KeralaNews

കൊവിഡ് രോഗികൾ : കോട്ടയം, കാെല്ലം, മലപ്പുറം

കോട്ടയം: ജില്ലയില്‍നിന്നുള്ള ആറു പേര്‍ കോവിഡ് മുക്തരായി. ഇതോടെ ജില്ലയില്‍ രോഗം ഭേദമായവരുടെ ആകെ എണ്ണം 96 ആയി.

പുതിയതായി അഞ്ചു പേര്‍ക്ക് കൂടി രോഗം ബാധിച്ചതായി കണ്ടെത്തി. ഇതില്‍ നാലുപേര്‍ ജൂണ്‍ 26ന് രോഗം സ്ഥിരീകരിച്ച് ചികിത്സയില്‍ കഴിയുന്ന പൊന്‍കുന്നത്തെ സ്വകാര്യ ആശുപത്രി ജീവനക്കാരിയായ പള്ളിക്കത്തോട് സ്വദേശിനിയുടെ ബന്ധുക്കളാണ്. ഇവരുടെ ഭര്‍ത്താവ്(37), ആറും മൂന്നും വയസുള്ള പെണ്‍കുട്ടികള്‍, ഭര്‍തൃമാതാവ്(67) എന്നിവര്‍ക്കാണ് വൈറസ് ബാധിച്ചത്. ഇതോടെ ഇവരുടെ കുടുംബത്തിലെ രോഗബാധിതരുടെ എണ്ണം ആറായി.യുവതിയുടെ ഭര്‍തൃപിതാവിനാണ് ആദ്യം രോഗം സ്ഥിരീകരിച്ചത്. എല്ലാവരും കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

ജൂണ്‍ 19ന് മുംബൈയില്‍നിന്നെത്തി കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന കരിക്കാട്ടൂര്‍ സ്വദേശിനി(26)യാണ് ഇന്ന് പരിശോധനാ ഫലം പോസിറ്റീവായ അഞ്ചാമത്തെയാള്‍. ഹോം ക്വാറന്റയിനില്‍ കഴിയവേ രോഗലക്ഷണങ്ങള്‍ പ്രകടമായതിനെത്തുടര്‍ന്നാണ് യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്ന് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഇവര്‍ക്കൊപ്പം മുംബൈയില്‍നിന്നെത്തിയ ഭര്‍ത്താവിന് നേരത്തെ രോഗം സ്ഥിരീകരിച്ചിരുന്നു.

കോട്ടയം ജില്ലക്കാരായ ആകെ 120 പേരാണ് കോവിഡ് ബാധിതരായി ഇപ്പോള്‍ ചികിത്സയില്‍ കഴിയുന്നത്.

ഇതില്‍ 44 പേര്‍ പാലാ ജനറല്‍ ആശുപത്രിയിലും 35 പേര്‍ കോട്ടയം ജനറല്‍ ആശുപത്രിയിലും, 36 പേര്‍ കോട്ടയം മെഡിക്കല്‍ കോളേജിലും, മൂന്നു പേര്‍ എറണാകുളം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും, രണ്ടു പേര്‍ മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലും ചികിത്സയിലാണ്.

രോഗമുക്തരായവര്‍

1 . ഡല്‍ഹിയില്‍നിന്ന് എത്തി ജൂണ്‍ 18 ന് രോഗം സ്ഥിരീകരിച്ച തൃക്കൊടിത്താനം സ്വദേശിനി (32)

2 . ഹൈദരാബാദില്‍നിന്ന് എത്തി ജൂണ്‍ 19ന് രോഗം സ്ഥിരീകരിച്ച കുറവിലങ്ങാട് സ്വദേശിനി (24)

3 . ഖത്തറില്‍നിന്ന് എത്തി ജൂണ്‍ ഏഴിന് രോഗം സ്ഥിരീകരിച്ച പായിപ്പാട് സ്വദേശി (34)

4 . റിയാദില്‍നിന്ന് എത്തി ജൂണ്‍ 20ന് രോഗം സ്ഥിരീകരിച്ച വാഴപ്പള്ളി സ്വദേശിയായ ആണ്‍ കുട്ടി (10)

5 . റിയാദില്‍നിന്ന് എത്തി ജൂണ്‍ 20ന് രോഗം സ്ഥിരീകരിച്ച വാഴപ്പള്ളി സ്വദേശിയായ പെണ്‍കുട്ടി (6)

6 .അബുദാബിയില്‍നിന്ന് എത്തി ജൂണ്‍ 14ന് രോഗം സ്ഥിരീകരിച്ച് എറണാകുളം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചങ്ങനാശേരി സ്വദേശി (34)

