തിരുവനന്തപുരം:സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ ഇളവില്‍ ചീഫ് സെക്രട്ടറി തല ശുപാര്‍ശ. വാരാന്ത്യ ലോക്ക്ഡൗണ്‍ ഞായറാഴ്ച മാത്രമാക്കണം. ആഴ്ചയില്‍ ആറ് ദിവസം എല്ലാ കടകളും തുറക്കാന്‍ അനുമതി നല്‍കണം തുടങ്ങിയവയാണ് പ്രധാന ശുപാര്‍ശകള്‍. ഇന്ന് വൈകിട്ട് ചേരുന്ന അവലോകന യോഗത്തില്‍ ഇതുസംബന്ധിച്ച് അന്തിമ തീരുമാനം എടുക്കും. കടകള്‍ തുറക്കുന്ന സമയവും ഇന്ന് തീരുമാനിക്കും.
സംസ്ഥാനത്ത് ടിപിആര്‍ അടിസ്ഥാനത്തിലുള്ള കൊവിഡ് നിയന്ത്രണങ്ങളില്‍ മാറ്റം കൊണ്ട് വരുന്നത് അടക്കമുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാനുള്ള അവലോകന യോഗത്തില്‍ നിരവധി ഇളവുകള്‍ പ്രഖ്യാപിച്ചേക്കും. രോഗവ്യാപനം കൂടിയ വാര്‍ഡുകള്‍ മാത്രം അടച്ചുള്ള ബദല്‍ നടപടി ആലോചനയിലുണ്ട്.
നിലവിലെ രീതി മാറ്റി, മൈക്രോ കണ്ടെയ്‌മെന്‍മെന്‍റ് സോണുകള്‍ കേന്ദ്രീകരിച്ച് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനാവും പ്രധാന നിര്‍ദേശം.
വാരാന്ത്യ ലോക്ക് ഡൗണ്‍ അടക്കം കൊവിഡ് നിയന്ത്രണങ്ങളില്‍ സര്‍ക്കാര്‍ മാറ്റം വരുത്താനിരിക്കെ നിര്‍ദേശങ്ങളുമായി ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ കേരളഘടകം രംഗത്തെത്തിയിരുന്നു.എല്ലാ മേഖലകളും തുറക്കണമെന്നും വിദ്യാഭ്യാസ്ഥാപനങ്ങളില്‍ അധ്യയനം വേണമെന്നും ഐഎംഎ ആവശ്യപ്പെടുന്നു.
18 വയസ്സിന് മുകളില്‍ പ്രായമുള്ള വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന എല്ലാ സ്ഥാപനങ്ങളും തുറക്കണം. വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും വാക്സീന്‍ നല്‍കിയ ശേഷം വേണം അധ്യയനം ആരംഭിക്കാന്‍. 18 വയസിന് താഴെ പ്രായമുള്ളവര്‍ക്കും വാക്സീന്‍ നല്‍കുകയും വിദ്യാഭ്യാസസ്ഥാപനങ്ങള്‍ തുറക്കുകയും വേണം. പ്രധാന ടൂറിസം കേന്ദ്രങ്ങളും തുറക്കണം.
എല്ലാ വ്യാപാര- വ്യവസായശാലകളും എല്ലാ ദിവസവും തുറക്കണമെന്നും ഐഎംഎ ആവശ്യപ്പെടുന്നു.കേരളത്തിലെ എല്ലാ ജില്ലകളെയും ഉള്‍പ്പെടുത്തി വിപുലമായ സീറോ സര്‍വേക്ക് തയാറാണെന്നും ഐ.എം.എ വ്യക്തമാക്കി. നിലവില്‍ മൂന്ന് ജില്ലകളില്‍ മാത്രമാണ് സിറോ സര്‍വ്വേ നടത്തിയത്. ഇതിന് പകരം എല്ലാ ജില്ലകളിലുമായുള്ള ആധികാരിക പഠനം വേണം.
കൂടുതല്‍ സിഎഫ്‌എല്‍ടിസികള്‍ സജ്ജമാക്കണമെന്നും ഈ ഘട്ടത്തില്‍ ആരോഗ്യപ്രവര്‍ത്തകരെ സമരത്തിലേക്ക് തള്ളി വിടരുതെന്നും ഐഎംഎ ആവശ്യപ്പെടുന്നു. വാക്സിന്‍ വിതരണം ആരോഗ്യ വകുപ്പ് നേരിട്ട് നടത്തണം. വാക്സീന്‍ വിതരണം പലയിടത്തും സംഘര്‍ഷത്തിലേക്ക് നീങ്ങുകയാണെന്നും വാക്സീന്‍ കൊടുക്കന്നതില്‍ രാഷ്ട്രീയ ഇടപെടലുണ്ടെന്നും ഐഎംഎ ആരോപിക്കുന്നു. ചെറുകിട ആശുപത്രികള്‍ക്ക് അടക്കം വാക്സീന്‍ വാങ്ങാന്‍ സൗകര്യമൊരുക്കണമെന്നും ഐഎംഎ പറഞ്ഞു.
