ഏറ്റുമാനൂര്‍: ഏറ്റുമാനൂര്‍ മത്സ്യമാര്‍ക്കറ്റില്‍ മീന്‍ എടുത്ത് വാഹനത്തില്‍ കച്ചവടം നടത്തുന്ന ഒരാള്‍ക്കും ചുമട്ടുതൊഴിലാളിക്കും കോവിഡ് സ്ഥിരീകരിച്ചു. ചുമട്ടുതൊഴിലാളിയായ ഏറ്റുമാനൂര്‍ മംഗലം കലുങ്ക് സ്വദേശിയായ 35കാരനും മത്സ്യവ്യാപാരിയായ ഓണംതുരുത്ത് സ്വദേശി 56കാരനുമാണ് ഇന്ന് പുലര്‍ച്ചെ മാര്‍ക്കറ്റില്‍ നടത്തിയ പരിശോധനയില്‍ രോഗം സ്ഥിരീകരിച്ചത്. ഇരുവരെയും പള്ളിക്കത്തോട്ടിലുള്ള കോവിഡ് സെന്ററിലേക്ക് മാറ്റി.
മംഗലം കലുങ്ക് സ്വദേശി പനിയും ചുമയും അനുഭവപ്പെട്ടതിനെതുടര്‍ന്ന് ജൂലൈ 13ന് വൈകിട്ട് 6.30 മണിയോടെ ഏറ്റുമാനൂര്‍ സാമൂഹികാരോഗ്യകേന്ദ്രത്തില്‍ എത്തി മരുന്ന് വാങ്ങിയിരുന്നു. ഇയാളെ പരിശോധിച്ച ഡോക്ടറും ആ സമയത്ത് അവിടെയുണ്ടായിരുന്ന ജീവനക്കാരും ഉള്‍പ്പെടെ ക്വാറന്റയിനില്‍ പോകേണ്ടി വന്നേക്കും. ഓണംതുരുത്ത് സ്വദേശിക്ക് രോഗലക്ഷണം ഉണ്ടായിരുന്നില്ല.
ഇന്ന് കോവിഡ് സ്ഥിരീകരിച്ച രണ്ട് പേരുടെയും രോഗത്തിന്റെ ഉറവിടം കണ്ടെത്തിയിട്ടില്ല. വീടുകള്‍ വഴി വാഹനത്തില്‍ മീന്‍ വിപണനം നടത്തുന്നയാളാണ് ഒരാള്‍ എന്നതിനാല്‍ അടുത്ത ദിവസങ്ങളില്‍ ഇയാളുടെ പക്കല്‍ നിന്നും മത്സ്യം വാങ്ങിയവര്‍ ഉള്‍പ്പെടെ ക്വാറന്റയിനില്‍ പോകേണ്ടി വന്നേക്കും. ഇരുവരുടെയും സമ്പര്‍ക്കപ്പട്ടിക ഇന്ന് തന്നെ പ്രസിദ്ധീകരിക്കും. ഇവരുടെ കുടുംബാംഗങ്ങളെ ഇന്ന് കോവിഡ് പരിശോധനയ്ക്ക് വിധേയമാക്കുമെന്നാണ് അറിയുന്നത്. മത്സ്യമാര്‍ക്കറ്റില്‍ 48 പേരെ പരിശോധനയ്ക്ക് വിധേയമാക്കി.
നേരത്തെ ഏറ്റുമാനൂര്‍ ക്ഷേത്രത്തിലെ കീഴ്ശാന്തിയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചതിനേത്തുടര്‍ന്ന് മേല്‍ശാന്തിയും സഹായിയും നിരീക്ഷണത്തില്‍ പോയിരുന്നു.