ന്യൂഡൽഹി:കൊവിഡിനെ നേരിടാൻ രാജ്യത്ത് അടിയന്തര ഉപയോഗത്തിനായി കൊവിഷീൽഡ് വാക്സിന് അനുമതി കിട്ടിയേക്കും. പുനെ സെറം ഇൻസ്റ്റിറ്റ്യൂട്ടിന്‍റെ ‘കൊവിഷീൽഡ്’ വാക്സിന് കേന്ദ്ര ആരോഗ്യമന്ത്രാലയം നിയോഗിച്ച വിദഗ്ധസമിതി അനുമതിക്ക് ശുപാർശ നൽകുകയെന്ന് വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു. വാക്സിൻ വിതരണത്തിനായുള്ള റിഹേഴ്സലായ ഡ്രൈറൺ നാളെ രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും നടക്കാനിരിക്കെയാണ് വിദഗ്ധസമിതി യോഗം ചേരുന്നത്.
രാജ്യം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മൂന്ന് വാക്സിനുകളിൽ ഒന്നാണ് ഓക്സ്ഫഡ് സർവകലാശാലയുമായും ആസ്ട്രാസെനകയും ചേർന്ന് പുനെ സിറം ഇൻസ്റ്റിറ്റ്യൂട്ട് വികസിപ്പിച്ച കൊവിഷീൽഡ്. ഭാരത് ബയോടെക്കിന്‍റെ വാക്സിനാണ് കൊവാക്സിനും വിദേശസ്വകാര്യകമ്പനിയായ ഫൈസറിന്‍റെ വാക്സിനും അനുമതി വിദഗ്ധസമിതി പരിഗണിക്കുന്നുണ്ട്.
ഈ മൂന്ന് കമ്പനികളോടും മരുന്ന് പരീക്ഷണത്തിന്‍റെ വിവിധഘട്ടങ്ങളിൽ ലഭിച്ച ഫലങ്ങളുടെ റിപ്പോർട്ട് ഹാജരാക്കാൻ വിദഗ്ധസമിതി ആവശ്യപ്പെട്ടിരുന്നു. നേരത്തെ കൊവിഷിൽഡിന് ബ്രിട്ടണിൽ അടിയന്തര ഉപയോഗത്തിന് അനുമതി നൽകിയിരുന്നതാണ്. വാക്സിൻ ഡോസുകൾ നേരത്തെ തന്നെ ഉൽപാദിപ്പിച്ചതിനാൽ അനുമതി കിട്ടിയാൽ ഉടനടി സെറം ഇൻസ്റ്റിറ്റ്യൂട്ട് മരുന്ന് കേന്ദ്രസർക്കാരിന് കൈമാറാൻ തയ്യാറാണ്. വിദേശവാക്സിനായ ഫൈസറിന്‍റെ പ്രതിനിധികളും സമിതിക്ക് മുന്നിൽ നേരിട്ടെത്തി വിവരങ്ങൾ കൈമാറിയിട്ടുണ്ട്.
വിദഗ്ധ ശുപാർശയിൽ രാജ്യത്തെ ഡ്രഗ്സ് കൺട്രോളർ ആണ് അന്തിമ തീരുമാനം എടുക്കേണ്ടത്. ജൂണിന് ശേഷം കൊവിഡ് രോഗികളുടെ എണ്ണത്തിലും മരണനിരക്തിലും വലിയ കുറവ് ഡിസംബറിൽ രേഖപ്പെടുത്തിയെന്ന കണക്കുകൾ ആശ്വാസമാകുമ്പോഴാണ് വാക്സിൻ ഉടൻ വരുമെന്ന വാർത്തയും രാജ്യത്തിന് പ്രതീക്ഷയേകുന്നത്. നാളെ നടക്കുന്ന ഡ്രൈ റണ്ണിന്‍റെ ഭാഗമായി രാജ്യത്തെ ഓരോ സംസ്ഥാനങ്ങളിലും മൂന്നിടങ്ങളിലായി ഇരുപത്തിയഞ്ച് പേരിലാണ് വാക്സിൻ ട്രയൽ നടക്കുക.