അതിനിടെ സംസ്ഥാനത്ത് കൊവിഡ് മൂന്നാം തരംഗം ഫലപ്രദമായി പ്രതിരോധിക്കുന്നതിന് ആശുപത്രികളുടെ മുന്നൊരുക്കം വിലയിരുത്തുന്നതിന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ മെഡിക്കല്‍ കോളേജുകളുടേയും പ്രധാന ആശുപത്രികളുടേയും അവലോകന യോഗം ചേര്‍ന്നു. മെഡിക്കല്‍ കോളേജുകളുടെ ഭാരം കുറയ്ക്കാനായി ദ്വിതീയ തലത്തിലെ പെരിഫെറല്‍ ആശുപത്രികളിലുള്ള ഐ.സി.യു. ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ ശക്തിപ്പെടുത്തുന്നതാണ്. ഈ ഐ.സി.യു.കളെ മെഡിക്കല്‍ കോളേജുകളുമായി ഓണ്‍ലൈനായി ബന്ധിപ്പിക്കുന്നതാണ്. ഇതിലൂടെ ജില്ലാ, ജനറല്‍ ആശുപത്രികളിലെ ഐ.സി.യു. രോഗികളുടെ ചികിത്സയില്‍ മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാര്‍ക്ക് കൂടി ഇടപെട്ട് തീരുമാനമെടുക്കാന്‍ സാധിക്കും. ഇതിലൂടെ മെഡിക്കല്‍ കോളേജുകളുടെ ഭാരം കുറയ്ക്കാനും ദ്വിതീയ തലത്തില്‍ തന്നെ മികച്ച തീവ്ര പരിചരണം ഉറപ്പാക്കാനും സാധിക്കുന്നതാണ്.
ആശുപത്രികളില്‍ കിടക്കകളും, ഓക്‌സിജന്‍ കിടക്കകളും, ഐ.സി.യു.കളും, വെന്റിലേറ്റര്‍ സൗകര്യങ്ങളും പരമാവധി ഉയര്‍ത്തണമെന്ന് മന്ത്രി വകുപ്പ് മേധാവികള്‍ക്ക് നിര്‍ദേശം നല്‍കി. സംസ്ഥാനതലത്തില്‍ ആരോഗ്യ വകുപ്പ് ഡയറക്ടറും മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറും ജില്ലാ തലത്തില്‍ ഡി.എം.ഒ.മാരും ആശുപത്രികളുടെ സൗകര്യങ്ങള്‍ വിലയിരുത്തണം. മെഡിക്കല്‍ കോളേജുകളിലും മറ്റാശുപത്രികളിലും അവലോകനം നടത്തി മേല്‍നടപടികള്‍ സ്വീകരിക്കേണ്ടതാണ്. ജില്ലാ, ജനറല്‍, താലൂക്ക് ആശുപത്രികള്‍ ശക്തിപ്പെടുത്തണം.
ആശുപത്രികള്‍ക്കാവശ്യമായ മരുന്നുകളുടേയും മറ്റ് സുരക്ഷാ ഉപകരണങ്ങളുടേയും കരുതല്‍ ശേഖരം ഉറപ്പ് വരുത്തണം. പീഡിയാട്രിക് സംവിധാനങ്ങള്‍ പൂര്‍ണതോതില്‍ പ്രവര്‍ത്തന സജ്ജമാക്കാന്‍ ഇടപെടല്‍ നടത്തണം. ആശുപത്രികളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് കോട്ടം തട്ടാതെ സമാന്തരമായി മുന്നൊരുക്കം പൂര്‍ത്തിയാക്കണമെന്നും മന്ത്രി നിര്‍ദേശം നല്‍കി.
കോവിഡ് രോഗികളുടെ എണ്ണം കൂടുന്നെങ്കിലും ഐ.സി.യു.വിലും വെന്റിലേറ്ററിലുമുള്ള രോഗികളുടെ എണ്ണം വലുതായി വര്‍ധിക്കുന്നില്ല. രണ്ടാം തരംഗം അതിജീവിക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്ന ഈ സമയത്ത് മൂന്നാം തരംഗം ഉണ്ടാകാതെ എല്ലാവരും ശ്രദ്ധിക്കേണ്ടതാണെന്നും യോഗം വിലയിരുത്തി.
മൂന്നാം തരംഗം മുന്നില്‍ കണ്ട് ആശുപത്രികളില്‍ കിടക്കകള്‍, അടിസ്ഥാന സൗകര്യം എന്നിവ വികസിപ്പിച്ച് വരുന്നതായി വകുപ്പ് മേധാവികള്‍ അറിയിച്ചു. രോഗികളെ പരമാവധി കണ്ടെത്തുന്നതിന് പരിശോധനകള്‍ വര്‍ധിപ്പിക്കുന്നതാണ്. പ്രഥാമികാരോഗ്യ കേന്ദ്രങ്ങള്‍ മുതല്‍ വിവിധ പ്രവര്‍ത്തനങ്ങള്‍ നടന്നു വരുന്നതായി ഡി.എം.ഒ.മാര്‍ അറിയിച്ചു.
