കൊല്‍ക്കത്ത: ഒരു കിലോ ചാണകത്തിന് 500 രൂപ, ഒരു ലിറ്റര്‍ ഗോമൂത്രത്തിനും ഇതേ വില. പശ്ചിമബംഗാളിലെ വിലയാണിത്. ഏതാനും മാസം മുമ്പ് ഇങ്ങനെ അല്ലായിരുന്നു സ്ഥിതി. ഇപ്പോള്‍ ബംഗാളില്‍ ഇവ കിട്ടണമെങ്കില്‍ മുന്‍കൂട്ടി ബുക്ക് ചെയ്യേണ്ട അവസ്ഥയിലേക്കും മാറി. കോവിഡ് 19ന് മരുന്നായി ചാണകവും ഗോമൂത്രവും 500 രൂപക്കാണ് വില്‍ക്കുന്നത്. പശ്ചിമ ബംഗാളിലെ ഡാംകുനിയിലാണ് ക്ഷീര കര്‍ഷകന്‍ ചാണകവും ഗോമൂത്രവും കച്ചവടം നടത്തുന്നത്. ഗോമൂത്രത്തിന് ഒരു ലിറ്ററിന് 500ഉം ചാണകം ഒരു കിലോയ്ക്ക് 500രൂപയുമാണ് ഈടാക്കുന്നതെന്ന് മാബുദ് അലി എന്നയാള്‍ കടയ്ക്ക് മുന്നില്‍ സ്ഥാപിച്ച ബോര്‍ഡില്‍ പറയുന്നു.
ഹിന്ദു മഹസാഭ ഡല്‍ഹിയില്‍ സംഘടിപ്പിച്ച ഗോമൂത്ര സംഗമത്തില്‍ നിന്നാണ് തനിക്ക് ഈ ‘ഐഡിയ’ ലഭിച്ചതെന്ന് അലി പറയുന്നു. കൊറോണ വൈറസ് ബാധ തടയാന്‍ ചാണകവും ഗോമൂത്രവും ഫലപ്രദമാണെന്ന ഹിന്ദുമസഭയുടെ പ്രഖ്യാപനത്തിനു പിന്നാലെയാണ് ഇവ മരുന്നായി വില്‍പ്പനക്ക് വെച്ചിരിക്കുന്നതും ഇതിന്റെ വില കുതിച്ചുയര്‍ന്നതും . ‘ഗോമൂത്രം കുടിക്കൂ, കൊറോണയില്‍ നിന്ന് രക്ഷപ്പെടൂ’ എന്നാണ് അലിയുടെ പരസ്യ വാചകം.
‘എനിക്ക് രണ്ടു പശുക്കളാണുള്ളത്. ഒരെണ്ണം ഇന്ത്യന്‍ പശുവും മറ്റേത് ജഴ്സിയും. പാല്‍ വിറ്റാണ് ഉപജീവന മാര്‍ഗം കണ്ടെത്തുന്നത്. ഗോമൂത്ര സംഗമം ടിവിയില്‍ കണ്ടതിന് ശേഷം ഗോമൂത്രവും ചാണകവും ഉപയോഗിച്ച് കൂടുതല്‍ പണമുണ്ടാക്കാന്‍ സാധിക്കുമെന്ന് ഞാന്‍ തിരിച്ചറിയുകയായിരുന്നു’- അലി വാര്‍ത്താഏജന്‍സിയായ ഐഎഎന്‍എസിനോട് പറഞ്ഞു.ജഴ്സി പശുവിന്റെ ചാണകത്തിനും മൂത്രത്തിനും വിലക്കുറവുണ്ട്. 300 രൂപയ്ക്കാണ് ഇത് വില്‍ക്കുന്നത്. ജഴ്സി പശു ഇന്ത്യന്‍ പശുവിനെപ്പോലെ ശുദ്ധമായ ഇനമല്ലെന്നും അതിന്റെ മൂത്രത്തിന് ഡിമാന്റ് ഇല്ലെന്നും അലി പറയുന്നു.
കൊറോണ വൈറസ് ബാധയും വ്യാപനവും തടയാന്‍ ഡോക്ടര്‍മാരെ കാണണമെന്നും അഭ്യൂഹങ്ങളില്‍ വിശ്വസിക്കരുതെന്ന് പ്രധാനമന്ത്രി അടക്കമുള്ളവര്‍ ആവര്‍ത്തിക്കുമ്പോഴാണ് ഇത്തരം പ്രഹസനമെന്നതും ശ്രദ്ധേയമാണ്.കൊറോണ വൈറസ് പ്രതിരോധിക്കാന്‍ ഡോക്ടറുടെ ഉപദേശമാണ് സ്വീകരിക്കേണ്ടതെന്നും അല്ലാതെ ചില കേന്ദ്രങ്ങള്‍ നടത്തുന്ന അഭ്യൂഹങ്ങള്‍ വിശ്വസിക്കുകയല്ല വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. കൊറോണയെ പ്രതിരോധിക്കാന്‍ ചാണകവും ഗോമൂത്രവും നല്ലതാണെന്ന പ്രചാരണം ശക്തമായ അവസരത്തില്‍ ആയിരുന്നു പ്രധാനമന്ത്രിയുടെ പ്രസ്താവന.
‘ഇത്തരം സമയങ്ങളില്‍ അഭ്യൂഹങ്ങള്‍ അതിവേഗം പ്രചരിക്കും. അത് കഴിക്കരുത്, ഇത് ചെയ്യരുത് എന്നൊക്കെ ചിലര്‍ പറയും. മറ്റ് ചിലര്‍ കൊറോണ വൈറസിനെ പ്രതിരോധിക്കാന്‍ ചില ഭക്ഷണങ്ങള്‍ കഴിക്കാന്‍ ഉപദേശിക്കും. ഇത്തരം അഭ്യൂഹങ്ങളൊക്കെ നമുക്ക് തള്ളിക്കളയാം’. എന്ത് ചെയ്യണമെങ്കിലും അത് ഡോക്ടര്‍മാരുടെ ഉപദേശം തേടിയ ശേഷം മാത്രമായിരിക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു.