കൊവിഡ് വാക്‌സിന്‍; സംസ്ഥാനത്ത് ഡ്രൈ റണ്‍ ആരംഭിച്ചു; പേരൂര്‍ക്കട ജില്ലാ മാതൃക ആശുപത്രിയില്‍ ആരോഗ്യമന്ത്രി നേരിട്ടെത്തി ഡ്രൈ റണ്‍ വിലയിരുത്തി

തിരുവനന്തപുരം: സംസ്ഥാനത്തെ നാല് ജില്ലകളില്‍ കൊവിഡ് വാക്‌സിന്‍ ഡ്രൈ റണ്‍ ആരംഭിച്ചു. തിരുവനന്തപുരം, വയനാട്, ഇടുക്കി, പാലക്കാട് ജില്ലകളിലാണ് ഡ്രൈ റണ്‍ നടത്തുക. തിരുവനന്തപുരം പേരൂര്‍ക്കട ജില്ലാ മാതൃക ആശുപത്രിയില്‍ ആരോഗ്യമന്ത്രി കെ.കെ. ഷൈലജ നേരിട്ടെത്തി ഡ്രൈ റണ്‍ നടപടികള്‍ വിലയിരുത്തി. രാവിലെ 9 മുതല്‍ 11 വരെയാണ് ഡ്രൈ റണ്‍.

തിരുവനന്തപുരം ജില്ലയിലെ പൂഴനാട് പ്രാഥമികാരോഗ്യ കേന്ദ്രം, പേരൂര്‍ക്കട ജില്ലാ മാതൃക ആശുപത്രി, കിംസ് ആശുപത്രി, ഇടുക്കി ജില്ലയിലെ വാഴത്തോപ്പ് പ്രാഥമികാരോഗ്യ കേന്ദ്രം, പാലക്കാട് ജില്ലയിലെ നെന്മാറ സാമൂഹ്യാരോഗ്യ കേന്ദ്രം, വയനാട് ജില്ലയിലെ കുറുക്കാമൂല പ്രാഥമികാരോഗ്യ കേന്ദ്രം എന്നിവിടങ്ങളിലാണ് ഡ്രൈ റണ്‍ നടക്കുന്നത്.

ഡ്രൈ റണ്‍ നടക്കുന്ന ഓരോ കേന്ദ്രത്തിലും 25 ആരോഗ്യ പ്രവര്‍ത്തകര്‍ വീതമാണ് ഡ്രൈ റണ്ണില്‍ പങ്കെടുക്കുക. എല്ലാ സ്ഥലങ്ങളിലും വാക്‌സിന്‍ കാരിയര്‍ ഉള്‍പ്പെടെയുള്ള എല്ലാ സജ്ജീകരണവും ഒരുക്കിയിട്ടുണ്ട്. കൊവിഡ് വാക്‌സിനേഷനായി ഇതുവരെ 3.13 ലക്ഷം പേരാണ് രജിസ്റ്റര്‍ ചെയ്തത്. ലാര്‍ജ് ഐഎല്‍ആര്‍ 20, വാക്‌സിന്‍ കാരിയര്‍ 1,800, കോള്‍ഡ് ബോക്‌സ് വലുത് 50, കോള്‍ഡ് ബോക്‌സ് ചെറുത് 50, ഐസ് പായ്ക്ക് 12,000 എന്നിവ സംസ്ഥാനത്ത് എത്തിയിട്ടുണ്ട്. ഒരിക്കല്‍ മാത്രം ഉപയോഗിക്കാന്‍ പറ്റുന്ന 14 ലക്ഷം സിറിഞ്ചുകള്‍ ഉടന്‍ സംസ്ഥാനത്തെത്തും.

ആദ്യ ഘട്ടത്തില്‍ സര്‍ക്കാര്‍, സ്വകാര്യ മേഖലയിലുള്ള എല്ലാ വിഭാഗം ആരോഗ്യ പ്രവര്‍ത്തകര്‍, മെഡിക്കല്‍ വിദ്യാര്‍ഥികള്‍, ആശ വര്‍ക്കര്‍മാര്‍, ഐസിഡിഎസ്, അങ്കണവാടി ജീവനക്കാര്‍ എന്നിവര്‍ക്കാണ് വാക്‌സിന്‍ നല്‍കുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News