23.9 C
Kottayam
Tuesday, May 21, 2024

മലയാള സിനിമയിലേക്ക് കള്ളപ്പണം ഒഴുകുന്നു? രഹസ്യാന്വേഷണ വിഭാഗം അന്വേഷണം ആരംഭിച്ചു

Must read

തിരുവനന്തപുരം: മലയാള സിനിമയിലേക്ക് കള്ളപ്പണം ഒഴുകുന്നുവെന്ന ആരോപണത്തിന്റെ അടിസ്ഥാനത്തില്‍ രഹസ്യാന്വേഷണ വിഭാഗം അന്വേഷണം ആരംഭിച്ചു. സ്വര്‍ണക്കടത്ത്, മയക്കു മരുന്ന് സംഘങ്ങള്‍ സിനിമയ്ക്കായി പണം മുടക്കിയിട്ടുണ്ടോ എന്നതും പരിശോധിക്കും. 2019 ജനുവരി മുതല്‍ ചിത്രീകരണം തുടങ്ങിയ സിനിമകളുടെ സാമ്പത്തിക വിവരങ്ങളാണ് സംസ്ഥാന രഹസ്യാന്വേഷണ വിഭാഗം ശേഖരിക്കുന്നത്.

അടുത്തിടെ റിലീസ് ആയ സിനിമകളുടെ സാമ്പത്തിക വിവരങ്ങള്‍ തേടി നിര്‍മാതാക്കളുടെ സംഘടനയ്ക്ക് സ്‌പെഷ്യല്‍ ബ്രാഞ്ച് കത്ത് അയച്ചു. താരങ്ങള്‍ക്ക് നല്‍കിയ പ്രതിഫലം, നിര്‍മാതാക്കള്‍ ആരൊക്കെ, നിര്‍മാണ ചെലവ് എത്ര, പണത്തിന്റെ ഉറവിടം എന്നീ വിവരങ്ങളാണ് തേടുന്നത്. എത്രയും വേഗം മറുപടി നല്‍കണമെന്നും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന് നല്‍കിയ കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

അടുത്തിടെ വലിയ മുതല്‍ മുടക്കില്‍ ഒട്ടേറെ സിനിമകള്‍ ചിത്രീകരിച്ചിരുന്നു. ഭൂരിഭാഗം സിനിമകള്‍ക്കും തീയേറ്ററുകളില്‍ നിന്നോ സാറ്റലൈറ്റ് തുകയില്‍ നിന്നോ മുടക്കു മുതല്‍ തിരിച്ചു പിടിക്കാന്‍ സാധിച്ചിട്ടുമില്ല. എന്നിട്ടും ഓരോ വര്‍ഷവും സിനിമകളുടെ എണ്ണം കൂടുന്നത് കള്ളപ്പണത്തിന്റെ ഒഴുക്ക് മൂലമാണെന്നാണ് സംശയിക്കുന്നത്.

ഇത്തരമൊരു സംശയം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികളും മുന്നോട്ടു വെച്ചിരുന്നു. സ്വര്‍ണക്കടത്ത്, മയക്കു മരുന്ന് സംഘങ്ങള്‍ക്കും സിനിമാ മേഖലയുമായി അടുത്ത ബന്ധമുണ്ടെന്നത് ഏറെ കാലമായി കേള്‍ക്കുന്ന ആരോപണമാണ്. ഇക്കാര്യവും സ്‌പെഷ്യല്‍ ബ്രാഞ്ച് അന്വേഷണത്തിന്റെ പരിധിയില്‍ വരും.

അതേസമയം രഹസ്യാന്വേഷണ വിഭാഗത്തിന്റെ വിവര ശേഖരണം എല്ലാ വര്‍ഷവും ഉള്ളതാണെന്നും ഇത്തവണയും കൃത്യമായ വിവരങ്ങള്‍ നല്‍കുമെന്നും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ നേതൃത്വം വ്യക്തമാക്കി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week