Home-bannerKeralaNews

കേരളത്തില്‍ വീണ്ടും കൊവിഡ് മരണം,മരിച്ചത് നാലുമാസം പ്രായമുള്ള കുഞ്ഞ്

കോഴിക്കോട്: സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് ചികിത്സയിലുണ്ടായിരുന്ന നാല് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു.കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു കുഞ്ഞ്. സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിക്കുന്ന ആദ്യത്തെ കുഞ്ഞാണ്. മഞ്ചേരി സ്വദേശികളുടെ കുഞ്ഞിനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുമ്പോള്‍ത്തന്നെ അതീവഗുരുതരാവസ്ഥയിലായിരുന്നു.

കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഐസൊലേഷന്‍ കേന്ദ്രത്തില്‍ തീവ്രപരിചരണ വിഭാഗത്തിലായിരുന്നു കുഞ്ഞ് ഉണ്ടായിരുന്നത്. ജന്മനാ ആരോഗ്യപ്രശ്‌നങ്ങളുള്ള കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുമ്പോള്‍ തന്നെ അവശനിലയില്‍ ആയിരുന്നെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു. ഹൃദയസംബന്ധമായ അസുഖവും ഭാരക്കുറവും കുഞ്ഞിന് ഉണ്ടായിരുന്നു.

മഞ്ചേരി സ്വദേശിയായ കുഞ്ഞിന്റെ ബന്ധുവിന് നേരത്തെ കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇയാളില്‍ നിന്നാകാം കുഞ്ഞിന് വൈറസ് ബാധയേറ്റതെന്നാണ് സംശയം. എന്നാല്‍ ഇക്കാര്യത്തില്‍ ഇതുവരെ സ്ഥിരീകരണം വന്നിട്ടില്ല. എവിടെ നിന്നാണ് കൃത്യമായി കുഞ്ഞിന് അസുഖം വന്നതെന്ന് ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ഈ ബന്ധു കുഞ്ഞിനെ കാണാന്‍ എത്തിയിട്ടില്ലെന്നാണ് അച്ഛനമ്മമാര്‍ പറയുന്നത്. അസുഖമുള്ള കുട്ടിയായതിനാല്‍ കുഞ്ഞിനെ പുറത്ത് കൊണ്ടുപോയിരുന്നതുമില്ല.

നിരവധി ആരോഗ്യപ്രശ്‌നങ്ങളുള്ള കുട്ടിയെ വിവിധ ആശുപത്രികളില്‍ നേരത്തെ ചികിത്സിച്ചിരുന്നു. ശ്വാസ തടസ്സത്തെ തുടര്‍ന്ന് ഏപ്രില്‍ 17 ന് കുട്ടിയെ മഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ കാണിച്ചിരുന്നു. ന്യുമോണിയ ബാധിച്ചെന്ന് കണ്ടെത്തിയതോടെ അതേദിവസം തന്നെ മഞ്ചേരിയിലെ മറ്റൊരു സ്വകാര്യ ആശുപത്രിയില്‍ കുട്ടിയെ പ്രവേശിപ്പിച്ചു. നാല് ദിവസങ്ങള്‍ക്ക് ശേഷം അപസ്മാരത്തെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button