കൊവിഡ് ബാധിതര്‍ 20 ലക്ഷം പിന്നിട്ടും,മഹാമാരിയില്‍ മരണം 1.26 ലക്ഷം

ഡല്‍ഹി:കൊവിഡ് 19 രോഗബാധയേത്തുടര്‍ന്ന് ലോകമെമ്പാടും മരിച്ചവരുടെ എണ്ണം 1.26 ലക്ഷം പിന്നിട്ടു.രോഗബാധിതര്‍ 20 ലക്ഷത്തിനുമേല്‍ ആയി. അമേരിക്കയില്‍ മാത്രം കാല്‍ ലക്ഷത്തിലധികം പേരാണ് ഇതുവരെ മരിച്ചത്. ഇരുപത്തിനാല് മണിക്കൂറിനുള്ളില്‍ 2284 പേര്‍ മരിച്ചു. ബ്രിട്ടണില്‍ രോഗബാധിതരുടെ എണ്ണം ഒരുലക്ഷത്തിലേക്ക് അടുക്കുകയാണ്.

ലോകാരോഗ്യ സംഘടനക്കുള്ള വാര്‍ഷിക ധന സഹായം അമേരിക്ക താല്‍ക്കാലികമായി നിര്‍ത്തി. കൊവിഡ് മഹാമാരി തടയുന്നതില്‍ ഗുരുതരമായ വീഴ്ച്ച വരുത്തിയ ലോകാരോഗ്യ സംഘടന ചൈനയുടെ താല്പര്യങ്ങള്‍ക്ക് അനുസൃതമായി മാത്രമാണ് പ്രവര്‍ത്തിച്ചതെന്ന് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ആരോപിച്ചു.

ഇന്ത്യയില്‍ കൊവിഡ് രോഗികളുടെ എണ്ണം പതിനൊന്നായിരത്തിലേക്ക് കടക്കുകയാണ്. ഇപ്പോള്‍ 10,815 പേരാണ് കൊവിഡ് രോഗം ബാധിച്ചത്. മരണം 353 ആയി. കര്‍ണാടകത്തില്‍ കൊവിഡ് മരണം പത്തായി. ഇന്നലെ മാത്രം നാല് പേരാണ് സംസ്ഥാനത്ത് മരിച്ചത്. ബെംഗളൂരുവില്‍ 38 കൊവിഡ് തീവ്രബാധിത പ്രദേശങ്ങളാണ് ഉള്ളത്. ആന്ധ്ര പ്രദേശില്‍ ഇന്നലെ രണ്ട് പേര്‍ കൂടി മരിച്ചതോടെ ആകെ മരണം ഒന്‍പതായി. തെലങ്കാനയില്‍ 18 പേരാണ് ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചത്.

മെയ് മൂന്ന് വരെ ദേശീയ ലോക്ക്ഡൗണ്‍ നീട്ടുന്നതിന്റെ ഭാഗമായി പുതുക്കിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ ഇന്ന് പുറത്തിറക്കും. ഏപ്രില്‍ ഇരുപതിന് ചില മേഖലകള്‍ക്ക് ഇളവ് നല്‍കുന്നതടക്കമുള്ള നിര്‍ദ്ദേശങ്ങള്‍ ഇന്ന് കേന്ദ്രം നല്‍കും. ഇന്ന് കേന്ദ്ര മന്ത്രിസഭാ യോഗവും ചേരുന്നുണ്ട്. സാമ്പത്തിക പ്രതിസന്ധിയും മന്ത്രിസഭ ചര്‍ച്ച ചെയ്യും. ഇതരസംസ്ഥാന തൊഴിലാളികളുടെ പ്രതിഷേധം വിലയിരുത്താന്‍ ആഭ്യന്തരമന്ത്രാലയത്തിലും യോഗം നടക്കും

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News