തനിക്ക് പ്രതികരിക്കേണ്ടി വരുന്നത്. സമസ്ത വേദിയിൽ അപമാനിക്കപ്പെട്ട പെണ്‍കുട്ടിയെ താൻ അഭിനന്ദിക്കുന്നു. അങ്ങനെയൊരു കടുത്ത സാഹചര്യത്തിൽ ആ പ്രായത്തിലുള്ള ഏതൊരു കുട്ടിയും വേദിയിൽ തളര്‍ന്നു വീണേനെ. പെൺകുട്ടിയുടെ മനോവീര്യം തകർക്കുന്ന നടപടിയിൽ സ്വമേധായാ കേസെടുക്കണം. പെൺകുട്ടിയുടെ അന്തസിനെ തകർത്തതിന് കേസെടുക്കണം. ഹിജാബ് വിവാദത്തിലൂടെ മുസ്ലീം സമുദായത്തിലെ പെണ്‍കുട്ടികളെ പിന്നോടടിക്കാനുള്ള ഗൂഢാലോചനയാണ് ഒരു വിഭാഗം നടത്തുന്നത്. 

ഈ വിഷയത്തിൽ മൊത്തം രാഷ്ട്രീയ നേതൃത്വവും പൊതുസമൂഹവും പുലര്‍ത്തുന്ന മൗനത്തിൽ താൻ അസ്വസ്ഥനാണ്. പെണ്‍മക്കളുടെ അഭിമാനം ഉയര്‍ത്തിപിടിക്കാൻ എല്ലാവര്‍ക്കും ബാധ്യതയുണ്ട്. ഇതേക്കാര്യം നേരത്തെ വിസ്മയ കേസിലും താൻ പറഞ്ഞതാണ്. പെണ്‍കുട്ടികൾക്ക് വിദ്യാഭ്യാസം നൽകി സമൂഹത്തിൻ്റെ മുൻനിരയിലേക്ക് കൊണ്ടുവരാനുള്ള ശ്രമമാണ് ഉണ്ടാവേണ്ടത്. പൊതുവേദിയിൽ പെണ്‍കുട്ടിയെ അപമാനിക്കുകയും മാനിസകമായി തളര്‍ത്താനും തകര്‍ക്കാനും ശ്രമിക്കുന്നത് ഒരു തരത്തിലും അംഗീകരിക്കാനാവില്ല. ഇക്കാര്യത്തിൽ ഭരണഘടനാ സ്ഥാപനങ്ങൾ ശക്തമായി പ്രതികരിക്കാൻ തയ്യാറാവണം. 

പഠനത്തിൽ മികവ് പുലര്‍ത്തിയതിന് പുരസ്കാരം ഏറ്റുവാങ്ങാൻ എത്തിയ പെണ്‍കുട്ടിയെ ആണ് ഇറക്കിവിട്ടത്. എന്ത് തരം സമൂഹത്തിലാണ് നമ്മൾ ജീവിക്കുന്നത്. അവര്‍ ആയിരം മദ്രസകൾ നടത്തുന്നുണ്ടാവും പക്ഷേ അതൊന്നും ഒരു കൊച്ചു പെണ്‍കുട്ടിയെ അപമാനിക്കാനുള്ള കാരണമായി കാണാനാവില്ല. ഇതൊരു ജനാധിപത്യ രാജ്യമാണ്. ഭരണഘടനയാണ് ഇവിടുത്തെ ജീവിതത്തിന് അടിസ്ഥാനം. അല്ലാതെ ഖുര്‍ ആൻ അല്ല. ആ ഭരണഘടനയ്ക്ക് വിധേയമായും അതിൻ്റെ മൂല്യങ്ങൾ ഉയര്‍ത്തി പിടിച്ചുമാണ് എല്ലാവരും ജീവിക്കേണ്ടത്. ഈ വിഷയത്തിൽ കക്ഷി രാഷ്ട്രീയഭേദമന്യേ എല്ലാവരും പ്രതികരിച്ചിരുന്നുവെങ്കിൽ ഇതേക്കുറിച്ച് താൻ സംസാരിക്കേണ്ട കാര്യമുണ്ടാവില്ലായിരുന്നുവെന്നും ഗവര്‍ണര്‍ പറഞ്ഞു. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button