ന്യൂഡല്‍ഹി: രാജ്യത്തെ കൊവിഡ് മരണങ്ങളില്‍ 88 ശതമാനവും 45 വയസിനു മുകളിലുള്ളവരാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട്. ഈ പ്രായത്തിലുള്ളവരുടെ മരണനിരക്ക് 2.85 ശതമാനമാണെന്നും ദേശീയ ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണ്‍ അറിയിച്ചു.
കൊവിഡ് ബാധയുമായി ബന്ധപ്പെട്ട് സംരക്ഷിക്കപ്പെടേണ്ട ഏറ്റവും ദുര്‍ബലമായ വിഭാഗമായി ഈ വിഭാഗക്കാര്‍ മാറിയിരിക്കുകയാണ്. കൊവിഡ് കേസുകളില്‍ ഏകദേശം മൂന്ന് ശതമാനം കേസുകളും പ്രധാനമായും രാജ്യത്തെ 10 ജില്ലകളിലാണ് കേന്ദ്രീകരിച്ചിരിക്കുന്നതെന്നും രാജേഷ് ഭൂഷണ്‍ പറഞ്ഞു.
അതേസമയം ആശങ്ക ഉയര്‍ത്തി രാജ്യത്തെ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം കുതിക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 53,476 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഈ വര്‍ഷം ആദ്യമായാണ് പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം അരലക്ഷത്തിന് മുകളിലെത്തുന്നത്.
ഇതോടെ രാജ്യത്തെ ആകെ കോവിഡ് രോഗികളുടെ എണ്ണം 1,17,87,534 ആയി. 24 മണിക്കൂറിനിടെ 251 പേര്‍ രോഗം ബാധിച്ചു മരിച്ചു. ഇതോടെ മരണസംഖ്യ 1,60,692 ആയി ഉയര്‍ന്നു. രാജ്യത്ത് 1,12,31,650 പേര്‍ ഇതുവരെ രോഗമുക്തരായി.
രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലായി3,95,192 പേര്‍ ചികിത്സയില്‍ കഴിയുന്നുണ്ട്. 5,31,45,709 പേര്‍ക്ക് ഇതുവരെ കോവിഡ് വാക്‌സിന്‍ നല്‍കി. മഹാരാഷ്ട്ര, പഞ്ചാബ്. കേരളം, കര്‍ണാടക, ചത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങളിലാണ് കോവിഡ് വ്യാപനം അനിയന്ത്രിതമായി ഉയരുന്നത്.