കൊവിഡ് നെഗറ്റീവ് എന്ന് പറഞ്ഞ് ആശുപത്രി അധികൃതര്‍ നിര്‍ബന്ധിച്ച് ഡിസ്ചാര്‍ജ് ചെയ്യിപ്പിച്ച യുവാവ് പിറ്റേ ദിവസം മരിച്ചു; മരണാനന്തര പരിശോധനയില്‍ പോസിറ്റീവ്

അരീക്കോട്: അരീക്കോട് ചെമ്രക്കാട്ടൂര്‍ സ്വദേശി രതീഷ് (38) കൊവിഡ് ബാധിച്ച് മരിച്ചതില്‍ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് ജനകീയ ആക്ഷന്‍ കമ്മിറ്റി ജില്ലാ കളക്ടര്‍ക്ക് പരാതി നല്‍കി. കൊവിഡ് ലക്ഷണങ്ങളോടെ ഏപ്രില്‍ 22-ാം തീയതിയാണ് രതീഷിനെ മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. എന്നാല്‍ ആശുപത്രിയില്‍ അസൗകര്യം ഉണ്ടെന്ന് അറിയിച്ചതോടെ പെരിന്തല്‍മണ്ണ താലൂക്ക് ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തു. ഇതിനിടെ ന്യുമോണിയ വര്‍ദ്ധിക്കുകയും ശ്വാസതടസം അനുഭവപ്പെടുകയും ചെയ്തതോടെ 23ന് രാത്രി പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

25ന് നടത്തിയ കൊവിഡ് പരിശോധനയില്‍ ഫലം നെഗറ്റീവ് ആയിരുന്നു. ഇതെ തുടര്‍ന്ന് ആശുപത്രി അധികൃതര്‍ നിര്‍ബന്ധിച്ച് ഡിസ്ചാര്‍ജ് ചെയ്യിപ്പിച്ചു. ഈ സമയവും രതീഷിന് ശാരീരിക ബുദ്ധിമുട്ടുകള്‍ ഉണ്ടായിരുന്നു. വീട്ടിലെത്തിയപ്പോള്‍ ശ്വാസതടസവും പ്രയാസങ്ങളും അനുഭവപ്പെട്ടതോടെ രതീഷിനെ 26ന് മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. എന്നാല്‍ യാത്ര മധ്യേ മരണം സംഭവിച്ചു.

മരണത്തിന് ശേഷം നടത്തിയ പരിശോധനയില്‍ കൊവിഡ് പോസിറ്റീവ് ആയിരുന്നു. കൊവിഡ് പോസിറ്റീവായി തുടര്‍ന്ന രോഗിയോട് അധികാരികള്‍ കാണിച്ച ക്രൂരതയാണ് രതീഷിന്റെ മരണം സംബന്ധിച്ച് അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് ആക്ഷന്‍ കമ്മിറ്റി അംഗങ്ങളായ അജീഷ് എടാലത്ത്, ഷഫീഖ്,കെ സാദില്‍,ബാബു ഗോകുലം എന്നിവര്‍ ജില്ലാ കലക്ടര്‍ക്ക് പരാതി നല്‍കി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News