ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം നാലു ലക്ഷം കടന്നു. വെറും എട്ടുദിവസം കൊണ്ടാണ് മൂന്ന് ലക്ഷത്തില്‍ നിന്ന് നാല് ലക്ഷത്തിലേക്ക് രോഗബാധിതരുടെ എണ്ണം എത്തിയത് എന്നത് ആശങ്കയ്ക്ക് വഴിവെച്ചിട്ടുണ്ട്. ഇതുവരെ 4,10,461 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ 15,413 പോസിറ്റീവ് കേസുകളും 306 മരണവും റിപ്പോര്‍ട്ട് ചെയ്തു.
രാജ്യത്ത് ആദ്യം കൊവിഡ് കേസ് റിപ്പോര്‍ട്ട് ചെയ്തത് ജനുവരി 30 നാണ്. 143 ദിവസം പിന്നിടുമ്പോള്‍ ആകെ കൊവിഡ് കേസുകളുടെ എണ്ണം നാലുലക്ഷം കടന്നു. പ്രതിദിനം റിപ്പോര്‍ട്ട് ചെയ്യുന്ന കേസുകളുടെ എണ്ണം വര്‍ധിക്കുകയാണ്. പുതിയ കേസുകളില്‍ ഭൂരിഭാഗവും മഹാരാഷ്ട്ര, തമിഴ്നാട്, ഡല്‍ഹി സംസ്ഥാനങ്ങളില്‍ നിന്നാണ്.
മരണസംഖ്യയില്‍ ഇന്ന് കുറവ് ഉണ്ടായിട്ടുണ്ട്. രോഗമുക്തരായവരുടെ എണ്ണം കൂടുന്നുണ്ട്. രോഗമുക്തി നിരക്ക് 55.49 ശതമാനമായി ഉയര്‍ന്നു. 2,27,755 പേര്‍ രോഗമുക്തരായി മാറി. മഹാരാഷ്ട്രയില്‍ 3874 പേര്‍ക്ക് 24 മണിക്കൂറിനിടെ കൊവിഡ് സ്ഥിരീകരിച്ചു. തമിഴ്നാട്ടില്‍ 2396 കേസുകളും ഡല്‍ഹിയില്‍ 3630 കേസുകളും 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്തു.