ഓസ്‌ലോ: കോവിഡ് ചട്ടങ്ങൾ ലംഘിച്ച നോർവേ പ്രധാനമന്ത്രി യെർനാ സോൾബർഗിന് വൻതുക പിഴ. രണ്ടുവട്ടം മാപ്പു പറഞ്ഞ സോൾബർഗ് പിഴ ശിക്ഷയ്ക്കെതിരെ അപ്പീലിനു പോകുന്നില്ലെന്നും വ്യക്തമാക്കി. സ്വകാര്യ ചടങ്ങുകളിൽ 10 പേരിൽ കൂടുതൽ പാടില്ലെന്നാണ് ചട്ടം. എന്നാൽ റിസോർട്ടിൽ നടത്തിയ ജന്മദിനാഘോഷത്തിൽ 13 പേരുണ്ടായിരുന്നതിനാണ് 20,000 ക്രോണർ (ഏകദേശം 1.75 ലക്ഷം രൂപ) പൊലീസ് പിഴയിട്ടത്.
ഫെബ്രുവരി 25ന് സോൾബർഗിന്റെ ഷഷ്ടിപൂർത്തി പ്രമാണിച്ചായിരുന്നു ചടങ്ങ്. ചടങ്ങിൽ പങ്കെടുക്കാൻ സോൾബർഗിനു കഴിഞ്ഞതുമില്ല. മാർച്ചിലാണ് മാധ്യമങ്ങളിൽ വാർത്ത വന്നത്. പിന്നാലെ പൊലീസ് സ്വന്തം നിലയിൽ അന്വേഷണം തുടങ്ങി. പ്രധാനമന്ത്രിയെ ഇക്കാര്യത്തിൽ ആരോഗ്യമന്ത്രിയും കുറ്റപ്പെടുത്തിയിരുന്നു.