അബുദാബി:കൊവിഡ് പ്രതിരോധം ലക്ഷ്യമിട്ട് അബുദാബിയില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചു. ബിസിനസ്, വിനോദ പരിപാടികളില്‍ പങ്കെടുക്കുന്ന എല്ലാവര്‍ക്കും കൊവിഡ് പി.സി.ആര്‍ പരിശോധന നിര്‍ബന്ധമാക്കിയിട്ടുണ്ട്. 48 മണിക്കൂറിനിടെ നടത്തിയ കൊവിഡ് പരിശോധനയില്‍ നെഗറ്റീവായിരിക്കണമെന്നാണ് നിബന്ധന.
അബുദാബി സാംസ്‍കാരിക – വിനോദസഞ്ചാര വകുപ്പാണ് (ഡി.സി.റ്റി) പുതിയ നിയന്ത്രണങ്ങള്‍ കൊണ്ടുവന്നത്. വിവിധ പരിപാടികളില്‍ പങ്കെടുക്കാവുന്ന ആളുകളുടെ പരമാവധി എണ്ണത്തിനും പരിധി നിശ്ചയിച്ചിട്ടുണ്ട്. പുതിയ നിയന്ത്രണങ്ങള്‍ ഇന്നു മുതല്‍ പ്രാബല്യത്തില്‍ വന്നു. ട്രേഡ് എക്സിബിഷനുകള്‍, കോണ്‍ഫറന്‍സുകള്‍, വര്‍ക്ക്ഷോപ്പുകള്‍, സെമിനാറുകള്‍, ലൈവ് സംഗീത പരിപാടികള്‍, സ്റ്റേജ് ഷോകള്‍, ഫെസ്റ്റിവലുകള്‍, ബീച്ച് ഇവന്റുകള്‍, ഫെസ്റ്റീവ് മാര്‍ക്കറ്റുകള്‍ എന്നിങ്ങനെയുള്ള എല്ലാ പരിപാടികളിലും പങ്കെടുക്കാനെത്തുന്ന എല്ലാവര്‍ക്കും ഇനി മുതല്‍ പി.സി.ആര്‍ പരിശോധനാ ഫലം നിര്‍ബന്ധമാണ്. എല്ലാ ടൂറിസം സ്ഥാപനങ്ങള്‍ക്കും ഹോട്ടലുകള്‍ക്കും പരിപാടികളുടെ സംഘാടകര്‍ക്കും ഇത് സംബന്ധിച്ചുള്ള സര്‍ക്കുലര്‍ ബാധകമായിരിക്കും.
പ്രൈവറ്റ് ബീച്ചുകളിലും സ്വിമ്മിങ് പൂളുകളിലും ആകെ ശേഷിയുടെ ആറുപത് ശതമാനം പേരെ അനുവദിക്കാം. ബിസിനസ് ഇവന്റുകളില്‍ ആകെ ശേഷിയുടെ 50 ശതമാനം പേര്‍ക്ക് മാത്രമേ അനുമതിയുണ്ടാകൂ. അതേസമയം വിനോദ പരിപാടികളില്‍ 30 ശതമാനം പേരെ മാത്രമേ ഉള്‍ക്കൊള്ളിക്കാവൂ എന്നാണ് നിര്‍ദേശം. നിയമം പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ ഹോട്ടലുകളിലും മറ്റ് ചടങ്ങുകള്‍ നടക്കുന്ന വേദികളിലും ഡി.സി.റ്റി അധികൃതര്‍ പരിശോധന നടത്തും.