മരുന്ന് കുത്തിവെയ്ക്കുന്നതിനായി 83 കോടി സിറിഞ്ചുകൾക്ക് കേന്ദ്രം ഓർഡർ നൽകിയതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. 2021 പ്രതീക്ഷയുടെ വർഷമാകുമെന്നും എല്ലാവരിലേക്കും വാക്സിനേഷൻ എത്തുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കിയതും നല്ല സൂചനയാവുകയാണ്.
അതേ സമയം സംസ്ഥാനത്തെ കോവിഡ് വാക്‌സിന്‍ കുത്തിവയ്പ്പിനുള്ള നാളത്തെ ഡ്രൈ റണിന്റെ (മോക് ഡ്രില്‍) നടപടി ക്രമങ്ങള്‍ പൂര്‍ത്തിയായതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. സംസ്ഥാനത്ത് നാല് ജില്ലകളിലാണ് ഡ്രൈ റണ്‍ നടക്കുന്നത്. തിരുവനന്തപുരം ജില്ലയിലെ പൂഴനാട് പ്രാഥമികാരോഗ്യ കേന്ദ്രം, പേരൂര്‍ക്കട ജില്ലാ മാതൃക ആശുപത്രി, കിംസ് ആശുപത്രി, ഇടുക്കി ജില്ലയിലെ വാഴത്തോപ്പ് പ്രാഥമികാരോഗ്യ കേന്ദ്രം, പാലക്കാട് ജില്ലയിലെ നെന്മാറ സാമൂഹ്യാരോഗ്യ കേന്ദ്രം, വയനാട് ജില്ലയിലെ കുറുക്കാമൂല പ്രാഥമികാരോഗ്യ കേന്ദ്രം എന്നിവിടങ്ങളിലാണ് ഡ്രൈ റണ്‍ നടക്കുന്നത്. രാവിലെ 9 മുതല്‍ 11 മണി വരെയാണ് ഡ്രൈ റണ്‍. ഡ്രൈ റണ്‍ നടക്കുന്ന ഓരോ കേന്ദ്രങ്ങളിലും 25 ആരോഗ്യ പ്രവര്‍ത്തകര്‍ വീതമാണ് ഡ്രൈ റണില്‍ പങ്കെടുക്കുക. നേരത്തെ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടോയെന്ന് ഉള്‍പ്പെടെയുള്ള കോവിഡ് വാക്‌സിനേഷന്‍ നല്‍കുന്ന നടപടിക്രമങ്ങള്‍ എല്ലാം അതുപോലെ പാലിച്ചാണ് ഡ്രൈ റണ്‍ നടത്തുന്നത്. വാക്‌സിന്‍ കാരിയര്‍ ഉള്‍പ്പെടെയുള്ള എല്ലാ സജ്ജീകരണവും ഒരുക്കിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
കേരളം കോവിഡ് വാക്‌സിനേഷന് സജ്ജമാണ്. കോവിഡ് വാക്‌സിനേഷനായി ഇതുവരെ 3.13 ലക്ഷം പേരാണ് രജിസ്റ്റര്‍ ചെയ്തത്. ലാര്‍ജ് ഐ.എല്‍.ആര്‍. 20, വാസ്‌കിന്‍ കാരിയര്‍ 1800, കോള്‍ഡ് ബോക്‌സ് വലുത് 50, കോള്‍ഡ് ബോക്‌സ് ചെറുത് 50, ഐസ് പായ്ക്ക് 12,000 എന്നിവ സംസ്ഥാനത്ത് എത്തിയിട്ടുണ്ട്. ഒരിക്കല്‍ മാത്രം ഉപയോഗിക്കാന്‍ പറ്റുന്ന 14 ലക്ഷം സിറിഞ്ചുകള്‍ ഉടന്‍ സംസ്ഥാനത്തെത്തും.
ആദ്യ ഘട്ടത്തില്‍ സര്‍ക്കാര്‍, സ്വകാര്യ മേഖലയിലുള്ള എല്ലാ വിഭാഗം ആരോഗ്യ പ്രവര്‍ത്തകര്‍, മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍, ആശ വര്‍ക്കര്‍മാര്‍, ഐ.സി.ഡി.എസ്. അങ്കണവാടി ജീവനക്കാര്‍ എന്നിവര്‍ക്കാണ് വാക്‌സിന്‍ നല്‍കുന്നത്.