ബംഗളൂരു: ഇന്ത്യയില്‍ കൊവിഡിന്റെ രണ്ടാം വ്യാപനം മൂലമുള്ള പ്രതിസന്ധി കൂടുതല്‍ രൂക്ഷമായേക്കാമെന്നു പഠനം. വരുന്ന ആഴ്ചകളില്‍ മരണസംഖ്യ ഇരട്ടിയിലധികം കൂടാമെന്നാണ് പ്രവചനം.
ബംഗളൂരുവിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സിലെ ഒരു സംഘം മാത്തമാറ്റിക്കല്‍ മോഡല്‍ അനുസരിച്ചു നടത്തിയ പഠനത്തിലാണ് നിലവിലെ സാഹചര്യം തുടരുകയാണെങ്കില്‍ ജൂണ്‍ പകുതിയോടെ മരണം 4,04,000 വരെ ആകാമെന്ന് പറയുന്നത്.
ഇന്ത്യയെപ്പോലെ വലിയ ജനസംഖ്യയുള്ള രാജ്യത്ത് കോവിഡ് വ്യാപനത്തിന്റെ നിരക്ക് മുന്‍കൂട്ടി പ്രവചിക്കുക ദുഷ്‌കരമെങ്കിലും ശക്തമായ ആരോഗ്യ മുന്‍കരുതലുകള്‍ എടുക്കണമെന്നതിലേക്കാണ് ഈ പഠനം വിരല്‍ ചൂണ്ടുന്നത്.
ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം അമേരിക്കയാണ് മരണസംഖ്യയില്‍ മുന്നില്‍. ഏതാണ്ട് 5,78,000 പേരാണ് അവിടെ മരണത്തിനു കീഴടങ്ങിയത്. ഇന്ത്യ ഈ സംഖ്യ മറികടക്കുമെന്നാണ് പഠനങ്ങള്‍ നല്‍കുന്ന സൂചന. അടുത്ത നാലുമുതല്‍ ആറുവരെ ആഴ്ചക്കാലം രാജ്യത്തിന് ഏറ്റവും ദുഷ്‌കരമാകാനാണ് സാധ്യത.