KeralaNews

അങ്ങനെ ചെയ്തില്ലായിരുന്നെങ്കിൽ..; കോവിഡ് രോഗിയെ ബൈക്കിൽ ആശുപത്രിയിലെത്തിച്ച ഡി.വൈ.എഫ്.ഐ പ്രവർത്തകർക്ക് കയ്യടി

ആലപ്പുഴ:മഹാമാരിക്കാലത്തും പ്രളയകാലത്തും സമാനമായ എല്ലാ ദുരന്തമുഖങ്ങളിലും യാതൊരു പ്രതിഫലവും ഇച്ഛിക്കാതെ പ്രവർത്തിച്ച യുവതയുടെ നാടാണ് കേരളം. ഇന്നിതാ ശ്വാസം കിട്ടാതെ മരണത്തെ മുഖാമുഖം കണ്ട കോവിഡ് രോഗിയെ ബൈക്കിലിരുത്തി ആശുപത്രിയിലെത്തിച്ച് മനുഷ്യത്വത്തിന്റെ ഉദാത്ത മാതൃക സൃഷ്ടിച്ചിരിക്കുകയാണ് ആലപ്പുഴ സ്വദേശികളായ രേഖ പി മോളും അശ്വിൻ കുഞ്ഞുമോനും. ഡിവൈഎഫ്ഐ ആലപ്പുഴ ഭഗവതിക്കൽ യൂണിറ്റ് അംഗങ്ങളാണ് ഇരുവരും.

ആലപ്പുഴ പുന്നപ്ര പഞ്ചായത്തിലെ കോവിഡ് രോഗികളെ താമസിപ്പിക്കുന്ന ഡിസിസി സെന്ററിൽ ഇന്നു രാവിലെയാണ് സംഭവം. പഞ്ചായത്തിനു കീഴിലെ സന്നദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി കോവിഡ് രോഗികൾക്ക് ഭക്ഷണമെത്തിക്കാൻ എത്തിയതായിരുന്നു അശ്വിൻ കുഞ്ഞുമോനും രേഖയും. ഈ സമയമാണ് പെട്ടെന്നൊരു രോഗിക്ക് ശ്വാസം കിട്ടാത്ത നിലവന്നത്. കേന്ദ്രത്തിലെ സന്നദ്ധപ്രവർത്തകർ ഉടൻ തന്നെ ആംബുലൻസിൽ വിവരമറിയിച്ചെങ്കിലും ആംബുലൻസ് എത്താൻ പത്തുമിനുട്ട് താമസിക്കുമെന്നതിനാൽ ഒട്ടും സമയം പാഴാക്കാതെ രോഗിയെ ബൈക്കിലിരുത്തി രേഖയും അശ്വിനും ചേർന്ന് ആശുപത്രിയിലെത്തിക്കുകയായിരുന്നു. ആ നിമിഷം ആംബുലൻസിനായി കാത്തിരുന്നുവെങ്കിൽ രോഗിയുടെ ജീവൻ നഷ്ടമായേനെ എന്നിടത്താണ് ഇവരുടെ ജാഗ്രതയുടെ വില ഒരു ജീവനോളം വലുതാവുന്നത്.

സംഭവത്തെ കുറിച്ച് രേഖ പറയുന്നതിങ്ങനെ

ആലപ്പുഴ എൻജിനിയറിങ് കോളേജിന്റെ വുമൺസ് ഹോസ്റ്റലിൽ ഭക്ഷണം എത്തിക്കാൻ പോയതാണ് പതിവു പോലെ ഞാനും അശ്വിനും. നേരത്തെ കോവിഡ് രോഗികളെ കിടത്തിയിരുന്ന ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററായി(സിഎഫ്എൽടിസി) പ്രവർത്തിപ്പിച്ചിരുന്ന വുമൺസ് ഹോസ്റ്റൽ ഇപ്പോൾ ലക്ഷണം ഇല്ലാത്ത കോവിഡ് രോഗികളെ ക്വാറന്റീൻ ചെയ്തിരിക്കുന്ന ഡോമിസിലറി കോവിഡ് സെന്ററാണ് (ഡിസിസി).

