അയോധ്യയില്‍ രാമജന്മ ഭൂമിയില്‍ പൂജാരിക്കും പോലീസ് ഉദ്യോഗസ്ഥനും കൊവിഡ് സ്ഥിരീകരിച്ചു

ലക്‌നോ: അയോധ്യയിലെ രാമക്ഷേത്രം നിര്‍മിക്കുന്ന സ്ഥലത്ത് ഒരു പൂജാരിക്കും 16 പോലീസ് ഉദ്യോഗസ്ഥര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു. ഓഗസ്റ്റ് അഞ്ചിന് ക്ഷേത്രത്തിന്റെ തറക്കല്ലിടീല്‍ ചടങ്ങ് നടക്കാനിരിക്കെയാണ് സംഭവം. ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉള്‍പ്പടെ 50 പ്രമുഖര്‍ പങ്കെടുക്കുമെന്നാണ് വിവരം.

രാമ ജന്മഭൂമിയില്‍ സുരക്ഷാ ജോലിയില്‍ ഏര്‍പ്പെട്ടിരുന്നവരാണ് രോഗം ബാധിച്ച പോലീസ് ഉദ്യോഗസ്ഥര്‍. ഓഗസ്റ്റ് അഞ്ചിന് തറക്കല്ലിടീല്‍ ചടങ്ങ് നടക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞ ശനിയാഴ്ച യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സ്ഥലം സന്ദര്‍ശിച്ചിരുന്നു. അന്ന് നടന്ന പൂജ ചടങ്ങില്‍ കൊവിഡ് ബാധിച്ച പൂജാരി പ്രദീപ് ദാസ് യോഗി ആദിത്യനാഥിനൊപ്പം നില്‍ക്കുന്ന ചിത്രം ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

ഓഗസ്റ്റ് അഞ്ചിന് നടക്കുന്ന ചടങ്ങില്‍ കാര്‍മികത്വത്തിന് നേതൃത്വം നല്‍കുന്ന പൂജാരി സത്യേന്ദ്ര ദാസും ഇദ്ദേഹത്തിനൊപ്പം ചിത്രത്തിലുണ്ട്. എന്നാല്‍ സുരക്ഷാ മാനദണ്ഡം സ്വീകരിച്ച് തീരുമാനിച്ചതു പോലെ തന്നെ ഓഗസ്റ്റ് അഞ്ചിലെ ചടങ്ങുകള്‍ നടത്തുമെന്ന് അധികൃതര്‍ അറിയിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News