FeaturedNationalNews

കൊവിഡ് വ്യാപനം രൂക്ഷം,വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിടാന്‍ ഉത്തരവ്,തെലങ്കാനയിലും സ്ഥിതി ഗുരുതരം

ഹൈദരാബാദ്: തെലങ്കാനയിൽ കോവിഡ് വീണ്ടും പടർന്നു പിടിക്കുന്നതിനാൽ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചിടാൻ വിദ്യാഭ്യാസ മന്ത്രി സബിതാ ഇന്ദ്രാ റെഡ്ഢി ഉത്തരവിട്ടു. സംസ്ഥാനത്ത് കോവിഡ് -19 കേസുകൾ വർദ്ധിച്ച സാഹചര്യത്തിൽ, (പ്രത്യേകിച്ചും സ്കൂളുകളിൽ) എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും നാളെ മുതൽ താൽക്കാലികമായി അടയ്ക്കാൻ തീരുമാനിച്ചു.

എന്നാൽ ഓൺലൈൻ ക്ലാസുകൾ പതിവുപോലെ തുടരുമെന്ന് സർക്കാർ അറിയിച്ചു.“ഓഫ്‌ലൈൻ ക്ളാസുകൾ നിർത്തിവെക്കാൻ മാതാപിതാക്കളിൽ നിന്ന് നിരവധി അഭ്യർത്ഥനകൾ ഞങ്ങൾക്ക് ലഭിച്ചതായി’ വിദ്യാഭ്യാസ മന്ത്രി പറഞ്ഞു. ഈ ഉത്തരവുകൾ എല്ലാ ഹോസ്റ്റലുകൾക്കും ഗുരുകുൽ സ്കൂളുകൾക്കും ബാധകമാണ്.

അതേസമയം അധ്യാപകർ തുടർന്നും ഡ്യൂട്ടി ചെയ്യേണ്ടതാണെന്നും ഉത്തരവിലുണ്ട്. കഴിഞ്ഞ ആഴ്ചയിൽ, സ്‌കൂളുകൾ തുറന്നതോടെ വിവിധ സ്കൂളുകളിൽ നിന്നുള്ള നൂറുകണക്കിന് വിദ്യാർത്ഥികൾക്ക് കോവിഡ് ബാധിക്കുകയും ഇവരിൽ നിന്ന് മാതാപിതാക്കളിലേക്കും രോഗം പകരുകയും ചെയ്തിരുന്നു.

അഞ്ച് സംസ്ഥാനങ്ങളിലെ കൊവിഡ് വ്യാപനം രൂക്ഷമായി തുടരുകയാണ്. ഇതിനിടെ രാജ്യത്ത് ഉപയോഗിക്കുന്ന വാക്സീനുകൾ സുരക്ഷിതമാണെന്ന് കേന്ദ്രം നിയോഗിച്ച സമിതിയുടെ റിപ്പോർട്ട് പുറത്തു വന്നു. നാല്‍പത്തിയാറായിരം പേർക്കാണ് കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ചതെങ്കില്‍ ഇന്ന് പുറത്ത് വന്ന കണക്കനുസരിച്ച് 40715 പേരാണ് കൊവിഡ് ബാധിതര്‍.

മുംബൈയിലും, പുണെയിലുമുൾപ്പടെ കർശന നിയന്ത്രണങ്ങൾ നടപ്പിലാക്കിയിട്ടും മഹാരാഷ്ട്രയിലെ കൊവിഡ് ആശങ്കയ്ക്ക് ശമനമില്ല. പഞ്ചാബ്, കേരളം, കർണാടക, തമിഴ്നാട്, ഛത്തിസ്ഗഡ്, ഗുജറാത്ത്, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിലും ആയിരത്തിലധികം കേസുകൾ ഉണ്ട്. ദില്ലിയിലും പ്രതിദിനം 800 ലധികം കേസുകൾ റിപ്പോർട്ട് ചെയ്യുന്നു.

ഇന്ത്യയിൽ കൊവിഡിൻ്റെ വ്യാപന തോത് കൂടിയെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു ഒരാളിൽ നിന്ന് ഒന്നിലധികം പേരിലേക്ക് രോഗം പകരും വിധം വൈറസിൻ്റെ വ്യാപന ശേഷി കൂടിയതായി ലോകാരോഗ്യ സംഘടനയുടേതടക്കം റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.ഇതിനിടെ വാക്സിൻ കുത്തിവെക്കുന്നവരിൽ ചോര കട്ടപിടിക്കുന്നതുൾപ്പടെയുള്ള പാർശ്വഫലങ്ങളില്ലെന്ന് കേന്ദ്രം നിയോഗിച്ച സംഘം കണ്ടെത്തി. കൊവിഷീല്‍ഡ് കുത്തിവയ്ക്കുന്നവരില്‍ രക്തം കട്ടപിടിക്കുന്നുവെന്ന പ്രചരണം ശക്തമായതിനെ തുടര്‍ന്നാണ് പാര്‍ശ്വഫലങ്ങളെക്കുറിച്ച് പഠിക്കാന്‍ ആരോഗ്യമന്ത്രാലയം വിദഗ്ധ സംഘത്തെ നിയോഗിച്ചത്.

