ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് വ്യാപനം അതിരൂക്ഷമായി തന്നെ തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 3,79,257 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 3645 പേര്‍ മരിച്ചു. 2,69,507 പേര്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗമുക്തി.
ഇതോടെ രാജ്യത്തെ ആകെ രോഗികളുടെ എണ്ണം 1,83,76,524 ആയി. 1,50,86,878 പേര്‍ക്കാണ് ഇതുവരെ രോഗ മുക്തി. ആകെ മരണം 2,04,832. നിലവില്‍ 30,84,814 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെയായി 15,00,20,648 പേര്‍ വാക്സിന്‍ സ്വീകരിച്ചു. കേന്ദ്ര ആരോഗ്യ മന്ത്രാലയമാണ് കണക്കുകള്‍ പുറത്തുവിട്ടത്.
കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ വിദേശ സഹായം സ്വീകരിക്കുന്നതില്‍ താത്ക്കാലിക നയം മാറ്റത്തിനൊരുങ്ങുകയാണ് ഇന്ത്യ. കൊവിഡുമായി ബന്ധപ്പെട്ട സഹായങ്ങള്‍ സ്വീകരിക്കാനാണ് തീരുമാനം. ചൈനയില്‍ നിന്നടക്കം സഹായം സ്വീകരിക്കാന്‍ ഇന്ത്യ തയ്യാറാകുമെന്നാണ് വിവരം. നിലവിലെ പോളിസി അനുസരിച്ച് മറ്റ് രാജ്യങ്ങളില്‍ നിന്ന് നേരിട്ട് സഹായം സ്വീകരിക്കാന്‍ ഇന്ത്യക്ക് സാധിക്കില്ല. റെഡ് ക്രോസ് പോലെയുള്ള സംഘടനകള്‍ വഴി സഹായം സ്വീകരിക്കാനാണ് തീരുമാനിച്ചിരുന്നത്.
എന്നാല്‍ ഇങ്ങനെ സഹായം സ്വീകരിച്ചാല്‍ സര്‍ക്കാര്‍ സംവിധാനം വഴി ഉപയോഗിക്കാന്‍ സാധിക്കില്ലെന്നാണ് വിലയിരുത്തുന്നത്. മാത്രവുമല്ല ഗുണഭോക്താക്കളെ സ്വീകരിക്കുന്നതില്‍ അടക്കം വിവേചനം ഉണ്ടാകുമെന്നും കേന്ദ്രസര്‍ക്കാര്‍ വിലയിരുത്തുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് താത്ക്കാലിക നയം മാറ്റത്തിന് രാജ്യം തയ്യാറാകുന്നത്. ഇതനുസരിച്ച് ചൈനയില്‍ നിന്നടക്കം ഇന്ത്യ സഹായം സ്വീകരിക്കും. ചൈനയില്‍ നിന്ന് ഓക്സിജനും മരുന്നുകളും സ്വീകരിക്കാനാണ് തീരുമാനം.