തിരുവനന്തപുരം: ആദ്യഘട്ട കൊവിഡ് വാക്‌സിന്‍ ഇന്ന് കേരളത്തിലെത്തും. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളിലെ റീജണല്‍ വാക്‌സിന്‍ സ്റ്റോറുകളിലേക്കാണ് വാക്‌സിന്‍ എത്തിക്കുക. സീറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയില്‍ നിന്നു 4,33,500 ഡോസ് കോവിഷീല്‍ഡ് വാക്‌സിനാണു കേരളത്തിന് അനുവദിച്ചിരിക്കുന്നത്.
വാക്‌സിനുമായുള്ള വിമാനം ഉച്ചയ്ക്ക് രണ്ടിന് നെടുമ്പാശേരിയിലും വൈകുന്നേരം ആറിന് തിരുവനന്തപുരത്തുമെത്തും. കോഴിക്കോട് വിമാനത്താവളത്തിലും വൈകിട്ടാണു വാക്‌സിന്‍ എത്തുന്നത്. തിരുവനന്തപുരത്ത് 1,34,000, എറണാകുളത്ത് 1,80,000, കോഴിക്കോട്ട് 1,19,500 എന്നിങ്ങനെയാണ് ഡോസ്. കോഴിക്കോട് വരുന്ന വാക്‌സിനില്‍നിന്നും 1,100 ഡോസ് മാഹിയില്‍ വിതരണം ചെയ്യും.
സംസ്ഥാനത്ത് ആദ്യഘട്ടമായി 133 കേന്ദ്രങ്ങളില്‍ ശനിയാഴ്ച വാക്‌സിനേഷന്‍ നടക്കും. വാക്‌സിനേഷനായി ഇതുവരെ 3,62,870 പേര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സര്‍ക്കാര്‍ മേഖലയിലെ 1,70,259 പേരും സ്വകാര്യ മേഖലയിലെ 1,92,611 പേരും. വാക്‌സീന്‍ കുത്തിവയ്ക്കുന്നത് ഇടതു തോളില്‍. 28 ദിവസത്തെ ഇടവേളയ്ക്കു ശേഷം അടുത്ത ഡോസ് കുത്തിവയ്ക്കും. കുത്തിവയ്പിനു ഹാജരാകേണ്ട ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് എപ്പോള്‍, ഏതു കേന്ദ്രത്തില്‍ എത്തണമെന്ന സന്ദേശം അയയ്ക്കും.