കൊല്ലം:ജില്ലയില്‍ 10 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.തഴവ സ്വദേശികളായ ദമ്പതികള്‍ ഉള്‍പ്പെടെ ജില്ലയില്‍ ഇന്നലെ (ജൂണ്‍ 28) 10 പേര്‍ക്ക് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചു. ഏഴുപേര്‍ വിദേശത്തു നിന്നും രണ്ടുപേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നുമാണ് വന്നത്. മസ്‌കറ്റില്‍ നിന്നും മൂന്ന് പേര്‍, നൈജീരിയയില്‍ നിന്നും രണ്ടു പേര്‍, കുവൈറ്റ്, സൗദി, മംഗലാപുരം ഡല്‍ഹി എന്നിവിടങ്ങളില്‍ നിന്നും ഒരാള്‍ വീതവുമാണ് എത്തിയത്. കുരീപ്പുഴ സ്വദേശിയായ ഒരാള്‍ക്ക് രോഗം പിടിപെട്ടിട്ടുണ്ട്.

തഴവ കടത്തൂര്‍ സ്വദേശി (46), ഭാര്യ (34), മങ്ങാട് സ്വദേശി (23), കുണ്ടറ ഇളമ്പള്ളൂര്‍ സ്വദേശി (49), തൊടിയൂര്‍ വേങ്ങര സ്വദേശി (26), കുന്നത്തൂര്‍ സ്വദേശി (50), തേവലക്കര പുത്തന്‍സങ്കേതം സ്വദേശി (40), നീണ്ടകര പുത്തന്‍തുറ സ്വദേശി (32), തഴവ എസ് ആര്‍ പുരം സ്വദേശി (44), പെരിനാട് കുരീപ്പുഴ സ്വദേശി (55) എന്നിവര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.
മസ്‌കറ്റില്‍ നിന്നും ഈമാസം 20 ന് എത്തിയ തഴവ കടത്തൂര്‍ സ്വദേശികള്‍, 19 ന് എത്തിയ മങ്ങാട് സ്വദേശി എന്നിവര്‍ ഗൃഹനിരീക്ഷണത്തിലായിരുന്നു. നൈജീരിയില്‍ നിന്നും ജൂണ്‍ 18 ന് എത്തിയ കുണ്ടറ ഇളമ്പള്ളൂര്‍ സ്വദേശി ഗൃഹനിരീക്ഷണത്തിലും തൊടിയൂര്‍ വേങ്ങര സ്വദേശി സ്ഥാപന നിരീക്ഷണത്തിലുമായിരുന്നു. സൗദിയില്‍ നിന്നും ജൂണ്‍ 14 ന് എത്തിയ തേവലക്കര പുത്തന്‍സങ്കേതം സ്വദേശി ഗൃഹനിരീക്ഷണത്തിലും കുവൈറ്റില്‍ നിന്നും ജൂണ്‍ 18 ന് എത്തിയ കുന്നത്തൂര്‍ സ്വദേശി സ്ഥാപന നിരീക്ഷണത്തിലും ആയിരുന്നു. ജൂണ്‍ 17 ഡല്‍ഹയില്‍ നിന്നെത്തിയ നീണ്ടകര പുത്തന്‍തുറ സ്വദേശി, 19 ന് മംഗലാപുരത്തുനിന്നുമെത്തിയ തഴവ എസ് ആര്‍ പുരം സ്വദേശി എന്നിവര്‍ ഗൃഹനരീക്ഷണത്തിലും കഴിയുകയായിരുന്നു.
കുരീപ്പുഴ സ്വദേശിയുടെ വിവരങ്ങള്‍ ഉടന്‍ ലഭിക്കും. ട്രൂനാറ്റ് പരിശോധനയില്‍ നെഗറ്റീവായിരുന്നെങ്കിലും സ്രവ പരിശോധനയില്‍ പോസിറ്റീവ് ആവുകയായിരുന്നു.

മലപ്പുറം

ജില്ലയില്‍ അഞ്ച് പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. എടപ്പാള്‍, വട്ടംകുളം മേഖലകളിലെ സ്വകാര്യ ആശുപത്രികളിലെ ഡോക്ടര്‍മാരുള്‍പ്പെടെയുള്ള ജീവനക്കാര്‍ക്കാണ് രോഗബാധ. ഇവര്‍ക്കെല്ലാം സമ്പര്‍ക്കത്തിലൂടെയാണ് വൈറസ് ബാധയുണ്ടായതെന്നും സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി നടത്തിയ സ്രവ പരിശോധനയിലൂടെയാണ് രോഗബാധ സ്ഥിരീകരിച്ചതെന്നും ജില്ലാ കലക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ അറിയിച്ചു. ഇവര്‍ക്കു പുറമെ ജില്ലയില്‍ നിരീക്ഷണത്തിലായിരുന്ന ഒരു തിരുവനന്തപുരം സ്വദേശിക്കും ഇന്നലെ കോവിഡ് 19 സ്ഥിരീകരിച്ചിട്ടുണ്ട്. പുതുതായി രോഗബാധ സ്ഥിരീകരിച്ചവരെല്ലാം മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button