രാജ്യത്ത് കൊവിഡ് ബാധിതര്‍ പെരുകുന്നു,മഹാരാഷ്ട്രയില്‍ 6721 രോഗികള്‍,കര്‍ണാടകത്തില്‍ ഇന്നലെ മരിച്ചത് 87 പേര്‍

ഡല്‍ഹി രാജ്യത്ത് കൊവിഡ് രോഗബാധിതരുടെ എണ്ണം ആശങ്കാജനകമായി വര്‍ദ്ധിയ്ക്കുന്നു. സംസ്ഥാനങ്ങള്‍ പുറത്ത് വിട്ട കണക്ക് പ്രകാരം ആകെ രോഗികളുടെ എണ്ണം ഇന്ന് ഒന്പത് ലക്ഷത്തി മുപ്പത്തി മൂവായിരത്തില്‍ എത്തിയേക്കും. മഹാരാഷ്ട്രയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ 6741 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. തമിഴ്‌നാട്ടില്‍ തുടര്‍ച്ചയായി നാലായിരത്തിലേറെ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഉത്തര്‍പ്രദേശ്, ബിഹാര്‍, ആന്ധ്രപ്രദേശ് എന്നിവിടങ്ങളില്‍ ഏറ്റവും ഉയര്‍ന്ന പ്രതിദിന രോഗബാധയാണ് റിപ്പോര്‍ട്ട് ചെയ്തത്. മരണസംഖ്യ ഇന്നും അഞ്ഞൂറ് കടന്നേക്കും. രാജ്യത്തെ കൊവിഡ് രോഗികളുടെ 86 ശതമാനവും പത്ത് സംസ്ഥാനങ്ങളിലാണെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്ക്.

ഇരുപത് സംസ്ഥാനങ്ങളില്‍ രോഗമുക്തി നിരക്ക് ദേശീയ ശരാശരിയേക്കാള്‍ മുകളിലാണെന്നും മന്ത്രാലയം വ്യക്തമാക്കി. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ പാര്‍ലമെന്റിന്റെ ആഭ്യന്തര മന്ത്രാലയ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ഇന്ന് യോഗം ചേരും.

കൊവിഡ് വ്യാപനം രൂക്ഷമായ കര്‍ണാടകത്തിലെ രണ്ട് ജില്ലകളില്‍ വീണ്ടും ഒരാഴ്ചത്തേക്ക് സമ്പൂര്‍ണ്ണ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തി. ബെംഗളൂരു അര്‍ബന്‍ , റൂറല്‍ ജില്ലകളാണ് പൂര്‍ണമായും അടച്ചിടുന്നത്. ഇന്നലെ മാത്രം 87 പേരാണ് സംസ്ഥാനത്ത് രോഗം ബാധിച്ചു മരിച്ചത്. നിലവില്‍ രാജ്യത്ത് ചികിത്സയിലുള്ളവരുടെ എണ്ണത്തില്‍ മൂന്നാം സ്ഥാനത്താണ് കര്‍ണാടക. രോഗവ്യാപനം രൂക്ഷമായ മറ്റു ജില്ലകളിലും ലോക് ഡൗണ്‍ നടപ്പാക്കാനൊരുങ്ങുകയാണ് സര്‍ക്കാര്‍.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News