സംസ്ഥാനത്ത് ഇന്ന് 19 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു

തിരുവനന്തപുരം: ഇന്ന് കേരളത്തില്‍ 19 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 9 പേരും കാസറഗോഡ്, മലപ്പുറം എന്നീ ജില്ലകളില്‍ നിന്നുള്ള 3 പേര്‍ വീതവും തൃശൂര്‍ നിന്നുള്ള 2 വ്യക്തികള്‍ക്കും ഇടുക്കി, വയനാട് ജില്ലയില്‍ നിന്നുള്ള ഒരാള്‍ക്കും വീതവുമാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ കേരളത്തില്‍ 137 പേര്‍ക്കാണ് ഇതുവരെ രോഗബാധ സ്ഥിരീകരിച്ചത്. എറണാകുളത്ത് ചികിത്സയിലായിരുന്ന 3 കണ്ണൂര്‍ സ്വദേശികളേയും 2 വിദേശ പൗരന്‍മാരെയും ആണ് ഇന്ന് ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തത്. പത്തനംതിട്ടയില്‍ ചികിത്സയില്‍ ആയിരുന്ന ഒരാളുടെ പരിശോധനാഫലം നെഗറ്റീവ് ആയിട്ടുണ്ട്. നിലവില്‍ 126 പേരാണ് സംസ്ഥാനത്തെ വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളത്.

196 ലോക രാജ്യങ്ങളില്‍ കോവിഡ് 19 പടര്‍ന്നു പിടിച്ച സാഹചര്യത്തിലും കേരളത്തില്‍ രോഗം സ്ഥിരീകരിച്ച സാഹചര്യത്തിലും സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,02,003 പേര്‍ നിരീക്ഷണത്തിലാണ്. ഇവരില്‍ 1,01,402 പേര്‍ വീടുകളിലും 601 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 136 പേരെയാണ് ഇന്ന് ആശുപത്രികളില്‍ അഡ്മിറ്റാക്കിയത്. രോഗലക്ഷണങ്ങള്‍ ഉള്ള 5342 വ്യക്തികളുടെ സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതില്‍ ലഭ്യമായ 3768 സാമ്പിളുകളുടെ പരിശോധനാ ഫലം നെഗറ്റിവ് ആണ്.

പത്രസമ്മേളനത്തില്‍ ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍, റവന്യൂ വകുപ്പ് മന്ത്രി ഇ. ചന്ദ്രശേഖരന്‍ എന്നിവര്‍ പങ്കെടുത്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News