കേന്ദ്ര സംസ്ഥാന സര്‍ക്കാരിന്റെ സഹകരണത്തോടെ ജില്ലകളില്‍ ഓക്‌സിജന്‍ ജനറേഷന്‍ യൂണിറ്റുകള്‍ സജ്ജമാക്കി വരുന്നതായി മന്ത്രി അറിയിച്ചു. ആഗസ്റ്റ് മാസത്തില്‍ 33 എണ്ണത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കും. ഓരോ ആശുപത്രികളും കിടക്കകള്‍, ഓക്‌സിജന്‍ ബെഡ്, ഐ.സി.യു. എന്നിവയുടെ എണ്ണം കൃത്യമായി അറിയിക്കേണ്ടതാണ്. ജീവനക്കാരുടെ കുറവ് പരിഹരിക്കാന്‍ അടിയന്തര ഇടപെടലുകള്‍ നടത്തും. വകുപ്പ് മേധാവികള്‍ ഒഴിവുകള്‍ പി.എസ്.സി.യ്ക്ക് റിപ്പോര്‍ട്ട് ചെയ്‌തെന്ന് ഉറപ്പ് വരുത്തണം. അനധികൃത ലീവെടുത്തവര്‍ക്കെതിരെ മേല്‍ നടപടി സ്വീകരിക്കണമെന്നും മന്ത്രി നിര്‍ദേശം നല്‍കി
ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. രാജന്‍ എന്‍ ഖോബ്രഗഡെ, എന്‍.എച്ച്.എം. സ്റ്റേറ്റ് മിഷന്‍ ഡയറക്ടര്‍ ഡോ. രത്തന്‍ ഖേല്‍ക്കര്‍, ആരോഗ്യ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ ഡോ. എ. റംലാ ബീവി, ആരോഗ്യ വകുപ്പ് അഡീഷണല്‍ ഡയറക്ടര്‍മാര്‍, മെഡിക്കല്‍ കോളേജ് ആശുപത്രി പ്രിന്‍സിപ്പള്‍മാര്‍, ആശുപത്രി സൂപ്രണ്ടുമാര്‍, ഡി.എം.ഒ.മാര്‍, ഡി.പി.എം.മാര്‍., ജില്ലാ സര്‍വയലന്‍സ് ഓഫീസര്‍മാര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
സംസ്ഥാനത്ത് ഇന്നലെ 13,984 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 2350, മലപ്പുറം 1925, കോഴിക്കോട് 1772, പാലക്കാട് 1506, എറണാകുളം 1219, കൊല്ലം 949, കണ്ണൂര്‍ 802, കാസര്‍ഗോഡ് 703, കോട്ടയം 673, തിരുവനന്തപുരം 666, ആലപ്പുഴ 659, പത്തനംതിട്ട 301, വയനാട് 263, ഇടുക്കി 196 എന്നിങ്ങനേയാണ് ജില്ലകളില്‍ രോഗ ബാധ സ്ഥിരീകരിച്ചത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 1,27,903 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.93 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 2,75,15,603 സാമ്പിളുകളാണ് പരിശോധിച്ചത്.
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 118 മരണങ്ങളാണ് കൊവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 16,955 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 80 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 13,221 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 604 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. തൃശൂര്‍ 2327, മലപ്പുറം 1885, കോഴിക്കോട് 1734, പാലക്കാട് 1162, എറണാകുളം 1150, കൊല്ലം 945, കണ്ണൂര്‍ 729, കാസര്‍ഗോഡ് 690, കോട്ടയം 628, തിരുവനന്തപുരം 590, ആലപ്പുഴ 636, പത്തനംതിട്ട 292, വയനാട് 262, ഇടുക്കി 191 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.
79 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 20, പാലക്കാട് 19, എറണാകുളം, കാസര്‍ഗോഡ് 8 വീതം, കൊല്ലം, തൃശൂര്‍ 4 വീതം, തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, കോഴിക്കോട് 3 വീതം, ആലപ്പുഴ 2, ഇടുക്കി, വയനാട് 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 15,923 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 931, കൊല്ലം 1317, പത്തനംതിട്ട 445, ആലപ്പുഴ 1006, കോട്ടയം 884, ഇടുക്കി 354, എറണാകുളം 1521, തൃശൂര്‍ 2313, പാലക്കാട് 1309, മലപ്പുറം 2653, കോഴിക്കോട് 1592, വയനാട് 237, കണ്ണൂര്‍ 682, കാസര്‍ഗോഡ് 679 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 1,65,322 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 32,42,684 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 4,62,529 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 4,33,879 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 28,650 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2550 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ടി.പി.ആര്‍. 5ന് താഴെയുള്ള 62, ടി.പി.ആര്‍. 5നും 10നും ഇടയ്ക്കുള്ള 294, ടി.പി.ആര്‍. 10നും 15നും ഇടയ്ക്കുള്ള 355, ടി.പി.ആര്‍. 15ന് മുകളിലുള്ള 323 എന്നിങ്ങനെ തദ്ദേശ സ്വയംഭരണ പ്രദേശങ്ങളാണുള്ളത്.