രാജ്യത്ത് കോവിഡ് വാക്‌സിനേഷന്റെ മൂന്നാം ഘട്ടം ഏപ്രിൽ ഒന്നിന് ആരംഭിക്കും. കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കറാണ് ഇക്കാര്യം അറിയിച്ചത്. 45 വയസിന് മുകളിലുള്ളവർക്ക് മൂന്നാം ഘട്ടത്തിൽ വാക്‌സിൻ നൽകും. ആരോഗ്യ പ്രശ്‌നങ്ങളില്ലാവർക്കും വാക്‌സിൻ കുത്തിവെയ്പ്പ് നൽകും.എല്ലാവരും വാക്‌സിനേഷൻ സ്വീകരിക്കുന്നതിനായി രജിസ്റ്റർ ചെയ്യണമെന്ന് പ്രകാശ് ജാവദേക്കർ പറഞ്ഞു. വാക്‌സിനേഷൻ പ്രക്രിയയിലെ നിർണായക ചുവടുവെയ്പ്പാണിത്. കൂടുതൽ വാക്‌സിനുകൾ മാർക്കറ്റിലെത്തിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വാക്‌സിനേഷന്റെ രണ്ടാം ഡോസ് എടുക്കാനുള്ള സമയപരിധിയും നീട്ടിയിട്ടുണ്ട്. കോവിഷീൽഡ് വാക്‌സിന് മാത്രമാണ് ഇത് ബാധകം. ആദ്യ ഡോസ് കോവിഷീൽഡ് വാക്‌സിൻ എടുത്തവർ അടുത്ത എട്ടാഴ്ച്ചക്കുള്ളിൽ വാക്‌സിൻ കുത്തിവെയ്പ്പ് സ്വീകരിച്ചാൽ മതിയെന്നാണ് പുതിയ നിർദ്ദേശം.

പുതിയ റിപ്പോർട്ടുകളുടെയും തെളിവുകളുടെയും അടിസ്ഥാനത്തിലാണ് കോവിഷീൽഡ് വാക്‌സിൻ ഡോസുകൾക്കിടയിൽ മാറ്റം വരുത്താൻ ആരോഗ്യ മന്ത്രാലയം തീരുമാനിച്ചത്. നാലു മുതൽ എട്ട് ആഴ്ച്ചകളുടെ വ്യത്യാസത്തിൽ രണ്ടാം ഡോസ് സ്വീകരിക്കുന്നതിലൂടെ കൂടുതൽ പ്രതിരോധം ലഭിക്കും. നാലു മുതൽ ആറാഴ്ച്ചകളുടെ വ്യത്യാസത്തിൽ വാക്‌സിൻ നൽകാമെന്നായിരുന്നു കൊവിഷീൽഡിന് അടിയന്തര ഉപയോഗാനുമതി നൽകിയിരുന്നപ്പോൾ നിർദ്ദേശിച്ചിരുന്നത്.

അതിനിടെ പഞ്ചാബിൽ കോവിഡിന്റെ യു.കെ വകഭേദം വ്യാപിക്കുകയാണെന്നും അതുകൊണ്ട് വാക്സിൻ വിതരണത്തിലെ പ്രായപരിധി ഒഴിവാക്കണമെന്നും പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിങ്. യുകെ വകഭേദ വൈറസിന് കോവിഷീൽഡ് ഫലപ്രദമാണെന്ന് യുകെ അധികൃതർ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. അതു കൊണ്ട് യുവാക്കൾക്കും അടിയന്തരമായി വാക്സിൻ നൽകണം-അമരിന്ദർ സിങ് പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു.

കോവിഡ് രോഗികളുടെ സാമ്പിളുകൾ ശേഖരിച്ച് ജനിതക ശ്രേണി നടത്തിയ 401 സാമ്പിളുകളിൽ 81 ശതമാനവും യുകെ വകഭേദമാണെന്ന് കണ്ടെത്തിയത്. കഴിഞ്ഞ നവംബർ മുതലാണ് വ്യാപന ശേഷി കൂടുതലുള്ള ഈ വകഭേദം യുകെയിൽ വ്യാപിച്ചു തുടങ്ങിയത്.ഇന്നിപ്പോൾ യുകെയിൽ കണ്ടു വരുന്ന 98 ശതമാനം കോവിഡ് കേസുകളും സ്പെയിനിലെ 90 ശതമാനം കോവിഡ് കേസുകളും യുകെ വകഭേദമായ ബി 117 ശ്രേണിയിൽപ്പെട്ടതാണ്.

കഴിഞ്ഞ ഏതാനും ആഴ്ചകളായി കോവിഡ് കേസുകളുടെ എണ്ണത്തിൽ വലിയ വർധനവാണ് പഞ്ചാബിലുണ്ടായത്. മഹാരാഷ്ട്രയുൾപ്പെടെ മറ്റ് ഏഴ് സംസ്ഥാനങ്ങളിലും ഇത്തരത്തിൽ കോവിഡ് കേസുകൾ വർധിക്കുന്നുണ്ട്. രാജ്യത്തെ കോവിഡിന്റെ രണ്ടാം തരംഗമായാണ് ഇതിനെ കണക്കാക്കുന്നത്.

നിലവിൽ കോവിഡ് കേസുകൾ ഉയർന്നുവരുന്ന സാഹചര്യത്തെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ച മുഖ്യമന്ത്രി വലിയൊരു വിഭാഗം ജനങ്ങൾക്ക് വാക്സിനേഷൻ അടിയന്തിരമായി എത്തിക്കേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറഞ്ഞു. വ്യാപനത്തിന്റെ തോത് കുറയ്ക്കാനും ബ്രേക്ക് ദി ചെയിനിനും ആളുകൾക്ക് പ്രതിരോധ കുത്തിവയ്പ്പ് നൽകേണ്ടത് അത്യാവശ്യമാണ്, ‘മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നുള്ള ഒരു പ്രസ്താവനയിൽ പറയുന്നു.24 മണിക്കൂറിനിടെ 2,229 പുതിയ കേസുകളാണ് പഞ്ചാബിൽ റിപ്പോർട്ട് ചെയ്തത്. 58 ആളുകളാണ് ഒറ്റ ദിവസം സംസ്ഥാനത്ത് മരിച്ചത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button