തിരുവനന്തപുരം: കേരളത്തില്‍ കൊവിഡ് കേസുകളുടെ വന്‍ കുതിച്ച് കയറ്റമാണ് പ്രകടമായിട്ടുള്ളത്. ഇതൊരു മൂന്നാം തരംഗത്തിനുള്ള സാധ്യതയായി പലരും കാണുന്നുണ്ട്. കഴിഞ്ഞ രണ്ടാഴ്ച്ചയായി കേസുകള്‍ കൂടി കൊണ്ടിരിക്കുകയാണ്. എന്നാല്‍ ഇത് മൂന്നാം തരംഗമല്ല ഇതെന്നാണ് വിദ്ഗധര്‍ പറയുന്നത്. ചെറിയ തോതിലുള്ള വര്‍ധന മാത്രമാണിത്. നാലക്കത്തിലുള്ള കേസുകളുടെ വര്‍ധന കേരളത്തില്‍ മാത്രമാണ് ഇപ്പോഴുള്ളത്. കേരളത്തിലെ ലോക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ വന്ന ഇളവുകള്‍ കൊണ്ടാവാം കേസുകള്‍ വര്‍ധിച്ചതെന്നാണ് വിലയിരുത്തല്‍.
ഡെല്‍റ്റ വേരിയന്റുകള്‍ വര്‍ധിക്കുന്നതും വലിയ കാരണമാണ്. ദേശീയ ശരാശരിയുടെ പകുതിയില്‍ താഴെ ആന്റിബോഡികള്‍ ഉള്ളവരാണ് കേരളത്തില്‍ ഉള്ളവരെന്നും നേരത്തെ സര്‍വേ സൂചിപ്പിച്ചിരുന്നു. മറ്റൊന്ന് ആദ്യ തരംഗത്തിന്റെ സമയത്തൊന്നും ബാധിക്കാതിരുന്നവര്‍ കൂടുതലായും രണ്ടാം ഘട്ടത്തില്‍ ബാധിക്കുന്നതും കാരണമായിട്ടുണ്ടെന്ന് വിദ്ഗധര്‍ പറയുന്നു. കേരളത്തില്‍ പത്ത് ശതമാനം കേസുകള്‍ പരിശോധിക്കുന്നതില്‍ കൂടുതല്‍ പോസിറ്റീവ് കേസുകളാണ്. ടിപിആര്‍ അഞ്ച് ശതമാനത്തിന് താഴെയെത്തിക്കുകയാണ് ഈ ഘട്ടത്തില്‍ വേണ്ടത്.
മെയ് മാസത്തില്‍ 24 ശതമാനമായിരുന്നു ടിപിആര്‍. ഇത് ജൂണില്‍ 12 ശതമാനമായി കുറഞ്ഞു. എന്നാല്‍ ജൂണ്‍ 20 മുതല്‍ ഇത് പത്ത് ശതമാനത്തിന് മുകളില്‍ നില്‍ക്കുകയാണ്. കേരളത്തില്‍ കേസുകള്‍ കൂടുമ്പോള്‍ ജനങ്ങള്‍ ജാഗ്രത പാലിക്കുകയും, കേസുകള്‍ കുറയുമ്പോള്‍ ജാഗ്രത നഷ്ടമാവുകയും ചെയ്യുന്ന അവസ്ഥയാണ് ഉള്ളതെന്ന് മുന്‍ അഡീഷണല്‍ ചീഫ് സെക്രട്ടരി രാജീവ് സദാനന്ദന്‍ പറയുന്നു. അതുകൊണ്ട് മൂന്നാം തരംഗം വരുമെന്ന് പറയാനാവില്ല. രോഗ്യവാപനം തീവ്രമായ രീതിയിലുമല്ലെന്ന് രാജീവ് സദാനന്ദന്‍ വ്യക്തമാക്കി.
അതേസമയം കേരളത്തില്‍ ഇത്രയധികം കേസുകള്‍ രേഖപ്പെടുത്താനും കാരണമുണ്ട്. രാജ്യത്തെ മൊത്തം സാഹചര്യം പരിശോധിക്കുമ്പോള്‍ കേരളത്തില്‍ ടെസ്റ്റിംഗ് ഉയര്‍ന്ന തോതിലാണ്. രാജ്യത്തിന്റെ ശരാശരി ടെസ്റ്റുകള്‍ പരിശോധിക്കുമ്പോള്‍ കേരളത്തിലേത് അതിന്റെ ഇരട്ടിയാണ്. മറ്റ് സംസ്ഥാനങ്ങളിലേത് പോലെ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടാതെ പോകുന്നത് ചുരുക്കമാണ് കേരളത്തില്‍ എന്ന് വ്യക്തം. ജൂലായ് 17നും പതിനെട്ടിനും കേരളത്തില്‍ ലോക്ഡൗണ്‍ തന്നെയായിരിക്കും. നിയന്ത്രണങ്ങള്‍ ദീര്‍ഘകാലം തുടരുമെന്ന് ഇതിലൂടെ വ്യക്തമാണ്.