കണ്ണൂര്‍, കോട്ടയം മെഡിക്കല്‍ കോളേജുകളില്‍ കോവിഡ് പരിശോധനയ്ക്ക് അനുമതി

തിരുവനന്തപുരം: കണ്ണൂര്‍ പരിയാരം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലേയും കോട്ടയം മെഡിക്കല്‍ കോളേജിലേയും കോവിഡ് 19 ലാബിന് ഐ.സി.എം.ആര്‍. അംഗീകാരം ലഭിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. കണ്ണൂര്‍ മെഡിക്കല്‍ കോളേജിലെ കോവിഡ് ലാബില്‍ നാളെ മുതല്‍ കോവിഡ് പരിശോധന ആരംഭിക്കാനാകും. 2200 ചതുരശ്ര അടി വിസ്തീര്‍ണമുള്ള യു.വി. സ്റ്റൈറിലൈസ്ഡ് ആയിട്ടുള്ള ലാബാണ് സജ്ജമാക്കിയിട്ടുള്ളത്. അത്യാധുനിക സംവിധാനമുള്ള ഈ ലാബില്‍ 4 റിയല്‍ ടൈം പിസിആര്‍ മെഷീനുകളാണ് സജ്ജമാക്കിയിരിക്കുന്നത്. ആദ്യഘട്ടത്തില്‍ 15-ഉം പിന്നീട് 60 വരെ പരിശോധനകള്‍ ദിവസംതോറും നടത്താനാകും.

ഇതോടെ കേരളത്തില്‍ 14 സര്‍ക്കാര്‍ ലാബുകളിലാണ് കോവിഡ് 19 പരിശോധന നടത്തുന്നത്. എന്‍.ഐ.വി. ആലപ്പുഴ, കോഴിക്കോട് മെഡിക്കല്‍ കോളേജ്, തിരുവനന്തപുരം മെഡിക്കല്‍ കോളേജ്, തൃശൂര്‍ മെഡിക്കല്‍ കോളേജ്, തിരുവനന്തപുരം ശ്രീചിത്ര ഇന്‍സ്റ്റിറ്റിയൂട്ട്, തിരുവനന്തപുരം സ്‌റ്റേറ്റ് പബ്ലിക് ഹെല്‍ത്ത് ലാബ്, തിരുവനന്തപുരം രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജി, മലബാര്‍ ക്യാന്‍സര്‍ സെന്റര്‍, കോട്ടയം ഇന്റര്‍ യൂണിവേഴ്‌സിറ്റി സെന്റര്‍ ഫോര്‍ ബയോമെഡിക്കല്‍ റിസര്‍ച്ച്, കാസര്‍ഗോഡ് സെന്റര്‍ യൂണിവേഴ്‌സിറ്റി, മഞ്ചേരി മെഡിക്കല്‍ കോളേജ്, എറണാകുളം മെഡിക്കല്‍ കോളേജ് എന്നിവിടങ്ങളിലാണ് കോവിഡ് 19 പരിശോധന നടത്തി വരുന്നത്. ഇത് കൂടാതെ കോഴിക്കോട്, എറണാകുളം ജില്ലകളിലെ രണ്ട് സ്വകാര്യ ലാബകളിലും പരിശോധന നടന്നു വരുന്നു.

സംസ്ഥാനത്ത് കോവിഡ് 19 രോഗികളുടെ എണ്ണം വര്‍ധിച്ച സാഹചര്യത്തില്‍ പരിശോധനകള്‍ വേഗത്തിലാക്കാന്‍ 10 റിയല്‍ ടൈം പിസിആര്‍ മെഷീനുകള്‍ വാങ്ങാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News