തിരുവനന്തപുരത്ത് കൊവിഡ് രോഗി ആത്മഹത്യ ചെയ്ത സംഭവം; ആരോഗ്യ മന്ത്രി അന്വേഷണത്തില്‍ ഉത്തരവിട്ടു

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കൊവിഡ് രോഗി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ അന്വേഷണത്തിന് ഉത്തരവിട്ടു. അടിയന്തരമായി അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറോട് ആവശ്യപ്പെട്ടിട്ടുണ്ട്.

ആനാട് സ്വദേശി ഉണ്ണിയാണ് മെഡിക്കല്‍ കോളജില്‍ മരിച്ചത്. കോവിഡ് ഭേദമായി ആശുപത്രിയില്‍നിന്നു ഡിസ്ചാര്‍ജ് ചെയ്യാനിരിക്കെയാണ് സംഭവം. തൂങ്ങിമരിക്കാന്‍ ശ്രമിച്ച യുവാവിനെ ഉടനെ തന്നെ ആശുപത്രി അധികൃതര്‍ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. ഗുരുതരാവസ്ഥയിലായിരുന്ന യുവാവ് പിന്നീട് മരിച്ചു.

ചൊവ്വാഴ്ച ആശുപത്രിയില്‍നിന്ന് കടന്നുകളയാന്‍ ഇയാള്‍ ശ്രമിച്ചിരുന്നു. ആശുപത്രിയില്‍നിന്നും മുങ്ങിയ ഇയാളെ നാട്ടുകാര്‍ പിടികൂടി തിരികെ ത്തിക്കുകയായിരുന്നു. രണ്ടാഴ്ചയായി കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന ഇയാളുടെ രണ്ട് സ്രവ പരിശോധനാഫലങ്ങളും കഴിഞ്ഞ ദിവസങ്ങളില്‍ നെഗറ്റീവായി. ഇതേതുടര്‍ന്ന് ആശുപത്രിയില്‍നിന്ന് വിടുതല്‍ നല്‍കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചിരുന്നു.

ഇതിനിടെയാണ് ചൊവ്വാഴ്ച ആശുപത്രിയില്‍നിന്നു കടന്നു കളഞ്ഞത്. നാട്ടുകാര്‍ പിടികൂടി തിരികെ എത്തിച്ച യുവാവ് ഐസൊലേഷന്‍ വാര്‍ഡില്‍ രാവിലെ തൂങ്ങിമരിക്കാന്‍ ശ്രമിക്കുകയായിരുന്നു. ഇയാള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത് എവിടെ നിന്നാണെന്ന് കണ്ടെത്താനായിരുന്നില്ല.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News