മുംബൈ:ലോക്ഡൗൺ നിയന്ത്രണങ്ങളിൽ ഇളവുകൾ പ്രഖ്യാപിച്ച് മഹാരാഷ്ട്ര. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറവുളള ജില്ലകളിലാണ് നിയന്ത്രണങ്ങളിൽ ഇളവ് നൽകുന്നത്.
എല്ലാ കടകൾക്കും രാത്രി എട്ടുവരെ തുറന്നു പ്രവർത്തിക്കാം. ശനിയാഴ്ചകളിൽ ഇത് മൂന്നു മണിവരെയായിരിക്കും. ഞായറാഴ്ചകളിൽ അത്യാവശ്യ സാധനങ്ങൾ വിൽക്കുന്ന കടകൾ ഒഴികെയുള്ളവ എല്ലാം അടച്ചിടണം.
വ്യായാമത്തിനായി എല്ലാ പൊതുഉദ്യാനങ്ങളും കളിസ്ഥലങ്ങളും തുറക്കാം.
എല്ലാ സർക്കാർ സ്വകാര്യ ഓഫീസുകളും പൂർണശേഷിയിൽ പ്രവർത്തിക്കാം. യാത്ര ചെയ്യുന്ന സമയത്തെ തിരക്ക് ഒഴിവാക്കുന്നതിനായി ജോലി സമയത്തിൽ മാറ്റം കൊണ്ടുവരണം.
വർക്ക് ഫ്രം ഹോം തുടരാം.
കാർഷിക പ്രവർത്തനങ്ങൾ, വ്യാവസായിക ജോലികൾ, ചരക്കുനീക്കം എന്നിവ പൂർണശേഷിയിൽ നടത്താം.
ജിം, യോഗ സെന്ററുകൾ, ബാർബർ ഷോപ്പുകൾ, ബ്യൂട്ടി പാർലർ, സ്പാര എന്നിവയ്ക്ക് എയർകണ്ടീഷൻ പ്രവർത്തിപ്പിക്കാതെ തുറക്കാം. ശേഷിയുടെ അമ്പത് ശതമാനത്തെ മാത്രം ഉൾക്കൊളളിച്ചു കൊണ്ടായിരിക്കണം ആളുകൾക്ക് പ്രവേശനം നൽകേണ്ടത്. രാത്രി എട്ടുമണി വരെ ഇവയ്ക്ക് തുറന്നുപ്രവർത്തിക്കാം. എന്നാൽ ശനിയാഴ്ചയിൽ മൂന്നുമണി വരെ മാത്രമായിരിക്കും അനുമതി. ഞായറാഴ്ച തുറക്കാൻ അനുമതിയില്ല.
ഇരിപ്പിടത്തിന്റെ ശേഷിയുടെ അമ്പത് ശതമാനം ആളുകൾക്ക് പ്രവേശനം നൽകി റെസ്റ്റോറന്റുകൾ തുറക്കാം. നാലുമണിവരെ മാത്രമായിരിക്കും പ്രവർത്തന സമയം.
അതേസമയം തിയേറ്ററുകൾ, നാടകശാലകൾ, ആരാധനാലയങ്ങൾ എന്നിവ അടഞ്ഞുതന്നെ കിടക്കും.
ആൾക്കൂട്ടം നിയന്ത്രിക്കുന്നതിനായി പിറന്നാൾ ആഘോഷം, മറ്റു സാമൂഹിക സാംസ്കാരിക പരിപാടികൾ, തിരഞ്ഞെടുപ്പ്, തിരഞ്ഞെടുപ്പ് പ്രചാരണം, റാലികൾ, പ്രതിഷേധ മാർച്ചുകൾ
എന്നിവയ്ക്ക് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.
ജനങ്ങൾ മാസ്ക് ധരിക്കുകയും സാമൂഹിക അകലം പാലിക്കുകയും ചെയ്യുന്നത് തുടരണം. കോവിഡ് പ്രോട്ടോക്കോൾ ലംഘിക്കുന്നവർക്കെതിരേ നടപടിയെടുക്കും.
കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ് നൽകാത്ത പ്രദേശങ്ങളിലുളളവർ സഹകരിക്കണമെന്നും മുഖ്യമന്ത്രി ഉദ്ധവ് താക്കറേ ആവശ്യപ്പെട്ടിട്ടുണ്ട്. കോലാപുർ, റായ്ഗഡ്, രത്നഗിരി, സിന്ധുദർഗ് എന്നീ ജില്ലകളിൽ കോവിഡ് സാഹചര്യങ്ങൾ ആശങ്കയുയർത്തുന്നതാണെന്നും അദ്ദേഹം പറഞ്ഞു.