FeaturedKeralaNews

മഹാരാഷ്ട്രയെ തകർത്തെറിഞ്ഞ വൈറസ് വകഭേദം കോട്ടയത്തും ; കർശന നിയന്ത്രണങ്ങളുമായി സർക്കാർ

കോട്ടയം: മഹാരാഷ്ട്രയില്‍ കോവിഡ് സങ്കീര്‍ണമാക്കിയ അതിതീവ്ര വൈറസ് സാന്നിധ്യം കോട്ടയത്തും റിപ്പോര്‍ട്ട്‌ ചെയ്തു. ഇതോടെ ജില്ലയില്‍ കര്‍ശന നിയന്ത്രണമാണുള്ളത്. കോട്ടയത്ത് രോഗവ്യാപനം രൂക്ഷമാക്കിയത് വൈറസിന്റെ ഈ ഇന്ത്യന്‍ വകഭേദമാണ്.

സംശയ നിവാരണത്തിനും മറ്റുമായി ജില്ലയില്‍ കണ്‍ട്രോള്‍ റൂമുകള്‍ തുറന്നു. മഹാരാഷ്ട്രയിലെ അമരാവതിയിലും മുബൈയിലും ഗുജറാത്തിലും രോഗവ്യാപനം രൂക്ഷമാക്കിയത് ഇതേ വൈറസാണ്. കോട്ടയം നഗരസഭയിലാണ് ഏറ്റവും കൂടുതല്‍ രോഗികള്‍ ഉള്ളത്. 426 പേര്‍ക്കാണ് ഇവിടെ രോഗം റിപ്പോര്‍ട്ട്‌ ചെയ്തിട്ടുള്ളത്.

ജില്ലയിലെ നാല് പഞ്ചായത്തില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 40ന് മുകളിലാണ്. സ്ഥിതി നിയന്ത്രിക്കാന്‍ ജാഗ്രതയും നിയന്ത്രണങ്ങളും കൂടുതല്‍ കര്‍ശനമാക്കാനാണ് തീരുമാനം. വാക്സീന്‍ കൂടുതല്‍ ലഭ്യമാകുന്ന മുറയ്ക്കു വാക്‌സിന്‍ കേന്ദ്രങ്ങളുടെ എണ്ണം വര്‍ധിപ്പിച്ച്‌ ജനങ്ങള്‍ക്ക് വാക്‌സിന്‍ ലഭ്യമാക്കുമെന്ന് കലക്ടര്‍ അറിയിച്ചു.

കൊവിഡ് വ്യാപനം രൂക്ഷമായതോടെ
നഗരസഭയുടെ മുട്ടമ്പലം ശ്മശാനത്തിൽ പ്രതിദിനം സംസ്കരിക്കുന്നത് 10ഓളം കോവിഡ് രോഗികളെ എന്ന് റിപ്പോർട്ടുകൾ. ദിനംപ്രതി കോവിഡ് ബാധിച്ച് മരിച്ച 15ൽ അധികം മൃതദേഹങ്ങൾ ഇവിടെ എത്താറുണ്ട്. എന്നാൽ, പലതും സംസ്കരിക്കാൻ പറ്റാതെ തിരിച്ചയയ്ക്കുകയാണ്.

പുതിയ അഞ്ചു ക്ലസ്റ്ററുകള്‍

കോട്ടയം ജില്ലയില്‍ അഞ്ചു പുതിയ കോവിഡ് ക്ലസ്റ്ററുകള്‍ കൂടി പ്രഖ്യാപിച്ച് ജില്ലാ കളക്ടര്‍ ഉത്തരവായി. ലിമിറ്റഡ് കമ്യൂണിറ്റി ക്ലസ്റ്ററായിരുന്ന കോരുത്തോട് പഞ്ചായത്ത് 11 വാര്‍ഡിലെ കൊട്ടാരംകട, കോസടി മേഖല ലാര്‍ജ് കമ്യൂണിറ്റി ക്ലസ്റ്ററാക്കി മാറ്റി.

ഇതോടെ ജില്ലയിലെ ആകെ ക്ലസ്റ്ററുകളുടെ എണ്ണം 24 ആയി.

പട്ടിക ചുവടെ

ലിമിറ്റഡ് കമ്യൂണിറ്റി ക്ലസ്റ്റര്‍
1. എ.ആര്‍ ക്യാമ്പും കെ.എ.പി അഞ്ചാം ബറ്റാലിയന്റെ ഡിറ്റാച്ച്‌മെന്റ് ക്യാമ്പും കോട്ടയം മുനിസിപ്പാലിറ്റിയിലെ 14-ാം വാര്‍ഡും ഉള്‍പ്പെടുന്ന മേഖല

2. എലിക്കുളം ഗ്രാമപഞ്ചായത്ത് പത്താം വാര്‍ഡിലെ ഇട്ടിപ്പറമ്പ് കോളനി

3. പാമ്പാടി പഞ്ചായത്ത് 15-ാം വാര്‍ഡിലെ കാഞ്ഞിരക്കാട്ട് കോളനി

ലാര്‍ജ് കമ്യൂണിറ്റി ക്ലസ്റ്റര്‍

1. കോരുത്തോട് പഞ്ചായത്ത് 11 വാര്‍ഡിലെ കൊട്ടാരംകട, കോസടി മേഖല

ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്ലസ്റ്റര്‍
1. ജില്ലാ ജയില്‍ കോട്ടയം

കോവിഡ് പ്രതിരോധ വാക്‌സിന്റെ രണ്ടാം ഡോസ് എടുക്കാന്‍ സമയമായവര്‍  ഓണ്‍ലൈനില്‍ ബുക്ക് ചെയ്യാന്‍ കഴിയാത്തതിന്‍റെ പേരില്‍ പരിഭ്രാന്തരാകേണ്ടതില്ലെന്ന് ജില്ലാ കളക്ടര്‍ എം. അഞ്ജന അറിയിച്ചു. 
കോവിഷീല്‍ഡ് വാക്‌സിന്‍ ആദ്യ ഡോസ് സ്വീകരിച്ച് ആറ് ആഴ്ച്ച മുതല്‍ എട്ട് ആഴ്ച്ച വരെയുള്ള സമയപരിധിക്കുള്ളില്‍ രണ്ടാം ഡോസ് സ്വീകരിച്ചാല്‍ മതിയാകും.