രാവിലെ 9മണിക്ക് ഭക്ഷണമെത്തിക്കാനാണ് ഞങ്ങൾ അകത്തു കയറിയത്. . ഒരാൾക്ക് ശ്വാസം കിട്ടുന്നില്ല എന്നാരോ പറഞ്ഞു. ഉടൻ ഓടിചെന്നപ്പോൾ ശ്വാസം വലിക്കാൻ പറ്റാത്ത വല്ലാത്ത അവസ്ഥയിലായിരുന്നു രോഗി. ഉടൻ തന്നെ ഡിസിസി സെന്ററിലെ സന്നദ്ധ പ്രവർത്തകർ ആംബുലൻസ് വിളിച്ചെങ്കിലും എത്താൻ പത്തുമിനുട്ട് എടുക്കുമെന്നറിഞ്ഞു. അത്രനേരം കാത്തുനിന്നാൽ രോഗി ഡെത്താകുമെന്നുറപ്പായിരുന്നു. അതാണ് എങ്ങനെയെങ്കിലും കൊണ്ടുപോകാമെന്ന സാഹസത്തിനു മുതിർന്നത്. മൂന്നാമത്തെ നിലയിൽ നിന്ന് കോണി വഴി ഇറക്കണമായിരുന്നു രോഗിയെ.

കൂടെയുള്ള കോവിഡ് പോസിറ്റീവായ ചെറുപ്പക്കാരോട് സഹായിക്കാൻ അപേക്ഷിച്ചെങ്കിലും അവരാരും മുന്നോട്ടു വന്നില്ലെന്ന് മാത്രമല്ല അവരെല്ലാം വീഡിയോ എടുക്കുന്ന തിരക്കിലായിരുന്നു. തൊട്ടടുത്ത മുറിയിലുണ്ടായ വയസ്സായ ആളുടെ സഹായത്താൽ ഞങ്ങൾ മൂന്ന് പേരും കൂടിയാണ് താഴത്തെത്തിച്ചത്”, രേഖ പറയുന്നു.

താഴത്തെത്തിയപ്പോഴേക്കും സെന്ററിലെ സന്നദ്ധപ്രവർത്തകരായ ചന്തുവും അതുലും ആംബുലൻസ് വിളിച്ചിരുന്നു. എന്നാൽ പത്തുമിനുട്ടെന്നത് രോഗിയുടെ ജീവൻ രക്ഷിക്കാനുള്ള വിലപ്പെട്ട സമയമാണ് അതാണ് രോഗിയെ ബൈക്കിൽ കയറ്റി അടുത്തുള്ള പ്രൈവറ്റ് ആശുപത്രിയിലെത്തിച്ചത്.

രോഗിയെ നടുക്കിരുത്തി രേഖ പുറകിലിരുന്നു. അശ്വിൻ മുന്നിലിരുന്ന വണ്ടിയോടിച്ചു. നേരെ കൊണ്ടു പോയത് പ്രൈവറ്റ് ഹോസ്പിറ്റലലായിരുന്നു.ആദ്യം രോഗിയെ എടുക്കില്ലെന്ന പറഞ്ഞെങ്കിലും ആളുടെ അവസ്ഥ മനസ്സിലാക്കിയപ്പോഴാണ് അഡ്മിറ്റ് ആക്കിയത്. പിന്നീട് കോവിഡ് ഹോസ്പിറ്ററിലേക്ക് റഫർ ചെയ്തു. രോഗിയുടെ നില ഇപ്പോൾ സ്റ്റേബിളാണ്”, രേഖ കൂട്ടിച്ചേർത്തു.

സിഎഫ്എൽടിസിയിൽ ഓക്സിജൻ സൗകര്യമില്ലെന്ന തരത്തിലുള്ള ചില മാധ്യമങ്ങളുടെ വാർത്ത തെറ്റാണെന്ന് അശ്വിൻ പറയുന്നു. “ഇത് സിഎഫ്എൽടിസിയല്ല ഡിസിസിയാണ്. ഡിസിസിയിൽ ചികിത്സയുണ്ടാവില്ല. ലക്ഷണങ്ങളില്ലാത്തവരെ വീട്ടിൽ സൗകര്യമില്ലാത്തതിനാൽ താമസിപ്പിക്കുന്ന ക്വാറന്റീൻ കേന്ദ്രം മാത്രമാണ് ഡിസിസി”, അശ്വിൻ കൂട്ടിച്ചേർത്തു.

കോവിഡിന്റെ ആദ്യ തരംഗം തൊട്ട് സന്നദ്ധ പ്രവർത്തനങ്ങളിൽ അശ്വിനും രേഖയും സജീവമായുണ്ട്.. അന്ന് കൺട്രോൾ റൂമിലായിരുന്നു പ്രവർത്തനം. വീടുകളിൽ പോയി മരുന്നും ഭക്ഷണവും എത്തിച്ചുകൊടുക്കുമായിരുന്നു. അന്ന് മണ്ണഞ്ചേരി പഞ്ചായത്തിനു കീഴിലായിരുന്നു പ്രവർത്തനം. കഴിഞ്ഞ പുന്നപ്രയിലെ ഡിസിസി സെന്ററിൽ ഭക്ഷണമെത്തിക്കുന്ന ചുമതല ഇവരടക്കമുള്ള 16ഓളം സന്നദ്ധ പ്രവർത്തകരാണ് ചെയ്യുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button