ചെന്നൈ: തെരഞ്ഞെടുപ്പ് കാലത്ത് കൊവിഡ് പിടിപ്പെട്ടതിനെ തുടര്‍ന്ന് പ്രചാരണം ഡിജിറ്റലാക്കി തമിഴ്‌നാട്ടിയെ മലയാളി സ്ഥാനാര്‍ത്ഥി. ചെന്നൈ വേളാച്ചരിയിലെ മക്കള്‍ നീതി മയ്യം സ്ഥാനാര്‍ത്ഥി സന്തോഷ് ബാബുവാണ് ഡിജിറ്റല്‍ പ്രചാരണരീതി കൊണ്ട് ഈ മഹാമാരി കാലത്തെ അതിജീവിക്കുന്നത്. സന്തോഷ് ബാബുവിന് വോട്ട് അഭ്യര്‍ത്ഥിച്ച് ഒരു കൂട്ടം മലയാളികളും രംഗത്തുണ്ട്.
തമിഴ്നാട്ടിലെ മുന്‍ ഐഎഎസ് ഉദ്യോഗസ്ഥനായ സന്തോഷ് ബാബു തിരുവനന്തപുരം പട്ടം സ്വദേശിയാണ്. മക്കള്‍ നീതി മയ്യത്തിന്റെ ജനറല്‍ സെക്രട്ടറി കൂടിയാണ് സന്തോഷ് ബാബു. പ്രചാരണവുമായി മുന്നോട്ടുപോകുന്നതിനിടെ കൊവിഡ് പിടിപെട്ടു. പിന്നീടങ്ങോട്ട് പ്രചാരണം ഡിജിറ്റലായി. സജീവമായി രംഗത്തുള്ള മക്കള്‍ നീതി മയ്യം പ്രവര്‍ത്തകര്‍ തെരുവുകളില്‍ എല്‍ഇഡി സ്‌ക്രീന്‍ സ്ഥാപിച്ചും വോട്ടര്‍മാരോട് വിഡിയോ കോള്‍ വഴി സംസാരിച്ചും സ്ഥാനാര്‍ത്ഥി വോട്ടുറപ്പിക്കുന്നു.
കനത്ത ചൂടിനെ അവഗണിച്ച് സന്തോഷ് ബാബുവിന് വേണ്ടി വോട്ട് അഭ്യര്‍ത്ഥിച്ച് ചെന്നൈ മലയാളികളും രംഗത്തുണ്ട്. ഓരോ വാര്‍ഡുകളിലും ജനങ്ങളുടെ ആവശ്യമനുസരിച്ച് പ്രത്യേക പ്രകടനപത്രിക ഇറക്കി സന്തോഷ് കുമാര്‍ ശ്രദ്ധ പിടിച്ചുപറ്റി. 2016ല്‍ ഡിഎംകെ ജയിച്ച മണ്ഡലത്തില്‍ ഇത്തവണ സഖ്യകക്ഷിയായ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാണ് പ്രധാന എതിരാളി.
തൊടുപുഴയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെഐ ആന്‍റണിക്ക് കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ചിരുന്നു.പ്രചാരണ പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകുന്നതിനിടെയാണ് ജോസ് കെ മാണി വിഭാഗം നേതാവിന് കൊവിഡ് സ്ഥിരീകരിച്ചത്. പ്രചാരണം നിർത്തിയ ആന്‍റണി നിരീക്ഷണത്തിലേക്ക് മാറിയിരുന്നു.
ആന്‍റണിയുടെ ഭാര്യയ്ക്കും മകനും കൊവിഡ് സ്ഥീരീകരിച്ചിരുന്നു. ഇതിന് പിന്നാലെ കഴിഞ്ഞ ദിവസമാണ് ആന്‍റണി ആർടിപിസിആർ പരിശോധന നടത്തിയത്. ആന്‍റണി നിരീക്ഷണത്തിലേക്ക് മാറിയതോടെ പ്രവർത്തകരാണിപ്പോൾ പ്രചാരണം നയിക്കുന്നത്.
തൊടുപുഴയിലെ യുഡിഎഫ് സ്ഥാനാർഥി പിജെ ജോസഫിനും നേരത്തെ കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഒരു മാസത്തോളം നിരീക്ഷണത്തിൽ കഴിഞ്ഞ ശേഷമായിരുന്നു അദ്ദേഹം തെരഞ്ഞെടുപ്പ് രംഗത്തേക്കിറങ്ങിയത്. യുഡിഎഫ് പ്രവർത്തകരായിരുന്നു ഈ സമയം പ്രചാരണം നയിച്ചിരുന്നത്. കഴിഞ്ഞ ദിവസം രാഹുൽ ഗാന്ധി പങ്കെടുത്ത സമ്മേളനത്തോടെയാണ് പിജെ ജോസഫ് പ്രചാരണത്തിൽ സജീവമായത്.