വാക്‌സിന്റെ ലഭ്യതക്കുറവുള്ളതിനാല്‍ ശരാശരി 35 ക്യാമ്പുകളിലായി എണ്ണായിരത്തോളം പേര്‍ക്കാണ് ഒരു ദിവസം ഇപ്പോള്‍ കുത്തിവയ്പ്പ് നല്‍കുന്നത്. കോവിഡ് പ്രതിരോധ മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ പാലിക്കേണ്ടതുകൂടി പരിഗണിച്ചാണ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്.

എല്ലാ ദിവസവും ഉച്ചകഴിഞ്ഞ് മൂന്നിനാണ് www.cowin.gov.in പോര്‍ട്ടലില്‍ വാക്‌സിനേഷന്‍ ബുക്കിംഗ് ആരംഭിക്കുന്നത്. മൊബൈല്‍ നമ്പര്‍ നല്‍കി രജിസ്റ്റര്‍ ചെയ്ത് പിറ്റേ ദിവസത്തെ ക്യാമ്പുകളില്‍ ബുക്കിംഗ് നടത്താം.

ഓരോ കേന്ദ്രത്തിലും അനുവദിച്ചിട്ടുള്ള ബുക്കിംഗ് തീരുമ്പോള്‍ ആ കേന്ദ്രം  പട്ടികയില്‍നിന്ന് ഒഴിവാക്കപ്പെടുംവിധമാണ് ദേശീയ തലത്തില്‍ പോര്‍ട്ടല്‍ സജ്ജീകരിച്ചിരിക്കുന്നത്. വാക്‌സിന്‍ കൂടുതല്‍ ലഭ്യമാകുന്ന മുറയ്ക്കു മാത്രമേ  കേന്ദ്രങ്ങളുടെ എണ്ണം വര്‍ധിപ്പിക്കാനും കൂടുതല്‍ പേര്‍ക്ക് വാക്‌സിന്‍ നല്‍കാനും കഴിയൂ.

കൂടുതല്‍ ഡോസ് വാക്‌സിന്‍ ലഭ്യമാകുന്നതോടെ രണ്ടാം ഡോസ് സ്വീകരിക്കേണ്ടവര്‍ക്ക് നിര്‍ദ്ദിഷ്ഠ സമയപരിധിക്കുള്ളില്‍ കൃത്യമായി വാക്‌സിന്‍ നല്‍കാന്‍ നടപടിയെടുക്കുന്നതാണ്.

വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ എത്തുന്ന ഉദ്യോഗസ്ഥര്‍, സ്ഥാനാര്‍ഥികള്‍, കൗണ്ടിംഗ് ഏജന്റുമാര്‍, മാധ്യമ പ്രവര്‍ത്തകര്‍ എന്നിവര്‍ രണ്ടു ഡോസ് വാക്‌സിന്‍ എടുക്കുകയോ വോട്ടെണ്ണല്‍ ആരംഭിക്കുന്നതിനുമുന്‍പ് 72 മണിക്കൂറിനുള്ളില്‍ ലഭിച്ച ആര്‍.ടി.പി.സി.ആര്‍ പരിശോധനയുടെ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കുകയോ ചെയ്യണമെന്ന്  സര്‍ക്കാര്‍ ഉത്തരവില്‍ നിര്‍ദേശിക്കുന്നുണ്ട്.  ഈ വിഭാഗങ്ങളില്‍ പെട്ടവര്‍ക്ക് വരും ദിവസങ്ങളില്‍ വാക്‌സിന്‍ നല്‍കുന്നതിനുള്ള സാധ്യത പരിശോധിക്കും. ഇതിനു കഴിഞ്ഞില്ലെങ്കില്‍ ആര്‍.ടി.പി.സി.ആര്‍ പരിശോധനയ്ക്കുവേണ്ട ക്രമീകരണം ഏര്‍പ്പെടുത്തും.

വാക്‌സിനേഷന്‍ നടപടികള്‍ സുഗമമായി മുന്നോട്ടു കൊണ്ടുപോകുന്നതിന് എല്ലാവരും സഹകരിക്കണമെന്നും കളക്ടര്‍ നിര്‍ദേശിച്ചു.

കോവിഡ് കണ്‍ട്രോള്‍ റൂം നമ്പരുകള്‍

കോവിഡ് സംബന്ധമായ സംശയനിവാരണത്തിന് പൊതുജനങ്ങള്‍ക്ക് ജില്ലാതല കോവിഡ് കണ്‍ട്രോള്‍ റൂമില്‍ ബന്ധപ്പെടാം. ഫോണ്‍ നമ്പരുകള്‍ ചുവടെ

9188610014

9188610016

04812304800

04812583200

04812566100

04812566700

04812561300

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button