മുംബൈ: മഹാരാഷ്ട്രയില്‍ കൊവിഡ് ബാധിതയായ സ്ത്രീ ആത്മഹത്യ ചെയ്തു. 42കാരിയായ സ്ത്രീയാണ് ആശുപത്രിയില്‍ നിന്നു വീട്ടിലെത്തിയതിന് പിന്നാലെ ആത്മഹത്യ ചെയ്തത്. ഇവര്‍ക്ക് ചികിത്സ നല്‍കാന്‍ വാര്‍ജെ മാല്‍വാടിയിലെ ആശുപത്രി അധികൃതര്‍ വിസമ്മതിച്ചതായും നിര്‍ബന്ധിച്ച് ഡിസ്ചാര്‍ജ് ചെയ്യിപ്പിക്കുകയായിരുന്നെന്നും ഭര്‍ത്താവ് ആരോപിച്ചു.
എന്നാല്‍ ആരോപണം നിഷേധിച്ച ആശുപത്രി അധികൃതര്‍ കൊവിഡ് ചികിത്സയ്ക്ക് ശേഷമാണ് ഇവരെ ഡിസ്ചാര്‍ജ് ചെയ്തതെന്ന് വ്യക്തമാക്കി. ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും രോഗമുക്തി നേടിയതിനാലാണ് ഇവരെ ഡിസ്ചാര്‍ജ് ചെയ്തതെന്നും മറ്റ് കോവിഡ് രോഗികള്‍ക്ക് ബെഡ് ആവശ്യമാണെന്നും ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.
ഏപ്രില്‍ രണ്ട് മുതല്‍ ഭാര്യക്ക് കോവിഡിന്റെ നേരിയ ലക്ഷണങ്ങളുണ്ടായിരുന്നെന്നാണ് ഭര്‍ത്താവിന്റെ മൊഴി. ലക്ഷണങ്ങള്‍ രൂക്ഷമായതിനെ തുടര്‍ന്ന് ഏപ്രില്‍ എട്ടിന് പൂണെയിലെ വാര്‍ജെ മാല്‍വാഡി പ്രദേശത്തെ കോവിഡ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നാല് ദിവസത്തിന് ശേഷം ഏപ്രില്‍ 11 ന് ഇവരെ ഡിസ്ചാര്‍ജ് ചെയ്യുകയായിരുന്നു.
ചികിത്സ തുടരണമെന്ന് വീട്ടുകാര്‍ ആവശ്യപ്പെട്ടെങ്കിലും ആശുപത്രി അധികൃതര്‍ നിര്‍ബന്ധിച്ച് ഡിസ്ചാര്‍ജ് ചെയ്തുവെന്നാണ് സ്ത്രീയുടെ ഭര്‍ത്താവിന്റെ ആരോപണം. ചികിത്സയിലെ പ്രശ്നങ്ങളെക്കുറിച്ച് ഭാര്യ തന്നോട് പരാതിപ്പെട്ടിരുന്നുവെന്നും ഇയാള്‍ പറയുന്നു. വീണ്ടും അവരെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും നേരത്തെ ചികിത്സിച്ച ഡോക്ടര്‍ പുണെയിലുള്ള ഈ ആശുപത്രിയുടെ തന്നെ പ്രധാന ശാഖയിലേക്ക് സിടി സ്‌കാനിനായി റഫര്‍ ചെയ്തുവെന്നും അയാള്‍ പറഞ്ഞു.
ഭാര്യയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും കിടക്കകള്‍ ലഭ്യമല്ലാത്തതിനാല്‍ ആശുപത്രി തിരിച്ചയച്ചു എന്നാണ് ആരോപണം. ഇതിന്റെ പിറ്റേ ദിവസമാണ് സ്ത്രീയെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. അതേസമയം, തങ്ങള്‍ക്ക് ലഭിച്ച പരാതിയില്‍ ഭാര്യക്ക് ആശുപത്രിയില്‍ കിടക്ക നിഷേധിച്ചതായി ഭര്‍ത്താവ് പരാമര്‍ശിച്ചിട്ടില്ലെന്ന് പോലീസ് പറഞ്ഞു.