തിരുവനന്തപുരം:കൊവിഡ് മരണത്തിന്‍റെ കൊവിഡ് മരണക്കണക്ക് സംസ്ഥാന സര്‍ക്കാര്‍ മറച്ചുവയ്ക്കുന്നുവെന്ന് പ്രതിപക്ഷം. ശരിയായ മരണനിരക്ക് സര്‍ക്കാര്‍ ഇപ്പോഴും പുറത്ത് വിട്ടിട്ടില്ല. തദ്ദേശ സ്ഥാപനങ്ങൾ പോലും കൃത്യമായ കണക്ക് പറയുന്നില്ല. സർക്കാരിന്‍റെ വാക്കാലുള്ള നിർദ്ദേശത്തിന്‍റെ അടിസ്ഥാനത്തിൽ ഡോക്ടർമാരും പല മരണങ്ങളും കൊവിഡ് കണക്കിൽ നിന്ന് ഒഴിവാക്കുന്നുവെന്ന് പ്രതിപക്ഷം ആരോപിച്ചു. സംഭവത്തില്‍ നിയമനടപടി ആലോചിക്കുന്നുവെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ മാധ്യമങ്ങളോട് പറഞ്ഞു. മുട്ടിൽ മര മുറി കേസില്‍ പ്രതികളെ സർക്കാർ ഭയക്കുകയാണെന്നും വി ഡി സതീശന്‍ വിമര്‍ശിച്ചു.
സംസ്ഥാനത്തെ കൊവിഡ് ബാധിതരുടെ മരണക്കണക്കുകൾ മറച്ചുവെക്കുന്നെന്ന ആരോപണം പ്രതിപക്ഷം വീണ്ടും ശക്തമാക്കുകയാണ്. മരണങ്ങളുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പുറത്തുവിട്ട കണക്കും ഇൻഫർമേഷൻ കേരള മിഷന്റെ കണക്കുകളും തമ്മിലുള്ള പൊരുത്തക്കേടുകൾ ഉയർത്തിയാണ് പ്രതിപക്ഷം വിമർശനം ഉന്നയിച്ചിരിക്കുന്നത്. ജൂലൈ 13 ന് നൽകിയ വിവരാവകാശ നിയപ്രകാരമുള്ള ചോദ്യത്തിന് ജൂലൈ 23 ന് ലഭിച്ച മറുപടി ഉയർത്തിക്കാട്ടിയാണ് പ്രതിപക്ഷത്തിന്റെ ആരോപണം.
ഇൻഫർമേഷൻ കേരള മിഷൻ നൽകിയ മറുപടി പ്രകാരം സംസ്ഥാനത്ത് 2020 ജനുവരി മുതൽ കൊവിഡ് ബാധിച്ച് മരിച്ചത് 23486 പേരാണ്. എന്നാൽ മുഖ്യമന്ത്രിയുടെ ഓഫീസ് ഇന്നലെ നൽകിയ വാർത്താക്കുറിപ്പിൽ പോലും 16170 പേരുടെ മരണം മാത്രമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതിൽ മാത്രം 7316 ന്റെ കുറവുണ്ട്.