തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ ശ്വാസകോശ രോഗലക്ഷണങ്ങളുള്ള എല്ലാവരെയും കണ്ടെത്താനും നിരീക്ഷണത്തിലാക്കാനും തീരുമാനം. പനി ലക്ഷണങ്ങളുള്ളവര്‍ക്ക് കൊവിഡ് പരിശോധന നടത്തും.
ഇതോടൊപ്പം എല്ലാ ജില്ലകളിലും വ്യക്തിഗത ബോധവത്കരണത്തിന് പദ്ധതികള്‍ ആരംഭിക്കും. കൊവിഡ് ലക്ഷണങ്ങള്‍ സ്വയം നിരീക്ഷിക്കാനും ആവശ്യമെങ്കില്‍ ശരീരത്തിലെ ഓക്സിജന്‍ അളവ് നിരീക്ഷിക്കാനുള്ള പള്‍സ് ഓക്സിമീറ്റര്‍ സ്വയം ഉപയോഗിക്കാനും പരിശീലനം നല്‍കും.
രണ്ടാഴ്ചത്തെ കണക്കുകള്‍ വിലയിരുത്തിയാണ് ആരോഗ്യവകുപ്പിന്റെ തീരുമാനം. സംസ്ഥാനത്തെ 12,456 പേരും രോഗബാധിതരായത് സെപ്റ്റംബര്‍ ആദ്യ ആഴ്ചയിലാണ്. 53 മരണം റിപ്പോര്‍ട്ടും ചെയ്തു. രോഗികളുടെ എണ്ണം ഉയര്ന്നുനില്ക്കുന്ന മലപ്പുറം, കാസര്‍കോട്, തിരുവനന്തപുരം, എറണാകുളം ജില്ലകളില്‍ പരിശോധന വ്യാപിപ്പിക്കും.
സ്വകാര്യ മേഖലയുമായി ചേര്‍ന്ന് നടപടി സ്വീകരിക്കാനാണ് ആവശ്യപ്പെട്ടിട്ടുള്ളത്. ഈ ജില്ലകളില്‍ ഓഗസ്റ്റ് അവസാനവാരം മുതല്‍ പോസിറ്റിവിറ്റി നിരക്ക് കൂടുതലാണെന്നാണു കണ്ടെത്തല്‍.