തിരുവനന്തപുരം: സംസ്ഥാനത്തെ കൊറോണ ബാധയെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ഇന്ന് സര്‍വകക്ഷി യോഗം. വൈകിട്ട് 4ന് തിരുവനന്തപുരം മാസ്‌ക്കറ്റ് ഹോട്ടലിലാണ് യോഗം. യോഗത്തില്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍ പങ്കെടുക്കും. കൊറോണ ബാധിതനായ ഇറ്റലി സ്വദേശി താമസിച്ച വര്‍ക്കലയില്‍ ടൂറിസം മന്ത്രി കടകം പള്ളി സുരേന്ദ്രന്റെ സാന്നിധ്യത്തിലും യോഗം ചേരുന്നുണ്ട്
സംസ്ഥാനത്ത് കൊറോണ ബാധിതരുടെ എണ്ണം കൂടുന്നതിനിടെ ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ തിരുവനന്തപുരത്ത് ചേരുന്ന സര്‍വകക്ഷി യോഗം ചര്‍ച്ച ചെയ്യും. സെന്‍സസുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനാണ് സര്‍വകക്ഷി യോഗം വിളിച്ചിരുന്നത്. കൊറോണ ഭീതിയുടെ പശ്ചാത്തലത്തില്‍ ഇക്കാര്യവും യോഗത്തിന്റെ പരിഗണനാ വിഷയമാക്കുകയായിരുന്നു.
കൊറോണ ബാധിതരെ കണ്ടെത്തുന്നതിലും നിരീക്ഷിക്കുന്നതിലും സര്‍ക്കാരിന് വീഴ്ചയുണ്ടായെന്ന് പ്രതിപക്ഷം ആരോപിച്ചിരുന്നു. സര്‍വകക്ഷി യോഗത്തില്‍ ഇക്കാര്യം അവര്‍ ആവര്‍ത്തിക്കും. സര്‍ക്കാരാകട്ടെ കൊറോണ വ്യാപകമാകാതിരിക്കാന്‍ സ്വീകരിച്ച നടപടികള്‍ വിശദീകരിക്കും. കൊറോണ ബാധിതനായ ഇറ്റലി സ്വദേശി താമസിച്ച വര്‍ക്കലയില്‍ ആശങ്ക അകറ്റാനും തുടര്‍ നടപടികള്‍ തീരുമാനിക്കാനും യോഗം ചേരുന്നുണ്ട്. തിരുവനന്തപുരം ജില്ലയിലെ എംഎല്‍എമാരുടെ യോഗവും ഇന്ന് സര്‍ക്കാര്‍ വിളിച്ചിട്ടുണ്ട്.