തിരുവനന്തപുരം: സംസ്ഥാനത്തെ കൊവിഡ് (Covid 19) സാഹചര്യം വിലയിരുത്താൻ ഇന്ന് അവലോകന യോഗം (Review Meeting) ചേരും. വ്യാപനത്തിൽ കുറവ് പ്രകടമായ സ്ഥിതിയ്ക്ക് ഇളവുകൾക്ക് സാധ്യതയുണ്ട്. വ്യാപനം കുറഞ്ഞ തിരുവനന്തപുരം അടക്കമുള്ള ജില്ലകളെ കടുത്ത നിയന്ത്രണങ്ങളുള്ള സി കാറ്റഗറിയിൽ നിന്ന് മാറ്റാൻ സാധ്യതയുണ്ടെന്നാണ് ലഭിക്കുന്ന വിവരം. മൂന്നാം തരംഗത്തിൽ ആദ്യമായി ആക്റ്റീവ് രോഗികളുടെ എണ്ണം ഇന്നലെ കുറഞ്ഞിരുന്നു.
ഞായാറാഴ്ചകളിലെ ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണം തുടരാൻ കഴിഞ്ഞ അവലോകന യോഗം തീരുമാനിച്ചിരുന്നതിനാൽ ഇന്ന് ഇക്കാര്യത്തിൽ മാറ്റത്തിന് സാധ്യതയില്ല. ജില്ലകളെ കാറ്റഗറികളായി തിരിച്ചുള്ള നിയന്ത്രണവും തുടർന്നേക്കും. ആൾക്കൂട്ടത്തിന്റെ കാര്യത്തിലും പൊതുപരിപാടികളുടെ നിയന്ത്രണവും ഒരാഴ്ച്ച കൂടി തുടർന്നേക്കും. നിലവിൽ തിരുവനന്തപുരം, ഇടുക്കി, പത്തനംതിട്ട, കൊല്ലം കോട്ടയം ജില്ലകളാണ് സി കാറ്റഗറിയിലുള്ളത്.
ആശങ്കയറിച്ച് കേന്ദ്രം
കേരളത്തിലെ കൊവിഡ് വ്യാപന കണക്കുകളിൽ കേന്ദ്ര ആരോഗ്യ മന്ത്രാലയം ആശങ്ക അറിയിച്ചിട്ടുണ്ട്. കേരളത്തിലും മിസോറാമിലും കൊവിഡ് പൊസിറ്റിവിറ്റി നിരക്ക് കൂടുന്നതിലാണ് കേന്ദ്ര സർക്കാർ ആശങ്ക രേഖപ്പെടുത്തിയത്. കേരളത്തിലെ ടിപിആർ മൂന്നാഴ്ചയ്ക്കിടെ 13.3 ശതമാനത്തിൽ നിന്ന് 47 ശതമാനമായി ഉയർന്നുവെന്ന് കേന്ദ്രം പറയുന്നു. കണ്ടെയ്ൻമെന്റ് സോണുകളിൽ നിയന്ത്രണം കൂട്ടാനാണ് കേന്ദ്ര നിർദ്ദേശം.
ഇന്നലത്തെ കണക്ക്
കേരളത്തില്‍ ഇന്നലെ 42,677 പേര്‍ക്ക് കൂടിയാണ് കൊവിഡ് 19 സ്ഥിരീകരിച്ചത് എറണാകുളം 7055, തിരുവനന്തപുരം 5264, കോട്ടയം 4303, കൊല്ലം 3633, പത്തനംതിട്ട 3385, തൃശൂര്‍ 3186, ആലപ്പുഴ 3010, കോഴിക്കോട് 2891, മലപ്പുറം 2380, പാലക്കാട് 1972, ഇടുക്കി 1710, കണ്ണൂര്‍ 1670, വയനാട് 1504, കാസര്‍ഗോഡ് 714 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. 1,14,610 സാമ്പിളുകളാണ് പരിശോധിച്ചത്.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 5,08,146 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 4,97,025 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 11,121 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1144 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിലവില്‍ 3,69,073 കോവിഡ് കേസുകളില്‍, 3 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്.